ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി അതിരൂക്ഷം. ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,61,736 പുതിയ കോവിഡ് കേസുകളാണ് . 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു.

തുടർച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിൽസയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു. ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേർ ഇതിനകം രോഗമുക്തരായി.

ഇന്നലെ 97,168 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,22,53,697 ആയി ഉയർന്നു. നിലവിൽ 12,64,698 പേർ ചികിൽസയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് രണ്ടം വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. മെയ്‌ 4 മുതലാണ് സി.ബി.എസ്.ഇ പരീക്ഷകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്ന പ്രായോഗിമല്ലെന്നും കൂടുതൽ വ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള ആശങ്കയാണ് മാറ്റിവയ്ക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്.

പരീക്ഷ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക റോബർട്ട് വധേരയും ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തി പരീക്ഷ എഴുതുന്നതിൽ ലക്ഷക്കണക്കിന് കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണെന്ന് പ്രിയങ്ക അയച്ച കത്തിൽ പറയുന്നു.

സി.ബി.എസ്.ഇ, 10, 12 ക്ലാസുകൾക്ക് പുറമേ മറ്റ് സ്‌കുൾ ബോർഡ് പരീക്ഷകളും മാറ്റിവയ്ക്കുന്നതിൽ ദേശീയ തലത്തിൽ സമവായം രൂപീകരിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു കഴിഞ്ഞു. സി.ബി.എസ്.ഇയും ഐ.സി.എസ്.ഇ.യുമടക്കമുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് 10 കോടി പേർ ഇതിനോടകം വാക്സിൻ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിനേഷൻ വേഗത്തിലാക്കാനുള്ള മഹാ വാക്സിനേഷൻ ക്യാമ്പുകൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ അരലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,312 പേരാണ് രോഗബാധിതർ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ട്. 258 പേർ കോവിഡ് ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 34,58,996 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,34,473പേർ രോഗമുക്തരായി. ഇതുവരെ 58,245 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 5,64,746 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, താനെ, പൂണെ, നാഗ്പൂർ ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ മുംബൈയിൽ അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു

കോവിഡ് നിരക്ക് കുത്തനെ വർധിക്കുന്ന ഛത്തീസ്‌ഗഡിലെ റായ്പുരിൽ മാത്രം 55 മൃതദേഹങ്ങൾ പ്രതിദിനം സംസ്‌കരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. അതിൽ ഭൂരിഭാഗവും കോവിഡ് മൂലം മരിച്ചവരുടേതാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവുമധികം ബാധിക്കപ്പെട്ട പത്ത് സംസ്ഥാനങ്ങളിലൊന്നായ ഛത്തീസ്‌ഗഡിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം 10,521 ആണ്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,43,297 ആയി. കോവിഡ് മൂലം സംസ്ഥാനത്തിതു വരെ 4,899 പേരാണ് മരിച്ചത്. ഛത്തീസ്‌ഗഡിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണുള്ളത്

അപ്രതീക്ഷിതമായുള്ള കോവിഡ് മരണസംഖ്യയിലെ വർധനവ് മൃതശരീരങ്ങൾ സംസ്‌കരിക്കുന്നത് വരെ സൂക്ഷിക്കുന്ന കാര്യത്തിൽ വരെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഫ്രീസറുകൾ ലഭ്യമല്ല, മോർച്ചറികൾ നിറഞ്ഞിരിക്കുന്നു. കോവിഡ് കാരണമല്ലാതെയുണ്ടാകുന്ന മരണങ്ങൾ വേറെയും. ഉള്ള സ്ഥലത്ത് മൃതദേഹങ്ങൾ സൂക്ഷിക്കുക മാത്രമാണ് ആശുപത്രി അധികൃതർക്ക് ആകെ ചെയ്യാനുള്ളത്. മരണസംഖ്യ കൂടിയാലുള്ള അവസ്ഥയെ കുറിച്ചുള്ള ആശങ്ക വേറെയും.

'കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗങ്ങളും ഓക്സിജൻ സൗകര്യമുള്ള കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. രണ്ടോ മൂന്നോ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതിൽ നിന്ന് മരണസംഖ്യ ഏറെ വർധിച്ചിരിക്കുന്നു. 10-20 രോഗികളുടെ മരണം പ്രതീക്ഷിച്ചിരിക്കുമ്പോൾ മരണസംഖ്യ 50-60 എന്ന നിലയിലിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്', റായ്പുർ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മീര ഭാഗേൽ പറയുന്നു.

പ്രതിരോധ നടപടികളുടെ പിൻബലത്തിൽ കോവിഡിനെതിരെയുള്ള പോരാട്ടം നാം ഏറെക്കുറെ ജയിച്ച അവസ്ഥയായിരുന്നു. എന്നാലിപ്പോൾ സ്ഥിതി പാടെ മാറിയിരിക്കുന്നു.

'കോവിഡ് ലക്ഷണങ്ങൾ പ്രകടമാകാത്ത രോഗികളിൽ പോലും രോഗാവസ്ഥ പെട്ടെന്ന് വഷളാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്യുന്നതാണ് നിലവിൽ കണ്ടുവരുന്നത്. കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കാനാവുന്നില്ല എന്നതാണ് നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി', ഡോക്ടർ മീര ഭാഗേൽ കൂട്ടിച്ചേർത്തു.

ലോകത്ത് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിൽ 1.60 ലക്ഷം കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ അമേരിക്കയിൽ 56,522 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബ്രസീലിൽ 40,000ത്തിനടുത്ത് മാത്രമാണ് പുതിയ കേസുകൾ.

അതേസമയം പ്രതിദിന മരണനിരക്കിൽ അമേരിക്കയേക്കാളും ഇന്ത്യയേക്കാളും മുന്നിലാണ് ബ്രസീൽ. 1,738 പുതിയ കോവിഡ് മരണങ്ങളാണ് ബ്രസീലിൽ സ്ഥിരീകരിച്ചത്.