- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടക്കകൾ നിറയാതിരിക്കാൻ പുതിയ ഡിസ്ചാർജ് മാർഗരേഖയുമായി സർക്കാർ; ഗുരുതര അസുഖമില്ലാത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; രോഗം ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും; ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുമ്പോൾ മുന്നൊരുക്കങ്ങളുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം വരുത്തി കൊണ്ട് പുതിയ ഉത്തരവിറക്കി. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. നേരിയ രോഗലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം.
നിലവിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ്. രോഗം ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ മൊത്തം 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. കിടക്കകൾ നിറയാതിരിക്കാൻ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും. കേരളത്തിൽ തുടർച്ചയായി കാൽ ലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മേൽ സൃഷ്ടിച്ചിരിക്കുന്നത്.
ഗുരുതര രോഗികൾക്ക് മാത്രമേ ഡിസ്ചാർജ് ചെയ്യാൻ ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമുള്ളു. ഗുരുതര രോഗികൾ ലക്ഷണം തുടങ്ങി പതിനാലാം ദിവസമാണ് ആന്റിജൻ പരിശോധന നടത്തേണ്ടത്. തുടർന്ന് മൂന്നുദിവസം കൂടി നിരീക്ഷിച്ച് കാര്യമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് നൽകും. അതേസമയം ഫലം പോസിറ്റീവാണെങ്കിൽ തുടർന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും പരിശോധിക്കണം.
മറുനാടന് മലയാളി ബ്യൂറോ