- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെൽറ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പ് ഡെൽറ്റ പ്ലസിനെ നീരീക്ഷിച്ചു വരുന്നു; കോവിഡ് പ്രതിദിന കേസുകൾ 85 ശതമാനം കുറഞ്ഞു; വാക്സിനേഷനിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെൽറ്റ വകഭേദത്തിന്റെ മറ്റൊരു പതിപ്പായ ഡെൽറ്റ പ്ലസ് വകഭേദത്തെ നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്ര സർക്കാർ. മാർച്ചിൽ യൂറോപ്പിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഇതുവരെ ആശങ്കയുണ്ടാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയം ഇതിന്റെ സാന്നിധ്യം വിലയിരുത്തി വരികയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അടുത്ത ആഴ്ചയോടെ രാജ്യത്തെ പ്രതിരോധ കുത്തിവെപ്പിൽ ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വിശദീകരണ പത്രസമ്മേളനത്തിനിടെ നീതി ആയോഗ് അംഗം വി.കെ.പോൾ പറഞ്ഞു.
'രണ്ടാം തരംഗത്തിൽ കോവിഡ് ഡെൽറ്റ വകഭേദം പ്രധാനപങ്കുവഹിച്ചു.ഈ വകഭേദത്തിന്റെ ഡെൽറ്റ പ്ലസ് എന്നറിയിപ്പെടുന്ന മറ്റൊരു പതിപ്പും കണ്ടെത്തി ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമർപ്പിച്ചു' വി.കെ.പോൾ പറഞ്ഞു.
രാജ്യത്ത് അൺലോക്ക് നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വിപണികൾ തുറക്കുമ്പോൾ ആളുകൾ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേ സമയം സജീവ കേസുകളിൽ വലിയ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം 85 ശതമാനത്തിന്റെ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 75 ദിവസത്തിനിടെയാണ് ഇത്തരത്തിലൊരു കുറവുണ്ടായിരിക്കുന്നത്.
ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികളിൽ ഒന്നാം തരംഗത്തിൽ 3.2 ശതമാനം പേർക്കാണ് കോവിഡ് ബാധിച്ചിരുന്നത്. രണ്ടാം തരംഗത്തിൽ 3.05 ശതമാനം ആണ് ഈ പ്രായത്തിനിടയിലുള്ളവരുടെ രോഗ ബാധ. 11-20 വയസ്സിനിടയിലുള്ളവരിൽ ഒന്നാം തരംഗത്തിൽ 8.03 ശതമാനം പേരിൽ കോവിഡുണ്ടായി. രണ്ടാം തരംഗത്തിൽ ഇത് 8.5 ശതമാനമായെന്നും ലാവ് അഗർവാൾ പറഞ്ഞു.
വൈറസിനെതിരായ പോരാട്ടത്തിൽ വാക്സിൻ ഒരു അധിക പ്രതിരോധം മാത്രമാണ്. ശുചിത്വത്തിന് മുൻഗണന നൽകാനും മാസ്കുകൾ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള ഉചിതമായ പെരുമാറ്റം പാലിക്കണം. കഴിയുന്നത്ര യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ന്യൂസ് ഡെസ്ക്