- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ഡോസ് വാക്സിനേഷനും എടുത്ത ശേഷം മരിച്ച 42 പേരെ പഠിച്ചപ്പോൾ 29 ശതമാനവും കോവിഡ് ഡെൽറ്റ വകഭേദം ബാധിച്ചവർ; കോവിഷീൽഡിലൂടെ നമ്മൾ ഒരുക്കുന്ന പ്രതിരോധം വെറുതെയാകുമെന്ന് ആശങ്ക
ലണ്ടൻ: വാക്സിന്റെ രണ്ടു ഡോസുകളും എടുത്തതിനു ശേഷം മരണമടഞ്ഞ 42 പേരിൽ മൂന്നിലൊന്നു പേരെയും ബാധിച്ചിരുന്നത് ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദമായിരുന്നു എന്ന് തെളിഞ്ഞു. ബ്രിട്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നത് നാലാഴ്ച്ചത്തെക്ക് കൂടി നീട്ടാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോർട്ടിൽ പറയുന്നത് രണ്ട് ഡോസുകളും എടുത്തിട്ടും കോവിഡ് മൂലം മരണമടഞ്ഞവരിൽ 29 ശതമാനം പേരിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടു എന്നാണ്.
അതുകൂടാതെ, കുടുംബത്തിനകത്തുതന്നെ രോഗം പകരുവാൻ കൂടുതൽ സാധ്യതയൊരുക്കുന്ന ഒന്നാണ് ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദം എന്നും റിപ്പോർട്ടിൽ പറയുന്നു. അടച്ചിട്ടയിടങ്ങളിൽ കെന്റ് വകഭേദത്തേക്കാൾ 64 ശതമാനം അധിക വ്യാപനശേഷി ഈ വകഭേദത്തിനുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാതിൽപ്പുറയിടങ്ങളിലാകട്ടെ കെന്റ് ഇനത്തെക്കാൾ 40 ശതമാനം കൂടുതൽ വ്യാപന ശേഷിയും ഈ ഇനത്തിനുണ്ട്. നിലവിൽ ബ്രിട്ടനിൽ ഏറ്റവും വ്യാപകമായുള്ളത് ഈ വകഭേദമാണ്. മൊത്തം രോഗികളീൽ 90 ശതമാനം പേരിൽ വരെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
രോഗവ്യാപന തോതിൽ വർദ്ധനയുണ്ടാകുന്നതിനൊപ്പം, ഈ റിപ്പോർട്ടുകൂടി വന്നതോടെ ബ്രിട്ടനിൽ ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഇതേ നിലയിൽ വ്യാപനം തുടരുകയാണെങ്കിൽ ജൂലായ് പകുതിയാകുമ്പോഴേക്കും പ്രതിദിനം 80,000 പേർക്ക് വരെ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം തരംഗം അതിന്റെ മൂർദ്ധന്യത്തിലെത്തിയ ജനുവരിമാസത്തിൽ പോലും പ്രതിദിനം പരമാവധി 70,000 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഈ റിപ്പോർട്ടിൽ പറയുന്നത് വാക്സിന്റെ ആദ്യ ഡോസ് മാത്രം എടുത്തവർക്ക് ഡെൽറ്റ വകഭേദത്തിനെതിരെയുള്ള പ്രതിരോധം 33 ശതമാനം മാത്രമാണെന്നാണ്. രണ്ടു ഡോസുകളും എടുത്തുകഴിയുമ്പോൾ ഇത് 81 ശതമാനമായി ഉയരും. അതേസമയം ആൽഫ വകഭേദത്തിന് ഈ പ്രതിരോധ ശേഷി യഥാക്രമം 51 ശതമാനവും 88.4 ശതമാനവുമാണ്. ഓക്സ്ഫോർഡ്-അസ്ട്രസെനെകയുടെ വാക്സിനാണ് ബ്രിട്ടനിൽ 70 ശതമാനത്തോളം ഉപയോഗിച്ചിട്ടുള്ളത്. ഇതിന് ഇന്ത്യൻ വകഭേദത്തെ ചെറുക്കാൻ കഴിവു കുറവാണെന്നുള്ള റിപ്പോർട്ട് ഇന്ത്യയിലും ആശങ്ക പടർത്തുകയാണ്.
അസ്ട്രസെനെക വാക്സിൻ, കോവിഷീൽഡ് എന്ന പേരിൽ നിർമ്മിക്കുന്നതാണ് ഇന്ത്യയിലും പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനാൽ തീർത്ത പ്രതിരോധം പ്രതീക്ഷിച്ചതിലും ദുർബലമാണെന്ന തിരിച്ചറിവിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ ജനത.
മറുനാടന് ഡെസ്ക്