ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ആശങ്ക ഉയർത്തുന്ന പഠന റിപ്പോർട്ട് പുറത്ത്. കോവിഡ് രണ്ടാംതരംഗം വരുന്ന ആഴ്ചകളിൽ കൂടുതൽ ഗുരുതരമാകുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. നിലവിലത്തേതിനെക്കാൾ മരണനിരക്ക് ഉയരുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് കോവിഡ് മരണനിരക്ക് ഇനിയും ഉയരുമെന്ന കണ്ടെത്തൽ. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ജൂൺ 11 ഓടെ 404000 പേർ കോവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഈ പഠനത്തിൽ പറയുന്നത്.

രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കേണ്ട സാഹചര്യമാണിതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3780 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 34 ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

അതേ സമയം വൈറസ് വ്യാപനം ഉയർന്നതോതിൽ ആയതിനാൽ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ കോവിഡ് തരംഗങ്ങൾ നേരിടാൻ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

A phase three is inevitable, given the higher levels of circulating virus but it is not clear on what time scale this phase three will occur. We should prepare for new waves: K VijayRaghavan, Principal Scientific Advisor to Centre pic.twitter.com/c6lRzYaV2q

- ANI (@ANI) May 5, 2021

നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങൾക്ക് വാക്സിനുകൾ ഫലപ്രദമാണ്. പുതിയ വകഭേദങ്ങൾ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങൾ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവൻ കൂട്ടിച്ചേർത്തു.

Vaccines are effective against current variants. New variants will arise all over the world & in India too but variants that increase transmission will likely plateau. Immune evasive variants & those which lower or increase disease severity will arise going ahead: K VijayRaghavan pic.twitter.com/p11iHrrIL3

- ANI (@ANI) May 5, 2021

അതേസമയം, 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിൽ അധികം സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ സജീവ കേസുകളുള്ള ഏഴ് സംസ്ഥാനങ്ങളുമുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തോളം സജീവകേസുകൾ വീതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.