- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി കരകയറുന്നു; തിങ്കളാഴ്ച 39 പുതിയ കോവിഡ് രോഗികൾ മാത്രം; ഒരു മരണം; ചികിത്സയിലുള്ളത് 498 പേർ
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഡൽഹിയിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 39 പുതിയ കോവിഡ് കേസുകൾ മാത്രം. ഒരു കോവിഡ് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ളവർ 498 പേരായി കുറഞ്ഞതായും സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ പറയുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമാണ്.
രണ്ടാം തരംഗത്തിൽ ഡൽഹിയിൽ വലിയ തോതിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നിരുന്നു. ഏപ്രിൽ 20ന് 28,395 കേസുകളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷമുള്ള ഡൽഹിയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കണക്കായിരുന്നു അത്. ഏപ്രിൽ 26 നാണ് ഡൽഹിയിൽ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്- 36.24 ശതമാനം.
ഇന്നലെ 66 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മരണം ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇത് അഞ്ചാമത്തെ തവണയാണ് ദേശീയ തലസ്ഥാനത്ത് ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. ഇതിനുമുമ്പ് ഓഗസ്റ്റ് രണ്ട്, നാല്, ജൂലൈ 18, 24 തീയതികളിലും കോവിഡ് മൂലമുള്ള മരണമൊന്നും ഉണ്ടായിരുന്നില്ല.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 14,36,800 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 25,067 പേർ കോവിഡ് ബാധിച്ച് മരിച്ചു. 14,11,235 പേർ ഇതുവരെ രോഗമുക്തരായി. മരണനിരക്ക് 1.74 ശതമാനമാണ്.
ന്യൂസ് ഡെസ്ക്