- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെൽറ്റ വകഭേദം പിടിവിട്ടു മുകളിലേക്ക്; മരിക്കുന്നവരും പുതിയ രോഗികളും കൂടുന്നു; ജൂൺ 21 ന് ചില ഇളവുകൽ മാത്രം നൽകി സ്വാതന്ത്ര്യ പ്രഖ്യാപനം ജൂലായ് 19 ലേക്ക് മാറ്റും; എതിർപ്പുകൾക്കിടയിലും ഇന്നു ബോറിസിന്റെ നിർണ്ണായകപ്രഖ്യാപനം
ലണ്ടൻ: ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദം ബ്രിട്ടന്റെ മണ്ണിൽ താണ്ഡവമാരംഭിച്ചു കഴിഞ്ഞു. ഇതുവരെ സംഭരിച്ചുവച്ച ആയുധങ്ങളൊന്നും തങ്ങളെ നേരിടാൻ കതിയാകില്ലെന്ന പ്രഖ്യാപനം പോലെ രോഗവ്യാപനവും മരണനിരക്കും അനുദിനം കുതിച്ചുയരുകയാണ്. ഇന്നലെ 7,490 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 40.2 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതുപോലെ കഴിഞ്ഞ ഞായറാഴ്‌ച്ച 4 കോവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെ രേഖപ്പെടുത്തിയത് എട്ട് മരണങ്ങളാണ്.
കാര്യങ്ങൾ കൈവിട്ടുപോയതോടെ ജൂൺ 21 നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം ജൂലായ് 19 ലേക്ക് മാറ്റുമെന്നത് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുവാൻ പൊതുജനങ്ങൾക്ക് ആകാംക്ഷയുണ്ടെന്ന് അറിയാമെങ്കിലും, അത് തീരുമാനിക്കുവാൻ പലകാര്യങ്ങളൂം പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ ബോറിസ് ജോൺസൺ, ലോക്ക്ഡൗൺ ഇളവുകൾ ഒരു പാക്കേജായി ഇന്ന് പ്രഖ്യാപിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
ജി 7 ഉച്ചകോടിയുടെ അവസാനത്തിൽ ബോറിസ് ജോൺസൺ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി, ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നത് നീട്ടിക്കൊണ്ടുപോകുവാനുള്ളസാഹചര്യം ഒരുക്കുകയാണ്. ഡെൽറ്റയുടെ കുതിച്ചു ചാട്ടം ഒരു മൂന്നാം തരംഗം ആരംഭിച്ചു എന്നതിന്റെ സൂചനയായിരിക്കാം എന്ന് മുന്നറിയിപ്പ് നൽകിയ അവർ മരണവും ഗുരുതര രോഗവും ആയുള്ള ബന്ധം മുറിക്കുവാൻ വാക്സിനുകൾക്ക് എത്രമാത്രം സാധ്യമായിട്ടുണ്ട് എന്നതി ഇന്നും അജ്ഞാതമായി തുടരുകയാണെന്നും പറഞ്ഞു.
ഡെൽറ്റ വകഭേദം തീർച്ചയായും ആശങ്കയുയർത്തുകയാണെന്ന് ബോറിസ് ജോൺസനും സമ്മതിച്ചു. ഇതിന്റെ ആവിർഭാവത്തോടെ രോഗവ്യാപന തോത് വർദ്ധിക്കുകയാണ്. അതുപോലെ ചികിത്സതേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. നിലവിലുള്ള രോഗികളിൽ 90 ശതമാനത്തിലും കാണപ്പെടുന്നത് ഈ വകഭേദമാണ്. മാത്രമല്ല, ഓരോ ഒമ്പത് ദിവസത്തിലും ഇത് ഇരട്ടിയാകുന്നുമുണ്ട്. പ്രതിദിനം രേഖപ്പെടുത്തുന്ന രോഗികളുടേ എണ്ണത്തിന്റെ ഇരട്ടിയോളം വരും ഓരോ ദിവസവും പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം എന്ന് ശാസ്ത്രോപദേശക സമിതിയിൽ ആന്റണി കോസ്റ്റെല്ലൊ പറയുന്നു.
അതേസമയം, മറുഭാഗത്ത് ബ്രിട്ടന്റെ വാക്സിൻ പദ്ധതിയും അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇന്നലെ 2,54,185 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകി. ഇതോടെ 41.5 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. അതായത് പ്രായപൂർത്തിയായവരിൽ 61 ശതമാനം പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു എന്നർത്ഥം. 3,20,326 പേർക്ക് രണ്ടാം ഡോസും നൽകിയതോടെ രണ്ടാം ഡോസ് ലഭിച്ചവരുടെ മൊത്തം എണ്ണം 29.8 മില്ല്യൺ ആയി ഉയർന്നു.
അതേസമയം നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് ഇനിയും വൈകിപ്പിച്ചാൽ പല മേഖലകളേയും അത് പ്രതികൂലമായി ബാധിക്കും എന്ന മുന്നറിയിപ്പുമായി ബൈസിനസ്സ് രംഗത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലക്ക് ഇപ്പോൾ പരിമിതമായ തോതിൽ മാത്രമാണ് പ്രവർത്തിക്കുവാൻ അനുവാദമുള്ളത്. ജൂൺ 21 മുതൽ ഈ മേഖലയിൽ പൂർണ്ണമായ രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇത് വീണ്ടും നാല് ആഴ്‌ച്ചത്തേക്ക് കൂടി വൈകിപ്പിച്ചാൽ 2 ലക്ഷത്തോളം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 3 ബില്ല്യൺ പൗണ്ടിന്റെ നഷ്ടവും ഉണ്ടാകും.
അതുപോലെ കൊറോണ വൈറസിനെ പൂർണ്ണമായും ഭൂമുഖത്തുനിന്നും തുടച്ചു നീക്കുക എന്നത് ഏതാണ് അസാദ്ധ്യമായ കാര്യവുമാണ്. അതിനാൽ തന്നെ ലോക്ക്ഡൗൺ നീക്കം ചെയ്യാൻ കോവിഡ് മുക്ത ലോകത്തിനായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ചില ഭരണ കക്ഷി എം പിമാരും പറയുന്നത്. കോവിഡ് എന്ന മഹാമാരിക്കൊപ്പമായിരിക്കും ഭാവി ജീവിതം എന്ന് ഏതാണ്ട് തീർച്ചയായ സമയത്ത്, അതിനനുസരിച്ച് ലോക്ക്ഡൗണും നീക്കംതയ്യാറാകണമെന്നും അവർ ആവശ്യപ്പെടുന്നു.
ഏതായാലും, ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അശയക്കുഴപ്പങ്ങൾ നീക്കുന്നതിനായി ഇന്ന് വൈകിട്ട് ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചില സുപ്രധാന പ്രഖ്യാപനങ്ങൾ ഈ അവസരത്തിൽ അദ്ദേഹം നടത്തും എന്നുതന്നെയാണ് കരുതുന്നത്. ചില ഇളവുകൾ ജൂൺ 21 ന് നിലവിൽ വന്നേക്കാമെങ്കിലുംമാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ ഇനിയും നിലനിൽക്കാനാണ് സാധ്യത. പൂർണ്ണ സ്വാതന്ത്ര്യം എന്നത് അനിശ്ചിതമായി നീണ്ടുപോകുന്ന ഒരു ലക്ഷ്യവും ആയേക്കാം.
മറുനാടന് ഡെസ്ക്