ലണ്ടൻ: അന്ന് ബിബിസി പറഞ്ഞപ്പോൾ കേരളത്തിൽ ആർക്കുമത്ര പിടിച്ചില്ല. ആറു മണി വാർത്ത സമ്മേളനത്തിൽ തരിച്ചിരുന്നു കോൾമയിർക്കൊണ്ടിരുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ച ഒരു കള്ളക്കഥ. അങ്ങനെയാണ് കേരളം കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നു എന്ന സ്‌കൂപ് വാർത്തയുമായി കഴിഞ്ഞ വര്ഷം നവംബറിൽ വന്ന ബിബിസിയെ കേരള സർക്കാർ നേരിട്ടത്. ഒരു തിരഞ്ഞെടുപ്പിന് മുന്നിൽ നിന്ന സർക്കാരിന് അതിനു ആവശ്യമായ ന്യായം ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ മാധ്യമങ്ങളും പൊതു സമൂഹവും ആ നിർണായക വെളിപ്പെടുത്തലിനു നൽകിയ നിസ്സംഗതയുടെ ഇന്നത്തെ വിലയാണ് 42500 ലധികം കോവിഡ് മരണങ്ങൾ. കേന്ദ്ര സർക്കാകർ മാനദണ്ഡം അനുസരിച്ചു കോവിഡ് മരണം ഉണ്ടായ അവകാശികൾക്ക് 50000 രൂപയുടെ ധനസഹായം ലഭിക്കും എന്ന് വക്തമായപ്പോൾ കഴിഞ്ഞ മാസം മാത്രം കേരളക്കണക്കിൽ കൂട്ടിച്ചേർക്കപ്പെട്ടതു 10000 മരണങ്ങളാണ്. ഇനിയും എത്ര മരണങ്ങൾ അധികമായി ചേർക്കപ്പെടും എന്ന കാര്യത്തിൽ ഒരുത്തരവും ഇല്ലെങ്കിലും ഇത് സംബന്ധിച്ച ഒരു ചോദ്യവും വിമര്ശകല്മകമായി കേരളത്തിൽ ഉയരുന്നില്ല എന്നതാണ് കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നത്.

ഒളിച്ചു വച്ചതൊക്കെ മറനീക്കി പുറത്തേക്ക്

അതായതു ആകെ മരണങ്ങളുടെ നാലിൽ ഒന്നും സംഭവിച്ചത് ഇക്കഴിഞ്ഞ നംവബറിൽ ആണെന്ന് വിലയിരുത്തേണ്ടി വരും. എന്നാൽ സത്യം അതെല്ലെന്നു ഏവർക്കും വക്തമായറിയാം. ഒരു കൊല്ലം മുൻപ് വരെ സംഭവിച്ച മരണങ്ങളും ഈ കണക്കിൽ ഉണ്ട് . അതായതു മറച്ചു വയ്ക്കപ്പെട്ട മരണങ്ങൾ തന്നെ. ഒടുവിൽ ധനസഹായം ലഭിക്കും എന്നായപ്പോൾ ബന്ധുക്കൾക്കും കോവിഡ് മരണം എന്ന് പറയാൻ മടിയില്ല, സാക്ഷ്യപത്രം നല്കാൻ സർക്കാരും തയ്യാറാണ് / എങ്കിൽ ഒന്നാം തരംഗത്തിൽ മൂന്നിൽ രണ്ടു മരണങ്ങളും മറച്ചു വച്ചതിനു ചുരുങ്ങിയ പക്ഷം ഒരു മാപ്പ് പറച്ചിൽ എങ്കിലും കേരള സർക്കാർ നടത്തുമോ? ആഴ്ചകളോളം കേരളത്തിലെ വിവിധ ജില്ലകളിൽ രഹസ്യമായി തങ്ങി പ്രാദേശിക മാധ്യമങ്ങളിൽ വന്ന മരണ റിപ്പോർട്ടുകളും പ്രാദേശിക ആശുപത്രികളിൽ നിന്നും സംഘടിപ്പിച്ച കണക്കുകളും ചേർത്ത് കഴിഞ്ഞ വര്ഷം നവംബറിൽ ബിബിസി 3356 കോവിഡ് മരണങ്ങൾ കേരളത്തിൽ സംഭവിച്ചു എന്ന് പറഞ്ഞപ്പോൾ നെറ്റിചുളിച്ചവരാണ് അധികവും.

