- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭയപ്പെട്ടിരുന്നത് സംഭവിച്ചു തുടങ്ങിയോ? പുതിയ വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക ശരിവച്ച് അമേരിക്ക; കോവിഡ് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം അനേകം അമേരിക്കൻ കുട്ടികൾക്ക് കോവിഡ് ബാധ
ന്യൂയോർക്ക്: കോവിഡിന്റെ ആരംഭകാലം മുതൽ തന്നെ ശാസ്ത്രലോകം ഭയത്തോടെ ചിന്തിച്ചിരുന്നതാണ് കൊറോണയെന്ന വൈറസിന് ജനിതകമാറ്റം സംഭവിച്ച് അതിഭീകര വൈറസായി മാറുന്ന ഒരു കാലത്തെ കുറിച്ച്. അത് യാഥാർത്ഥ്യമായി വരികയാണോ എന്ന് തോന്നിപ്പിക്കും വിധമാണ് ഇപ്പോഴത്തെ സ്ഥിതിഗതികൾ. ലോകമാകമാനം ആഞ്ഞടിക്കുന്ന ഡെൽറ്റ വകഭേദം ഈ ഭയാശങ്കകൾ തീരെ അസ്ഥാനത്തല്ലെന്ന സൂചനകളാണ് നൽകുന്നത്. ബ്രിട്ടനിലെ ഏറ്റവും പുതിയ സ്ഥിതിഗതികളും ഇക്കാര്യം അടിവരയിട്ടു പറയുന്നു.
ഈ പുതിയ വകഭേദം, ആദ്യം പുറത്തുവന്ന കൊറോണയേക്കാൾ 40 മുതൽ 60 ശതമാനം വരെ അധിക വ്യാപനശേഷിയുള്ളതാണെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപനം കുറഞ്ഞുവരുന്നതായി കാണുന്നുണ്ട്. മാത്രമല്ല, രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നുണ്ട്. ആശുപത്രികളിൽ എത്തിയവരിൽ തന്നെ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണ്. എഴുപത്തി അഞ്ചു ശതമാനത്തിലധികം ബ്രിട്ടീഷുകാർക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചതിനുശേഷം ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്.
എന്നാൽ തികച്ചും വ്യത്യസ്തമായ ചിത്രമാണ് അമേരിക്കയിൽ നിന്നും എത്തുന്നത്. പല സംസ്ഥാനങ്ങളിലും രോഗവ്യാപനതോത് കുതിച്ചുയരുകയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതും വാക്സിൻ പദ്ധതി മന്ദഗതിയിലായതും എരിതീയിൽ എണ്ണയൊഴിച്ചിരിക്കുന്നു. എന്നാൽ, അതിനേക്കാൾ ഏറെ മനുഷ്യകുലത്തിന് പരിഭ്രാന്തി നൽകുന്നത് ഈ പുതിയ തരംഗത്തിൽ കൂടുതൽ കുട്ടികൾ രോഗബാധിതരാകുന്നു എന്ന വസ്തുതയാണ്. അലബാമ, അർക്കനാസ, ലൂസിയാന, ഫ്ളോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോവിഡ് ബാധിതരാകുന്ന കുട്ടികളുടെ എണ്ണം പെരുകുകയാണ്.
ജൂലായ് അവസാനത്തിൽ ലൂസിയാനയിലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 4,232 കുട്ടികളാണ് ഗുരുതരമായ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സതേടി എത്തിയത്. ഫ്ളോറിഡയിൽ 12 വയസ്സിനു താഴെയുള്ള 10,785 പേർക്ക് ഇക്കാലയളവിൽ രോഗം സ്ഥിരീകരിച്ചപ്പോൾ, 12 നും 19 നും ഇടയിൽ പ്രായമുള്ള 11,048 പേർക്കും രോഗം സ്ഥിരീകരിച്ചു. ജൂലായ 23 നും 30 ഇടയിൽ 224 കുട്ടികളെയാണ് രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. കോവിഡിന്റെ ആരംഭകാലം മുതൽ പറഞ്ഞിരുന്നത് കോവിഡിൽ നിന്നും കുട്ടികൾ പൊതുവെ സുരക്ഷിതരാണെന്നായിരുന്നു എന്നോർക്കണം.
കുട്ടികളിൽ വളരെ കുറച്ചുപേർ മാത്രമേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയുള്ളു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്. അതുകൊണ്ടു തന്നെ രോഗത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുകയില്ല. ചെറിയ കുട്ടികളേക്കാൾ കൂടുതൽ കൂട്ടം ചേരുന്നതും അടുത്ത് ഇടപഴകുന്നതും കൗമാരക്കാരായതിനാൽ ആണ് ആ പ്രായപരിധിയിൽ ഉൾപ്പെടുന്നവരിൽ രോഗവ്യാപനം കൂടുന്നതെന്നും അനുമാനിക്കുന്നു.
ഇംഗ്ലണ്ടിൽ പ്രതിദിനം നാല്പതോളം കുട്ടികളെ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേഴിപ്പിക്കപ്പെടുന്നു എന്നാണ് ഒരു പ്രമുഖ പകർച്ചവ്യാധി വിദഗ്ദ പറഞ്ഞത്. ഇത് കൗമാരക്കാർക്കും എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. അതില്ലെങ്കിൽ, വരുന്ന സെപ്റ്റംബറിൽ സ്കൂളുകൾ വേനലവധിക്ക് ശേഷം തുറക്കുമ്പോൾ കാര്യങ്ങൾ നിയന്ത്രണാധീതമായേക്കുമെന്നും ഈ രംഗത്തെ പല പ്രമുഖരും മുന്നറിയിപ്പ് നൽകുന്നു.
മറുനാടന് ഡെസ്ക്