തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ നമ്പർ വൺ എന്ന സർക്കാർ വാദം ചീട്ടുകൊട്ടാരം പോലെ തകർന്നെങ്കിലും പ്രതിദിന രോ​ഗബാധിതരുടെ കാര്യത്തിലും കോവിഡ് മരണനിരക്കിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും രാജ്യത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് കേരളം. പ്രതിദിന രോ​ഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിൽ ദേശീയ ശരാശരിക്കും ഒരുപാട് മുകളിലാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരി 1.9ശതമാനമാകുമ്പോൾ കേരളത്തിലിത് 6.4ശതമാനമാണ്. കോവിഡ് വളർച്ചാനിരക്കിന്റെ പ്രതിവാര ശരാശരിയിലും നമ്മൾ ഒന്നാം സ്ഥാനത്താണ്.

കേരളം കോവിഡ് രോ​ഗബാധയിൽ നമ്പർ വൺ ആകാൻ കുതിക്കുന്നതിനിടെ, കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. മഹാരാഷ്ട്ര, കർണാടക, ഡൽഹി സംസ്ഥാനങ്ങൾക്കു പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽനിന്നുള്ളവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇതര സംസ്ഥാന നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇതോടെ നിയന്ത്രണം വന്നിരിക്കുന്നത്.

കേരളത്തിൽ നിന്നു വരുന്നവർക്ക് തമിഴ്‌നാട്ടിൽ ഏഴുദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. കേരള-തമിഴ്‌നാട് അതിർത്തികളിൽ കർശന പരിശോധന നടത്തും. യാത്രക്കാരെ നിരീക്ഷിക്കും. കേരളത്തിൽ നിന്നു വരുന്നവർക്ക് ബംഗാളിൽ ആർടിപിസിആർ രേഖ നിർബന്ധമാക്കി. ആർടിപിസിആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയിരിക്കണം.

ഡൽഹി സർക്കാർ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 15 മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരികയെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. വിമാനം, ട്രെയിൻ, ബസ് മാർഗങ്ങളിലായി ഡൽഹിയിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് മറ്റു നാല് സംസ്ഥാനങ്ങളും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പരിശോധിച്ച് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ളൂ.

കേരളത്തിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയ ആദ്യ സംസ്ഥാനം മഹാരാഷ്ട്രയായിരുന്നു. ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ കേരളത്തിൽ നിന്നുള്ളവർക്ക് മഹാരാഷ്ട്രയിൽ പ്രവേശിക്കാനാകൂ. കേരളത്തിനു പുറമേ, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളുണ്ട്.

കേരളത്തിൽ നിന്നു വരുന്നവർക്ക് കർണാടകയും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിൽ പരിശോധന കർശനമാക്കി. വയനാട്ടിലും കാസർഗോഡുമുള്ള പല അതിർത്തികളും കർണാടകം അടച്ചു. ആർടിപിസിആർ പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂവെന്ന് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ടുണ്ടെങ്കിലേ കർണാടകത്തിലും മണിപ്പൂരിലും പ്രവേശിക്കാനാവൂ. ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പുറത്തുനിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.