ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യകത രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ ഡൽഹി സർക്കാർ പെരുപ്പിച്ച് കാണിച്ചുവെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാലറിപ്പോർട്ട്. വേണ്ടിയിരുന്ന ഓക്സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡൽഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ഡൽഹിക്ക് ആവശ്യമുണ്ടായിരുന്നുത്. എന്നാൽ 1,140 മെട്രിക് ടൺ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. ശരാശരി ഓക്സിജൻ ഉപഭോഗം 284-372 മെട്രിക് ടൺ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ഡൽഹി തടസ്സപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.

ഡൽഹിക്ക് അധിക ഓക്സിജൻ ലഭിച്ചതായി പെട്രോളിയം ആൻഡ് ഓക്സിജൻ സേഫ്റ്റി ഓർഗനൈസേഷനും(പിഇഎസ്ഒ) സമിതിയെ അറിയിച്ചു. ഡൽഹിയിലേക്കുള്ള തുടർച്ചയായ കൂടുതൽ ഓക്സിജൻ വിതരണം ദേശീയതലത്തിലുള്ള ഓക്സിജൻ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാവാമെന്നും പിഇഎസ്ഒ കൂട്ടിച്ചേർത്തു. ഈ റിപ്പോർട്ടിൽ സുപ്രീംകോടതി നിലപാട് നിർണ്ണായകമാകും.