- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; പത്ത് പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ന്മെന്റ് സോൺ
കൊച്ചി: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിൽ നിയന്ത്രണം കർശനമാക്കി. പത്തു പഞ്ചായത്തുകൾ പൂർണമായി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇന്ന് ജില്ലയിൽ 4548 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആലങ്ങാട്, ശ്രീമൂലനഗരം, കടുങ്ങല്ലൂർ, കീഴ്മാട്, കോട്ടുവള്ളി, കുന്നത്തുനാട്, പള്ളിപ്പുറം, രായമംഗലം, വടക്കേക്കര, വാഴക്കുളം എന്നി പഞ്ചായത്തുകളാണ് പൂർണമായി അടച്ചിടുന്നത്. കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ അടുത്തദിവസം മുതൽ തന്നെ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വരാപ്പുഴയിലെ മുഴുവൻ വാർഡുകളും അടച്ചിട്ടിരുന്നു. കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലയിൽ ഇന്ന് വരാപ്പുഴയിലാണ് ഏറ്റവുമധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 145 പേർക്കാണ് രോഗം പിടിപെട്ടത്. തൃക്കാക്കര 141, തൃപ്പൂണിത്തുറ 139, കടുങ്ങല്ലൂർ 108, എളംകുന്നപ്പുഴ 86, കുമ്പളങ്ങി 81, കളമശേരി 78, ഇടപ്പള്ളി 70 എന്നിങ്ങനെയാണ് കൂടുതലായി രോഗബാധ സ്ഥിരീകരിച്ച മറ്റു പ്രദേശങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