കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം കുതിച്ചുയർന്നതോടെ കളമശ്ശേരി മെഡിക്കൽ കോളജ് വീണ്ടും സമ്പൂർണ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

രണ്ടു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും.ഐസിയുവും ഓക്‌സിജൻ സൗകര്യവും ആവശ്യമുള്ള രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന് കലക്ടർ എസ്.സുഹാസ് പറഞ്ഞു.

നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനാണ് തീരുമാനം.

മെഡിക്കൽ കോളജിൽ 70 കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ജില്ലയിലെ കോവിഡ് കേസുകളുടെ സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമായി മാറ്റുന്നത്.