കാരണം അന്ന് സർക്കാർ കണക്കിൽ മരണം 1900 പിന്നിട്ടതേയുള്ളൂ . കോവിഡ് ബാധിച്ചു നെഗറ്റീവ് ആകുകയും പിന്നീട് ആശുപത്രി വാസത്തിൽ തന്നെ ന്യുമോണിയ പിടിപെട്ടു ആയിരങ്ങൾ മരിച്ചെങ്കിലും അതൊന്നും സർക്കാരിന്റെ കണ്ണിൽ കോവിഡ് മരണങ്ങളായില്ല. യുകെയിൽ അടക്കം കോവിഡ് പിടിപെട്ടു 28 ദിവസം വരെയുള്ള മരണങ്ങൾ കോവിഡ് ആയിത്തന്നെ കണക്കാക്കണം എന്ന മാനദണ്ഡം ലോക ആരോഗ്യ സംഘടനാ തന്നെ വക്തമാക്കിയെങ്കിലും കേരളം അതൊന്നും അറിഞ്ഞില്ല . കാരണം വെറും അഞ്ചു മാസം അകലെ നിൽക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ സർക്കാർ ഒരു പരാജയം ആയിരുന്നു എന്ന് ജനം വിധി എഴുതാതിരിക്കാൻ കണക്കുകൾ മറച്ചു വയ്‌ക്കേണ്ടത് ഭരണ വർഗ്ഗത്തിന്റെ ആവശ്യമായിരുന്നു. പക്ഷെ കേരളത്തിലെ സദാ കൺതുറന്നിരിക്കുന്നു എന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ ഈ ഘട്ടത്തിൽ എവിടെ ആയിരുന്നു എന്നാണ് ഇപ്പോൾ പ്രസക്തമാകുന്ന ചോദ്യം . ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങൾക്കു സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെ കുറിച്ച് ഏറ്റവും വിശ്വസനീയമായ ഒരു റിപ്പോർട്ട് നല്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം .

കെട്ടിപ്പൊക്കിയ ഇമേജ് തകർന്നടിയുമ്പോൾ

ഏതാനും മാസം മുൻപ് വരെ മരണക്കണക്കിൽ കേരളം പിന്നിലാണ് എന്നതായിരുന്നു കേരള സർക്കാരിന്റെ പ്രധാന അവകാശവാദം . എന്നാൽ നഷ്ടപരിഹാരം നിജപ്പെടുത്തി ഉത്തരവുകൾ വന്നതോടെ ജനം സ്വമേധേയ പ്രിയപെട്ടവരുടെ മരണം കോവിഡ് കണക്കിൽ ഉൾപെടുത്താൻ അപേക്ഷ നൽകിയതാണ് കോവിഡിൽ കെട്ടിപൊക്കിയ കേരളത്തിന്റെ ഇമേജ് തകർന്നടിയൻ പ്രധാന കാരണമായത് ഇത്തരത്തിൽ ഏകദേശം 13000 മരണങ്ങൾ ജനങ്ങൾ സ്വമേധേയ കണക്കിൽ എത്തിച്ചതോടെയാണ് പൊടുന്നനെ കേരളത്തിന്റെ കോവിഡ് ഗ്രാഫിൽ കൂടുതൽ ഇരുൾ പരന്നത് .കോവിഡ് വന്നു മരിച്ചവരുടെ കണക്കു താഴ്ന്നു നിൽക്കുന്നത് കേരളത്തിന്റെ മികച്ച ആരോഗ്യ സംവിധാനത്തിന്റെ മികവ് ആണെന്നതായിരുന്നു കേരളത്തിന്റെ പക്ഷം . എന്നാൽ മരണം മറച്ചു വച്ചതാണ് കണക്കുകൾ താഴ്ന്നു നില്ക്കാൻ കാരണം ആയതെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത് . ഇതോടെ ഒന്നേകാൽ ലക്ഷം മരണം സംഭവിച്ച മഹാരാഷ്ട്രയുടെ തൊട്ടു താഴെയെത്തി നിൽക്കുകയാണ് കേരളം . മറ്റു സംസ്ഥാനങ്ങൾ പലതും അതാതു സമയത്തു മരണം രേഖപ്പെടുത്തി പോയതിനാൽ അവിടെ കൂടുതൽ കോവിഡ് മരണങ്ങൾ ഇപ്പോൾ രെജിസ്റ്റർ ചെയ്യുന്നില്ല എന്നതോടെയാണ് കേരളം പൊടുന്നനെ കണക്കിൽ മുകളിൽ എത്തിയത് .

