- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മരണത്തിന് നഷ്ടപരിഹാരമായി 50,000 രൂപ; സംസ്ഥാന മാർഗ്ഗനിർദ്ദേശം തയ്യാറായി; അടുത്ത മാസം 10 മുതൽ കോവിഡ് ധനസഹായത്തിനായുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കും; കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുക ജില്ല കലക്ടർ ഉൾപ്പെട്ട സമിതി
തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗനിർദ്ദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദ്ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖയാണ് തയ്യാറാക്കിയത്. ഇതോടെ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തി വലിയ പട്ടികയാണ് പുതുതായി ഇറങ്ങുക. നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്.
ജില്ലാതല സമിതികൾ മരണം പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം. കളക്ടർക്കാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. ഒക്ടോബർ 10 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തിൽ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടർ ഉൾപ്പടെ അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം. നടപടികൾ പരമാവധി ഓൺലൈൻ ആയിരിക്കും. കോവിഡ് മരണത്തിൽ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.
ധനസഹായം ലഭിക്കാൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
മരിച്ചവരുടെ ബന്ധുക്കൾ രേഖാമൂലം ആദ്യം ജില്ല കലക്ടർക്ക് അപേക്ഷ നൽകണം. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം പരിശോധിച്ച് കോവിഡ് മരണമാണോയെന്ന് ഈ കമ്മിറ്റിയാണ് തീരുമാനിക്കുക. ഇതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന മരണ സർട്ടിഫിക്കറ്റിന്റെ നമ്പർ ഉൾപ്പെടുത്തി, സർക്കാരിന്റെ ഇ-ഹെൽത്ത് സംവിധാനം ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം. അടുത്ത മാസം 10 മുതൽ കോവിഡ് ധനസഹായത്തിനായുള്ള അപേക്ഷ ഓൺലൈനായി സ്വീകരിച്ചുതുടങ്ങും.
എല്ലാ രേഖകളും പ്രത്യേകസമിതി പരിശോധിച്ച ശേഷമായിരിക്കും കോവിഡ് മരണം തീരുമാനിക്കുക. സമർപ്പിക്കുന്ന അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് വിതരണം ചെയ്യുന്നത്. കോവിഡ് പോസിറ്റിവായതിന് ശേഷം 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളെയും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.
കോവിഡ് ബാധിച്ച ശേഷം ആത്മഹത്യ ചെയ്തവരുടെ മരണവും കോവിഡ് മരണമായി കണക്കാക്കണമെന്ന് നേരത്തേ സുപ്രീംകോടതിയും നിർദേശിച്ചിരുന്നു. ഇതിനുപുറമേ നേരത്തെ രേഖപ്പെടുത്താത്ത കോവിഡ് മരണങ്ങളും പുതുതായി വരുന്ന പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തും.
മറുനാടന് മലയാളി ബ്യൂറോ