ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിൽ ആശങ്കയേറുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 62,258 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും രോഗബാധ അറുപതിനായിരം കടക്കുന്നത്. കഴിഞ്ഞദിവസം 59,118 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെല്ലാം രോഗബാധ രൂക്ഷമാണ്.

രാജ്യത്ത് 1,19,08,910 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,61,240 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് ഇതുവരെ ജീവൻ നഷ്ടമായത്. നിലവിൽ 4,52,647 പേരാണ് ചികിൽസയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനോടകം 5,81,09,773 പേർക്കാണ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്.

ഇന്നലെ മാത്രം 291 പേർ കോവിഡ് മൂലം മരിച്ചു. ഡിസംബർ 30 ന് ശേഷം ഇതാദ്യമായാണ് ഇത്രയും പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നത്. 30,386 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 1,12,95,023 ആയി.

മാർച്ച് 26 വരെയുള്ള കണക്കുകൾ പ്രകാരം 23,97,69,553 സാമ്പിളുകൾ പരിശോധിച്ചതായും ഇതിൽ വെള്ളിയാഴ്ച മാത്രം 11,64,915 സാമ്പിളുകൾ പരിശോധിച്ചതായും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

കഴിഞ്ഞ 15 ദിവസമായി രാജ്യത്ത് കോവിഡ് വ്യാപനത്തിൽ വൻവർധനയാണുണ്ടാകുന്നത്. വെള്ളിയാഴ്ച മാത്രം 32,000 ലേറെ പേർക്കാണ് രോഗബാധയുണ്ടായത്. മഹാരാഷ്ട്രയിൽ ഇന്നലെ 36,902 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 5515 പേർക്ക് രോഗബാധ കണ്ടെത്തി. സംസ്ഥാനത്ത് പുതുതായി 1.8 ലക്ഷം പേർക്ക് രോഗബാധയുണ്ടെന്നാണ് കണക്ക്. രോഗവ്യാപനം കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങൾക്കും മാളുകൾക്കുമെല്ലാം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

India reports 62,258 new #COVID19 cases, 30,386 recoveries, and 291 deaths in the last 24 hours, as per the Union Health Ministry.

Total cases: 1,19,08,910
Total recoveries: 1,12,95,023
Active cases: 4,52,647
Death toll: 1,61,240

Total vaccination: 5,81,09,773 pic.twitter.com/CAvFAsMpPX

- ANI (@ANI) March 27, 2021