- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പ്രതിസന്ധിയിൽ പാഠം പഠിക്കാതെ ഡൽഹി; മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നൽകി ഹൈക്കോടതി; തൽസ്ഥിതി അറിയിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവു നൽകിയതിനു പിന്നാലെ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നതിൽ മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി. കോവിഡ് പ്രോട്ടോക്കോൾ ലംഘനം മൂന്നാം തരംഗത്തിന്റെ വരവിനു വേഗം കൂട്ടുകയേ ഉള്ളുവെന്നു ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ചന്തകളിലും മറ്റും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതും മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് വിമർശനം.
തൽസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാരിനും കേന്ദ്രസർക്കാരിനും കോടതി നോട്ടിസ് അയച്ചു. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കടയുടമകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാം തരംഗം ശക്തമായി ആഞ്ഞടിച്ച് നിരവധി പേരുടെ ജീവനെടുത്ത ഡൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ചന്തകളിലും വാണിജ്യകേന്ദ്രങ്ങളിലും വലിയ ജനത്തിരക്കാണ് കാണപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാനോ മാസ്ക് ധരിക്കാനോ പലരും തയാറാകുന്നില്ല. മെട്രോ സ്റ്റേഷനുകളിലും ജനത്തിരക്ക് ഉണ്ടാകുന്നത് വലിയതോതിൽ രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.
കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ തിങ്കളാഴ്ച മുതൽ ഡൽഹിയിൽ കടകളും മാളുകളും ഹോട്ടലുകളും തുറന്നിരുന്നു. ആഴ്ചച്ചന്തകൾ തുറന്നെങ്കിലും പകുതി കച്ചവടക്കാർക്കാണ് ഒരു ദിവസം തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓരോ മുൻസിപ്പൽ സോണിലും ഒരു ദിവസം ഒരു ചന്ത മാത്രമേ പ്രവർത്തിക്കുകയുള്ളു.
ന്യൂസ് ഡെസ്ക്