ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരമ്പോൾ പ്രതിസന്ധിയും അതിരൂക്ഷം. പല സ്ഥലത്തും ആശുപത്രികളിൽ കിടക്കകളില്ല. ഐസിയുവിന്റെ കുറവുമുണ്ട്. തിങ്കഴാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം ബാധിച്ചത്. ആദ്യമായാണ് ഒറ്റദിവസം ഇത്രയേറെ രോഗികളുണ്ടാകുന്നത്. ഇന്ത്യയിൽ ഇതുവരെ 1,50,61,919 പേർക്കാണ് കോവിഡ് ബാധിച്ചത്. 1619 പേർ മരിച്ചതോടെ മരണസംഖ്യ 1,78,769 ആയി.

രാജ്യത്ത് ഇതുവരെ രണ്ടുഡോസ് വാക്‌സിനും ലഭിച്ചത് 1,61,91,514 പേർക്ക്. രാജ്യത്തെ ജനസംഖ്യയുടെ 1.33 ശതമാനം മാത്രമാണിത്. വാക്‌സിനേഷൻ കൂടുതൽപേരിലെത്തിക്കുകയാണ് കോവിഡ് രണ്ടാം തരംഗത്തിനു തടയിടാൻ പ്രധാന പോംവഴി. അതുകൊണ്ട് തന്നെ ഈ കണക്ക് ആശാവഹമല്ല. അതുകൊണ്ട് തന്നെ അതിവേഗം രണ്ട് ഡോസ് വാക്‌സിൻ പരമാവധി പേർക്ക് കൊടുക്കാനാണ് തീരുമാനം. കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്. വേണ്ടി വന്നാൽ രാജ്യവ്യാപക ലോക് ഡൗൺ കേന്ദ്ര സർക്കാരും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

അതിനിടെ കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡൽഹി ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ ഉത്തർപ്രദേശിലെ ലഖ്‌നൗ അടക്കമുള്ള നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത. ഞായറാഴ്ച 68,000-ത്തിലധികം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 14 മുതൽ 15 ദിവസത്തേക്ക് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. അതുകൊണ്ടാണ് ലോക്ഡൗണിനെ കുറിച്ച് മഹാരാഷ്ട്രയും ആലോചിക്കുന്നത്.

ഡൽഹിയിലും ലോക്ഡൗണാണ്. ആറു ദിവസത്തെ ഈ മാതൃക വിജയകരമായാൽ രാജ്യത്തുടനീളം ലോക്ഡൗണിലേക്ക് കാര്യങ്ങളെത്തും. തമിഴ്‌നാട്ടിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ചൊവ്വാഴ്ച നിലവിൽവരും. കൂടാതെ, വിനോദസഞ്ചാര മേഖലകളിലും കടൽക്കരകളിലും പാർക്കുകളിലും സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു.

കോവിഡ് ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രികളിൽ നീക്കിവെച്ച കിടക്കകളിൽ 80 ശതമാനത്തിലും രോഗികളെ പ്രവേശിപ്പിച്ചുകഴിഞ്ഞതായി സർക്കാർ വ്യക്തമാക്കി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 12,000 കടക്കുമ്പോഴാണ് ഈ സ്ഥിതി. കോവിഡ് ചികിത്സയ്ക്കായി 270 കോച്ചുകൾ സജ്ജീകരിക്കാമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ സംസ്ഥാനസർക്കാരിനെ അറിയിച്ചിട്ടുണ്ട്. 4300 രോഗികളെ കിടത്താൻ ആവശ്യമായ സൗകര്യം ഈ കോച്ചുകളിൽ ഒരുക്കാൻ കഴിയും.

കേരളത്തിൽനിന്നെത്തുന്നവർക്ക് മഹാരാഷ്ട്രയിൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഗോവ, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡില്ലാസർട്ടിഫിക്കറ്റ് കാണിക്കണം. ഇവർക്ക് 15 ദിവസത്തെ സമ്പർക്കവിലക്കും നിർദേശിച്ചു. സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ സ്റ്റേഷനിൽവെച്ച് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തേണ്ടിവരും.

ജനസംഖ്യയ്ക്ക് ആനുപാതികമായി വാക്‌സിൻ കുത്തിവെപ്പ് നടത്തിയെങ്കിൽമാത്രമേ വൈറസിനെ നിയന്ത്രണവിധേയമാക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ. ഇപ്പോഴുള്ള രീതി പിന്തുടർന്നാൽ വൈറസിനെ നിയന്ത്രണവിധേയമാക്കുന്നതിന് കാലതാമസം എടുത്തേക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ ഞായറാഴ്ചവരെ രണ്ടാം ഡോസ് വാക്‌സിൻ ലഭിച്ചത് 6,73,960 പേർക്കാണ് ഇത് ആകെ ജനസംഖ്യയുടെ 2.01 ശതമാനം വരും.

കുറച്ചുപേരെ മാറ്റിനിർത്തി ഒരു പ്രത്യേക പ്രായപരിധിയിലുള്ളവർക്കുമാത്രം വാക്‌സിൻ നൽകിയതുകൊണ്ട് കോവിഡിനെ നിയന്ത്രിക്കാൻ കഴിയില്ല. ഇത് വൈറസിന് ജനിതകമാറ്റത്തിനും തിരിച്ചുവരവിനും വഴിയൊരുക്കും. ഒരുപക്ഷേ, വാക്‌സിൻ എടുത്തവർക്കുപോലും വീണ്ടും രോഗം വരാൻ ഇതുകാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.