- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശയാത്ര ഉറപ്പാക്കാൻ ട്രാഫിക് ലൈറ്റ് സിസ്റ്റം വരും; വാക്സിനേഷനിൽ മുൻപിൽ നിൽക്കുന്ന രാജ്യങ്ങളിലേക്ക് യാത്രയാകാം; ഇന്നലെ വെറും 10 മരണങ്ങളും 2300 രോഗികളും മാത്രമായതോടെ പ്രതീക്ഷയോടെ ബ്രിട്ടൻ
ലണ്ടൻ: ബ്രിട്ടൻ മഹാവ്യാധിയുടെ ദുരന്തങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നു എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ഈസ്റ്റർ ദിനം കടന്നുപോയത്. വെറും 10 മരണങ്ങൾ മാത്രമാണ് ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. അതായത്, കഴിഞ്ഞ ഞായറാഴ്ച്ചയിലേതിനേക്കാൾ 47 ശതമാനത്തിന്റെ കുറവാണ് മരണനിരക്കിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഈസ്റ്റർ ഒഴിവുമൂലം വെയിൽസിലേയും നോർത്തേൺ അയർലൻഡിലേയും വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതുപോലെ പ്രതിദിന രോഗബാധിതരുടെ എണ്ണവും 40.5 ശതമാനം കുറഞ്ഞ് 2,297 ൽ എത്തിനിന്നു. അതേസമയം, ബാങ്ക് ഒഴിവും വാരാന്ത്യവുമൊക്കെയായതുകൊണ്ടാവാം മരണനിരക്കിലും പ്രതിദിന രോഗവ്യാപനതോതിലും ഇത്രകണ്ട് കുറവുണ്ടായത് എന്നതും നിഷേധിക്കാൻ പറ്റാത്ത യാഥാർത്ഥ്യമാണ്. ബ്രിട്ടന്റെ വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്നലെയോടുകൂടി 3,69,04,755 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു.
വാക്സിന്റെ ആദ്യ ഡോസ് കഴിഞ്ഞ് 12 ആഴ്ച്ചകൾക്ക് ശേഷമാണ് രണ്ടാം ഡോസ് നൽകുന്നത് എന്നതിനാൽ ഏപ്രിൽ മാസത്തിൽ കൂടുതലും രണ്ടാം ഡോസായിരിക്കും നൽകുക. നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചതിനു ശേഷം വരുന്ന ആദ്യ വാരാന്ത്യത്തിൽ നിരവധി കുടുംബങ്ങളാണ് ചെറു സംഘങ്ങളായി ഈസ്റ്റർ ആഘോഷിക്കുവാൻ പാർക്കുകളിലും മറ്റും ഒത്തുകൂടിയത്. ഇളം ചൂടുള്ള കാലാവസ്ഥ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റുചാർത്തി.
ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രധാന നടപടികൾ ബോറിസ് ജോൺസൺ വിശദീകരിക്കാനിരിക്കെ സാമൂഹിക അകലം പാലിക്കുന്നത് ഒഴിവാക്കുവാനായി വാക്സിനേഷന്റെ തെളിവ് നിർബന്ധമാക്കുന്ന നടപടികൾ വന്നേക്കും എന്നറിയുന്നു. ബാറുകളിലും പബ്ബുകളിലും കൊറോണ വൈറസ് വാക്സിനേഷൻ പാസ്സ്പോർട്ട് നിർബന്ധമാക്കുമെന്ന വാർത്ത പരന്നതോടെ അതിനെതിരെ കടുത്ത എതിർപ്പും ഉയർന്നിട്ടുണ്ട്. അതുപോലെ എഫ് എ കപ്പ് ഫൈനലിലും വേൾഡ് സ്നൂക്കർ ചാമ്പ്യൻഷിപ്പിനും കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയേക്കും.
അതിനിടയിൽ പിസ എക്സ്പ്രസ്സ് സ്ഥാപകൻ ഹഗ് ഓസ്മോണ്ടോം നൈറ്റ്ക്ലബ്ബ് ഓപ്പറേറ്റർ സച്ചാ ലോർഡും ഇൻഡോർ സ്പേസുകളിൽ മദ്യപാനം അനുവദിക്കുന്നതിനെ കുറിച്ച് സർക്കാരിനോട് വ്യക്തത വരുത്താൻ ആവശ്യപ്പെടണമെന്ന് പറഞ്ഞു കോടതിയെ സമീപിച്ചിട്ടുണ്ട്. ഏപ്രിൽ 12 മുതൽ ബാറുകൾക്കും പബ്ബുകൾക്കും പുറം വാതിൽ ഇടങ്ങളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാനാകും. എന്നാൽ അതേ ദിവസം തന്നെ ഇൻഡോർ ഇടങ്ങളിലും പ്രവർത്തനമാരംഭിക്കാൻ അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം.
പുതിയ ട്രാഫിക് ലൈറ്റ് സിസ്റ്റം ആവിഷ്കരിച്ച് വിദേശയാത്രകൾക്കുള്ള നിയന്ത്രണങ്ങളിലും ഇളവുകൾ വരുത്തും ഇതനുസരിച്ച് വാക്സിൻ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ ഒഴിവുകാല യാത്രകൾക്ക് പോകാൻ സാധിക്കും. വാക്സിനേഷൻ എടുത്ത ജനങ്ങളുടെ ശതമാനം, രോഗ വ്യാപന നിരക്ക്, ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസുകളുടെ സാന്നിദ്ധ്യം, രാജ്യത്തെ കോവിഡ് സംബന്ധിച്ച് ലഭ്യമാകുന്ന വിവരങ്ങളുടെ സുതാര്യത എന്നിവയുടെ ഒക്കെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ മൂന്നു തട്ടുകളിലാക്കി തരം തിരിക്കുന്നതാണ് ട്രാഫിക് ലൈറ്റ് സിസ്റ്റം.
ഇതനുസരിച്ച് ഗ്രീൻ വിഭാഗത്തിൽ പെടുന്ന രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചെത്തുന്നവർ ക്വാറന്റൈന് വിധേയരാകേണ്ടതില്ല. എന്നാൽ, യാതയ്ക്ക് മുൻപും യാത്രയ്ക്ക് ശേഷവും കോവിഡ് പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. റെഡ് ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ സന്ദർശിച്ചെത്തുന്നവർ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈന് വിധേയരാകണം. അതുപോലെ ഓറഞ്ച് ലിസ്റ്റിലെ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ 10 ഹോം ക്വാറന്റൈനും വിധേയരാകണം. ഓരോ ലിസ്റ്റിലേയും രാജ്യങ്ങളുടെ പട്ടിക സ്ഥിരമായതല്ല. ഓരോ സമയത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ ലിസ്റ്റിലും പുതിയ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയോ ചിലത് നീക്കം ചെയ്യപ്പെടുകയോ ചെയ്തേക്കാം.
മെയ് 17 മുതൽക്കായിരിക്കും വിദേശ യാതയ്ക്കുള്ള ഇളവുകൾ പ്രാബല്യത്തിൽ വരിക. അതിന് ഏതാനും ആഴ്ച്ചകൾക്ക് മുൻപ് മാത്രമായിരിക്കും ഏതോക്കെ രാജ്യങ്ങൾ ഏതൊക്കെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് നിശ്ചയിക്കുക. അതേസമയം വാക്സിനേഷന്റെ രണ്ട് ഡോസുകളും എടുത്തബ്രിട്ടീഷ് യാത്രക്കാർക്ക് മാൾട്ട ജോൺ 1 മുതൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്