തിരുവനന്തപുരം: കോവിഡ് മരണത്തിൽ നിർണ്ണായക വിവരാവകാശ രേഖ പുറത്തു വിട്ട് പ്രതിപക്ഷം. ഇൻഫർമേഷൻ കേരളാ മിഷനിൽ നിന്നുള്ള കണക്കുകളാണ് പുറത്തു വിട്ടത്. ഈ മാസം 13നാണ് വിവരാവകാശം ചോദിച്ചത്. 23ന് മറുപടി കിട്ടി. ഇതു പ്രകാരം 23721 പേർ കോവിഡിൽ മരിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ നൽകിയ വാർത്ത കുറിപ്പ് പ്രകാരം ആകെ മരണം 16170 ആണ്. കോവിഡ് മരണ സംഖ്യയിൽ 7316 മരണത്തിന്റെ കുറവാണുള്ളത്.

കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. മാനദണ്ഡമാണ് പരാതിക്ക് ഇടയാക്കിയത്. അതിൽ മാറ്റം വരുത്തി. ജില്ലാ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണക്കാക്കുന്നത്. കോവിഡ് അല്ലാത്ത മരണങ്ങളും ഉണ്ടാകുന്നുണ്ട്. എന്നിട്ടും മരണ നിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. മരണനിരക്ക് രേഖപ്പെടുത്തുന്നതിൽ എതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിലും അതു പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം വാദങ്ങളെ അപ്രസക്തമാക്കുന്നതാണ് വിവരാവകാശ രേഖ.

2020ലും 2021ലും ഓരോ ജില്ലയിലെ മരണക്കണക്കും വിവരാവകാശത്തിലൂടെ നൽകിയിട്ടുണ്ട്. സർക്കാർ പുറത്തു വിടുന്ന ദൈനംദിന കണക്കുകളോട് ചേർന്ന് നിൽക്കാത്തതാണ് ഈ വിവരങ്ങൾ. ഇൻഫർമേഷൻ കേരളാ മിഷനാണ് കോവിഡ് കണക്കുകളും മറ്റും കൈകാര്യം ചെയ്യുന്നത്. ഇവിടെയുള്ള കണക്ക് എന്തുകൊണ്ട് കോവിഡ് മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. മരണ നിരക്ക് കുറച്ചു കാട്ടി കൈയടി നേടാൻ കള്ളക്കണക്കുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രചരിപ്പിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

കോവിഡ് മരണക്കണക്കുകൾ സർക്കാർ കുറച്ചുകാണിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു ഇതിന്റെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ ആക്രമണം നേരിട്ടിരുന്നുവെന്ന് ഡോ.എസ്.എസ്. ലാൽ പറഞ്ഞിരുന്നു. മരണ നിരക്ക് കുറച്ചു കാണിക്കാൻ സർക്കാരിൽ നിന്ന് ചില പ്രധാന സർക്കാർ ആശുപത്രികളിലേയ്ക്ക് കൃത്യമായ നിർദ്ദേശം പോയിരുന്നു. മരിക്കുന്ന വ്യക്തിക്ക് മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കിൽ മരണ കാരണമായി ആ രോഗം കാണിക്കണമെന്നായിരുന്നു നിർദ്ദേശം-ഇതായിരുന്നു ലാലിന്റെ ആരോപണം. എന്നാൽ അതിന് അപ്പുറത്തേക്ക് കണക്ക് കിട്ടിയിട്ടും മറച്ചു വയ്ക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. കോൺഗ്രസ് നേതാവ് പ്രാൺകുമാറാണ് ഈ വിവരാവകാശ രേഖ നേടിയതും.

കോവിഡ് വിഷയത്തിൽ നിയമസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടിയന്തര പ്രമേയ നോട്ടീസ് ഇന്ന് നൽകിയിരുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളം പൊളിഞ്ഞുപാളീസ് ആയെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ലോകത്തിലെ എറ്റവും മോശം അവസ്ഥയാണ് നിലവിൽ കേരളത്തിലെന്ന് പറയുമ്പോൾ, നല്ലതു കൂടി കാണാൻ പ്രതിപക്ഷത്തിന് കഴിയണമെന്ന് ധനമന്ത്രി കെ. ബാലഗോപാൽ ഓർമിപ്പിച്ചു. നാട് എന്തോ ആയിക്കോട്ടെ എന്ന ചിന്തയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇതിന് ശേഷമാണ് കോവിഡിലെ വിവരാവകാശ രേഖ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യാപാരികൾ, കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർക്കും അങ്ങനെ ആരും തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലല്ല ഉള്ളത്. എല്ലാവരും വലിയ ദുരിതത്തിലാണ്. ഇത് പരിഹരിക്കാൻ സർക്കാർ ജനങ്ങൾക്ക് നേരിട്ട് പണം നൽകണമെന്ന ആവശ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു. ഒരാൾക്ക് അയ്യായിരം രൂപ വീതം നൽകണമെന്ന് ഹരിപ്പാട് എംഎ‍ൽഎ. രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സർക്കാരിനെ കുറ്റംപറയാൻ വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ യഥാർഥ സാഹചര്യം ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതിന് മറുപടിയായി ധനമന്ത്രി ബാലഗോപാൽ, സർക്കാർ ചെയ്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു. ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്നാൽ കേരളത്തിൽ ജനങ്ങൾക്ക് സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പെടെ പ്രതിമാസം 1,600 കോടിരൂപയുടെ പെൻഷൻ മാത്രം വിതരണം ചെയ്യുന്നുണ്ട്. കഴിയുന്ന തരത്തിലെല്ലാം ജനങ്ങളെ സഹായിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാതെ കുറ്റം മാത്രം പറഞ്ഞുപോകുന്നത് ശരിയല്ല. കോവിഡ് കാലം കടന്നുകിട്ടാൻ എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനമന്ത്രിക്കു പിന്നാലെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു. നാട് എങ്ങോട്ടോ പൊയ്ക്കോട്ടെ, സർക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 49 ശതമാനം പേർക്കു മാത്രമാണ് കോവിഡ് വന്നിട്ടുള്ളത്. അത്തരത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും 80 ശതമാനത്തോളം ആളുകൾക്കും കോവിഡ് വന്നുപോയിട്ടുണ്ട്. അതിനാൽ അവിടങ്ങളിൽ മഹാമാരി ഒഴിഞ്ഞുപോകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. പത്തുലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ കെട്ടിക്കിടക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞദിവസം സംസ്ഥാനത്ത് അഞ്ചുലക്ഷം ഡോസ് വാക്സിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ സംസ്ഥാനത്ത് വാക്സിൻ ഇല്ലാത്ത സാഹചര്യമാണുള്ളത്. അതാണ് വസ്തുത. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം എന്ന കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.