തിരുവനന്തപുരം: കോവിഡ്മൂലം മാതാപിതാക്കൾ മരിച്ച കുട്ടികൾക്കു നൽകുന്ന സഹായധനം കോവിഡ് നെഗറ്റീവ് ആയി മൂന്നുമാസത്തിനകം മരിച്ചവരുടെ കുട്ടികൾക്കും ലഭിക്കും.കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് സ്ഥിരനിക്ഷേപമായി മൂന്നുലക്ഷം രൂപയോ 18 വയസ്സുവരെ പ്രതിമാസം 2000 രൂപവീതമോ നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഇതിലാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കോവിഡ് മാറി മൂന്നുമാസത്തിനകം ശാരീരിക പ്രശ്നങ്ങൾമൂലം മരിച്ചവരെയും ഇനിമുതൽ ഇതിലുൾപ്പെടും

മാതാവോ പിതാവോ മുൻപ് മരിച്ചവരിൽ നിലവിലുള്ള ഏക രക്ഷിതാവ് കോവിഡ്മൂലം മരിച്ചാലും സഹായം നൽകാമെന്നും പുതിയ തീരുമാനത്തിലുണ്ട്. മാതാവോ പിതാവോ ഉപേക്ഷിച്ച് ഇപ്പോൾ ഏക രക്ഷിതാവ് മരിച്ചവർ, മാതാവോ പിതാവോ നേരത്തേ ഉപേക്ഷിക്കുകയോ മരിക്കുകയോ ചെയ്ത് ഇപ്പോഴുള്ള ഏക രക്ഷിതാവോ രക്ഷിതാക്കളോ കോവിഡായി മരിച്ചവർ എന്നിവർക്കും സർക്കാർ സഹായത്തിന് അർഹതയുണ്ടാകും.മറ്റു ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടികളെ സംരക്ഷിക്കുന്നവർ മരിച്ചാലും ഈ സഹായം നൽകാൻ വനിതാ ശിശു വികസന അഡീഷണൽ സെക്രട്ടറി നിർദ്ദേശംനൽകി.ഇവർക്ക് കുടുംബത്തിന്റെ വരുമാനപരിധിയോ മറ്റു മാനദണ്ഡങ്ങളോ പരിഗണിക്കാതെ സഹായംനൽകും.

സഹായത്തിനർഹരായ കുട്ടികളുടെ ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ജില്ലാ ശിശു വികസന സംരക്ഷണ ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യഥാസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നൽകും.വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ചെയർപേഴ്സണായും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ കൺവീനറായും ആരോഗ്യവകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടറിൽ കുറയാത്ത പ്രതിനിധി എന്നിവർ അംഗങ്ങളുമായ മോണിറ്ററിങ് കമ്മിറ്റിയും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ ശിശു വികസന ഓഫീസർ നൽകുന്ന റിപ്പോർട്ടുകളിലുള്ള സംശയങ്ങൾ ഈ കമ്മിറ്റി പരിശോധിച്ചാണ് അന്തിമ തീരുമാനമെടുക്കുക.

അതേസമയം സർക്കാർ ജീവനക്കാർക്കുള്ള കുടുംബപെൻഷൻ ലഭിക്കുന്ന കുടുംബങ്ങൾ, സഹായം വേണ്ടെന്ന് എഴുതിക്കൊടുക്കുന്നവർ എന്നിവർക്ക് സഹായം ലഭിക്കില്ല.