- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ വ്യാപക കോവിഡ് വ്യാപനം; കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ 262 പേർക്ക് കോവിഡ്; മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകൾ അടച്ചു; രോഗബാധിതരായവരെല്ലാം പത്താം ക്ലാസ് വിദ്യാർത്ഥികൾ
മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ട് സ്കുളുകളിൽ വ്യാപക കോവിഡ് വ്യാപനം. മാറാഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിന് പിന്നാലെ വന്നേരി ഹയർ സെക്കണ്ടറി സ്കൂളിലുമാണ് കോവിഡ് വ്യാപനമുണ്ടായത്. രണ്ട് സ്കൂളുകളിലുമായി വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരുമടക്കം 262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 148 വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപകരുമുൾപ്പെടെ മറ്റു 39 പേരുമാണു പോസിറ്റീവായത്. പെരുമ്പടപ്പ് വന്നേരി എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ 39 വിദ്യാർത്ഥികൾക്കും 36 അദ്ധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥികളാണ് കോവിഡ് പോസിറ്റീവായവരെല്ലാം. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. രണ്ടു സ്കൂളുകളിലും കഴിഞ്ഞ 25 മുതൽ പത്താം ക്ലാസുകാർക്കുള്ള അധ്യയനം തുടങ്ങിയിരുന്നു.
മാറഞ്ചേരി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കമുള്ള മറ്റു കുട്ടികളെയും അദ്ധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വന്നപ്പോൾ ആകെ പരിശോധിച്ച 632 പേരിൽ 187 പേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വന്നേരി സ്കൂളിലെ ഒരു അദ്ധ്യാപകൻ കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് ഇവിടുത്തെ കുട്ടികളെയും ജീവനക്കാരെയും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയത്. നിലവിൽ കോവിഡ് പോസിറ്റീവായവരോടും അവരുമായി സമ്പർക്കമുള്ളവരോടും ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ഇരു സ്കൂളുകളിലെയും ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികളെയും മറ്റു ജീവനക്കാരെയും ഉടൻ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.-
മറുനാടന് മലയാളി ബ്യൂറോ