കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽബസാർ സ്വദേശി പുല്യോത്ത് രവീന്ദ്രൻ (69) ചൊവ്വാഴ്ച പുലർച്ചെ നിര്യാതനായി. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംസ്‌കാരം കുരുവട്ടൂർ ഹെൽത്ത് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ നടത്തി.

ആദ്യകാല തെങ്ങുകയറ്റതൊഴിലാളിയും പറമ്പിൽബസാറിലെ വ്യാപാരിയുമായിരുന്നു രവീന്ദ്രൻ. പരേതനായ പുല്യോത്ത് ചാത്തുവിന്റെയും ജാനകിയുടെയും മകനാണ്.സഹോദരങ്ങൾ: പരേതനായ ശിവദാസൻ, വിലാസിനി, സുരേന്ദ്രൻ, ശ്രീനിവാസൻ, ദേവി, വേലായുധൻ, പുഷ്പരാജൻവസുമതിയാണ് ഭാര്യ. മക്കൾ: പ്രഭിലാഷ്, പ്രഷിത, ഷിഷിയ. മരുമക്കൾ: വിനോദ് കുമാർ, പ്രജീഷ്, ജിഷ.

ഇദ്ദേഹത്തിന് കരൾ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഡ്‌മിഷൻ സമയത്തു നടത്തിയ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ആശുപത്രിയിലെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് വാർഡിലേക്കു മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏഴിനു പുലർച്ചെ കോവിഡ് ഐസിയുവിലേക്കു മാറ്റി. ചൊവ്വാഴ്ച പുലർച്ചെ 12.50നാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക വിപുലമല്ല. സമ്പർക്കമുണ്ടായവർ ക്വാറന്റയിനിലേക്ക് മാറിയിട്ടുണ്ട്.