കണക്കില്ലാതെ സംസ്ഥാനം, കണക്കു ചോദിച്ചു കേന്ദ്രവും

കഴിഞ്ഞ ദിവസം പ്രധാന മാധ്യമങ്ങൾ കേരളം കോവിഡ് മരണക്കണക്കിൽ 42500 നു മുകളിൽ ആണെന്നു റിപ്പോർട്ട് ചെയ്യുമ്പോഴും ഇപ്പോഴും കൂട്ടിച്ചേർക്കാത്ത കോവിഡ് മരണം എത്രയെന്നു പറയാനാകുന്നില്ല . ഒരുപക്ഷെ ആയിരത്തിനു മുകളിൽ മരണങ്ങൾ ഇനിയും കോവിഡ് കണക്കിൽ എത്താനിടയുണ്ട് . കാരണം ഇക്കഴിഞ്ഞ ആഴ്ചകളിൽ ഒക്കെ മറച്ചു വച്ച മരണക്കണക്കിൽ നിന്നും നൂറു കണക്കിന് മരണങ്ങളാണ് ഓരോ ദിവസവും കേരളത്തിന്റെ പട്ടികയിൽ കൂട്ടിച്ചേർക്കുന്നതു . ഇപ്പോൾ മാധ്യമങ്ങൾ കോവിഡ് കണക്കിൽ കേരളം ദേശീയ ശരാശരിയിൽ രണ്ടാം സ്ഥാനത്തു ആയി എന്ന് പറയുന്നതും കേന്ദ്ര സർക്കാർ കണക്കുകളെ അടിസ്ഥാനമാക്കി മാത്രമാണ് . ആ കണക്കിൽ പോലും വ്യക്തതയില്ലാത്ത കാര്യങ്ങൾ ഉണ്ടെങ്കിലും അതൊന്നും ചൂണ്ടിക്കാണിക്കാൻ പോലും മാധ്യമങ്ങൾക്കു സാധിക്കുന്നില്ല എന്നതാണ് വാസ്തവം . കേരളത്തിലെ യഥാർത്ഥ കോവിഡ് മരണക്കണക്ക് പുറത്തു വരാൻ വീണ്ടും ബിബിസി പോലെ ഒരു മാധ്യമം രഹസ്യ നിരീക്ഷണം നടത്തേണ്ടി വരുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രസക്തമാകുന്നത് .

സത്യത്തിൽ രണ്ടാം തരംഗം കടന്നപ്പോൾ തന്നെ പ്രതീക്ഷിക്കപെട്ട മരണങ്ങളുടെ പല മടങ്ങാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ഇത്രയധികം മരണം സംഭവിക്കുമെന്ന് ഒരു വിദഗ്ധരും കേരളത്തെ ബോധ്യപ്പെടുത്തിയിരുന്നില്ല . അഥവാ കേരള സർക്കാരിനും അമിത ആത്മ വിശ്വാസത്തിൽ അത്തരം ഒരു കണക്കു കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം . കോവിഡിന്റെ പല തരംഗങ്ങൾ കണ്ട യൂറോപ്യൻ രാജ്യങ്ങളെ പോലെ കേരളത്തിൽ തരംഗങ്ങൾ ഉണ്ടാകില്ലെന്ന് സർക്കാരിന് ഉപദേശം ലഭിക്കുമ്പോഴും ഇപ്പോഴും ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്ത എട്ടു ലക്ഷം ജനങ്ങൾ ഉള്ള ഒരു സംസ്ഥാനത്തു തരംഗ സാധ്യത ഇല്ലെന്നത് എന്ത് ഉറപ്പിലാണ് നൽകുന്നത് എന്ന ചോദ്യവും ഉത്തരം ഇല്ലാതെ മടങ്ങുകയാണ് . ഇതോടെ കേരളത്തിന്റെ കോവിഡ് മരണക്കണക്ക് ഇനിയും എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യവും അനിഷ്ടവും അപ്രിയവുമായി മാറുകയാണ് സർക്കാരിനും ജനങ്ങൾക്കും .

ഏറ്റവും വേഗത്തിൽ ഈ മഹാമാരിയിൽ നിന്നും മറികടക്കണം എന്ന അമിത ആവേശം പലപ്പോഴും കേരളത്തിൽ പ്രകടമായെങ്കിലും പിന്നീടതൊക്കെ മറ്റു പലതിലും എന്ന പോലെ ആരംഭ ശൂരത്വം ആയി പരിണമിക്കുക ആയിരുന്നു . മാസ്‌ക് ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ ബ്രിട്ടനിൽ അടക്കം മടങ്ങി വന്നപ്പോൾ ബസ് സ്റ്റോപ്പുകളിലും നിരത്തുകളിലും വരെ കൈകഴുകാൻ വെള്ളവും സോപ്പും തുടക്കത്തിൽ കരുതിയ കേരളം ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന ചോദ്യവും പ്രസക്തമാണ് . വാക്‌സിൻ നല്കാൻ പണത്തിനു വേണ്ടി ചലഞ്ച് നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേരളം കയ്യടിക്ക് വേണ്ടി നടത്തിയ പ്രകടനമാണ് എന്ന ആരോപണം പോലും ശരിവയ്ക്കും വിധത്തിലാണ് ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പി നീങ്ങിയ സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുന്നതും .