- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ഡ്യൂട്ടിയായി അന്ത്യകർമങ്ങളുടെ ചുമതല ഏറ്റെടുത്തത് കഴിഞ്ഞ ഏപ്രിൽ 13ന്; ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ ചിതയൊരുക്കിയത് 1100 ലേറെ മൃതദേഹങ്ങൾക്ക്; മഹാമാരിയുടെ കാലത്ത് സ്വന്തം മകളുടെ വിവാഹം മാറ്റിവച്ചും കർമനിരതനായി ഒരു പൊലീസുകാരൻ; എഎസ്ഐ രാകേഷ് കുമാറിന്റെ നന്മയ്ക്ക് ആദരം
ന്യൂഡൽഹി: കോവിഡ് രണ്ടാം തംരംഗം ഉയർത്തിയ പ്രതിസന്ധികളിൽ വിറങ്ങളിച്ച് നിൽക്കുകയാണ് രാജ്യത്തെ ജനങ്ങൾ. രോഗവ്യാപനം ഏറിയതിനൊപ്പം ഉയരുന്ന മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായ ഡൽഹിയിൽ പൊതുശ്മശാനത്തിൽ സ്ഥലമില്ലാത്ത രീതിയിൽ മൃതദേഹങ്ങൾ കൂട്ടിവച്ചിരിക്കുന്നതും ദഹിപ്പിക്കുന്നതും പതിവു കാഴ്ചയാണ്.
ഉറ്റവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ടോക്കൺ വാങ്ങി ദിവസങ്ങളോളം ആളുകൾക്കു കാത്തുനിൽക്കേണ്ടി വരുന്നു. പൊതുശ്മശാനങ്ങൾ നിറഞ്ഞതോടെ മൈതാനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്.
ഒട്ടുമിക്ക മൈതാനങ്ങളും പൊതുസ്ഥലങ്ങളും എല്ലാം താത്കാലിക ശ്മശാനങ്ങളായി രൂപം പ്രാപിച്ചിരിക്കുന്നു. ഈ ദുരിത കാലത്തും കാരുണ്യവും സഹജീവി സ്നേഹം കൊണ്ട് അമ്പരിപ്പിക്കുകയാണ് ഡൽഹി ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിലെ എഎസ്ഐ രാകേഷ് കുമാർ. സ്വന്തം മകളുടെ വിവാഹം പോലും മാറ്റിവച്ച് 1,100 പേരുടെ അന്ത്യകർമങ്ങൾക്കാണ് രാകേഷ് കുമാർ നേതൃത്വം നൽകിയത്. ഡൽഹി പൊലീസ് പുറത്തു വിട്ട വിഡിയോയിലൂടെയാണ് രാകേഷ് കുമാറിന്റ നന്മ ലോകം അറിഞ്ഞത്.
COVID time has thrown up some real heroes. ASI Rakesh deserves highest degree of praise and encouragement. Infact it is men like him who keep the society going. Something that many need to learn @LtGovDelhi @HMOIndia @PMOIndia https://t.co/rx8RYIL6Zd
- CP Delhi #DilKiPolice (@CPDelhi) May 6, 2021
ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള രാകേഷ് കഴിഞ്ഞ ഏപ്രിൽ 13 മുതലാണ് ആയിരത്തിലധികം പേരുടെ അന്ത്യകർമങ്ങൾക്കു നേതൃത്വം നൽകിയത്. ഇതിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരായാണ് മരിച്ചത്. അമ്പതിലധികം ചിതകൾക്കു രാകേഷ് കുമാർ തന്നെയാണ് തീ കൊളുത്തിയത്.
ശ്മശാനത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ എല്ലാ ദിവസവും രാവിലെ ഏഴുമണിയോടെ രാകേഷ് ശ്മശാനത്തിലെത്തും. കോവിഡ് ബാധിതരുടെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങളിൽ ഒരാൾക്കു മാത്രമാകും അനുമതി.
ചിത ഒരുക്കുക, മൃതദേഹങ്ങൾ എടുത്തു കൊണ്ടു വരിക, പുരോഹിതരെ സഹായിക്കുക, പൂജയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുക ആംബുലൻസ് ഡ്രൈവർമാരെ ഏകോപിപ്പിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും രാകേഷ് കുമാർ തന്നെയാണ് നിർവഹിക്കുക.
മെയ് ഏഴിനായിരുന്നു മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് മരണങ്ങൾ അസാധാരണമായി വർധിച്ചതോടെ ഡ്യൂട്ടിയിൽനിന്ന് മാറിനിൽക്കാൻ കഴിയാതെ വന്നു. ഇതോടെയാണ് മകളുടെ വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നു രാകേഷ് കുമാർ പറയുന്നു.
കോവിഡ് ബാധിതരായി മരിക്കുന്നവർക്ക് മാന്യമായ ശവസംസ്കാരത്തിനുള്ള അവസരം ഒരുക്കുക തന്റെ കടമയാണെന്നും തന്റെ മകളുടെ വിവാഹം പോലും മാറ്റിവയ്ക്കേണ്ടി വന്നതിൽ ദുഃഖം ഇല്ലെന്നും രാകേഷ് കുമാർ പറയുന്നു.
ആദ്യമായിട്ടാണ് ഇത്രയും ദാരുണമായ ഒരു അവസ്ഥയ്ക്ക് സാക്ഷിയാകേണ്ടി വരുന്നത്. ഭീതിജനകമായിരുന്നു ആ കാഴ്ചകൾ. ആദ്യഘട്ടത്തിൽ പതറിയെങ്കിലും പിന്നീട് മനസ്സിനെ ധൈര്യപ്പെടുത്തി മുന്നോട്ടു പോകുകയായിരുന്നുവെന്നും രാകേഷ് കുമാർ പറയുന്നു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖം വൈറലായതോടെ നിരവധി പേരാണ് രാകേഷ് കുമാറിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
മഹാമാരിയുടെ കാലമാണ്. ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ആരൊക്കെ തുണയാകുമെന്ന് പറയാനാകാത്ത കാലം. ഒപ്പം നടന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും ഉപകരിക്കപ്പെടാത്ത നിമിഷങ്ങളിൽ ചിലപ്പോർ അപരിചിതരാകാം ജീവിതത്തെ താങ്ങി നിർത്തുന്നത്. ഒരു കൈ സഹായവുമായി എത്തുന്നത്. സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും കൊണ്ട് ഏവർക്കും മാതൃകയായി മാറുകയാണ് ഡൽഹി ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിലെ എഎസ്ഐ രാകേഷ് കുമാർ
ന്യൂസ് ഡെസ്ക്