കോവിഡിന്റെ ഒന്നാം തരംഗത്തെ അദ്ഭുതകരമായി തടുത്ത് ലോക രാജ്യങ്ങൾക്ക് തന്നെ മാതൃകയായ രാജ്യമാണ് ഇന്ത്യ. പല വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്തവിധം മരണസംഖ്യ പിടിച്ചുനിർത്തുകയും ഒപ്പം രോഗവ്യാപനം വളരെ കാര്യക്ഷമമമായി തന്നെ കുറച്ചുകൊണ്ടുവരികയും ചെയ്തു. ധാരാവി പോലൊരുസ്ഥലത്ത് നടത്തിയ പ്രവർത്തനങ്ങൾ മാത്രം മതിയായിരുന്നു ലോകത്തിന്റെ കൈയടിനേടാൻ. അത്രയും ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരിടം മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും സർവ്വ നാശമാകുമായിരുന്നു ഫലം എന്ന് പല പാശ്ചാത്യ വിദഗ്ദരും തുറന്നു പറഞ്ഞിട്ടുമുണ്ട്.

എന്നാൽ, സകലതും ഇളക്കി മറിച്ചുകൊണ്ടുള്ള കൊറോണയുടെ രണ്ടാം വരവിൽ തികച്ചും നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമാണ് സർക്കാരിന് കഴിയുന്നത്. ഇന്ന് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളിൽ മൂന്നിൽ ഒരാൾ ഇന്ത്യയിൽ നിന്നാണ്. രണ്ടുമാസം മുൻപ് പല പാശ്ചാത്യ വിദഗ്ദരും പഠനവിഷയമാക്കാൻ ഒരുങ്ങിയ ഒരു ഇന്ത്യൻ മോഡൽ കൊറോണ പ്രതിരോധം ഇവിടെ ഉണ്ടായിരുന്നു എന്നതോർക്കണം. ആ രാജ്യം ഇന്ന് ബ്രസീലിനേയും മറികടന്ന് കോവിഡ് രോഗികളുടെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുകയാണ്.

ശ്വാസം മുട്ടി പിടയുന്ന ഇന്ത്യ

ഇന്നലെ മാത്രം 3,45,147 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. 2,621 മരണങ്ങളും രേഖപ്പെടുത്തി. മഹാനഗരങ്ങളിൽ പലയിടങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതിനാൽ ചികിത്സ ലഭ്യമാകാതെ തന്നെ നിരവധി പേർ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. രാജ്യ തലസ്ഥാനത്ത് പോലും ഓക്സിജൻ ആവശ്യത്തിന് ലഭ്യമല്ലാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കുമ്പോൾ ചെറു പട്ടണങ്ങളിലേയും നഗരങ്ങളിലേയും അവസ്ഥ ആലോചിക്കാവുന്നതല്ലേയുള്ളു.

ഇന്നലെ ഡെൽഹിൽ മാത്രം 348 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24,331 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കോടതി വരെ ഇക്കാര്യത്തിൽ ഇടപെടുന്ന സാഹചര്യമുണ്ടായി. എവിടെ പോയി യാജിച്ചായാലും മോഷ്ടിച്ചായാലും ജനങ്ങൾക്ക് ഓക്സിജൻ എത്തിക്കണമെന്ന കർശന നിർദ്ദേശം കേന്ദ്ര സർക്കാരിന് നൽകിയിരിക്കയാണ് ഡൽഹി ഹൈക്കോടതി.

കാര്യങ്ങളുടെ ഗൗരവം മനസ്സിലായതോടെ ഇന്നലെ രാജ്യത്താകമാനമുള്ള ഓക്സിജൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി ഒരു വെർച്വൽ യോഗം ചേരുകയുണ്ടായി. തങ്ങളുടെ വ്യവസായശാലകളിലെ ക്ഷമത പൂർണ്ണമായും ഉപയോഗപ്പെടുത്തി, പരമാവധി മെഡിക്കൽ ഓക്സിജൻ നിർമ്മിക്കാൻ അവരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. റെയ്ൽവേയും എയർഫോഴ്സും മെഡിക്കൽ ഓക്സിജൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കാൻ പരമാവധി ശ്രമിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

വാക്സിൻ പദ്ധതി പാളുന്നുവോ ?

ജനുവരിയിൽ തന്നെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ വാക്സിൻ പദ്ധതി വൈകിയാണ് ആരംഭിച്ചതെങ്കിലും ഇതുവരെ 127 മില്ല്യൺ ആളുകൾക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും നൽകിക്കഴിഞ്ഞു. എന്നാൽ, നേരത്തേ പ്രഖ്യാപിച്ചതുപോലെ ജൂലായ് മാസത്തോടെ 250 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകുക എന്നത് തീർത്തും അസംഭവ്യമായ ഒരു കാര്യമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പ്രത്യേകിച്ച് പല സംസ്ഥാനങ്ങളിൽ നിന്നും വാക്സിൻ ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും വന്നുതുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ.

ലോകത്തിൽ തന്നെ ഏറ്റവും വേഗതയിൽ 100 മില്യൺ വാക്സിനുകൾ നൽകിയ രാജ്യമാണ് ഇന്ത്യ. 85 ദിവസം കൊണ്ടാണ് ഇന്ത്യ 100 മില്യൺ വാക്സിനുകൾ നൽകിത്തീർത്തത്. അമേരിക്ക ഇതിനായി 89 ദിവസങ്ങൾ എടുത്തപ്പോൾ ചൈനയ്ക്ക് 102 ദിവസങ്ങൾ വേണ്ടിവന്നു 100 മില്യൺ വാക്സിനുകൾ പൂർത്തിയാക്കുവാൻ. അതുപോലെ, പല മൂന്നാം ലോക രാജ്യങ്ങളിലേക്കും നേരിട്ടും, ഐക്യരാഷ്ട്ര സഭ വഴിയും വാക്സിൻ കയറ്റുമതി ചെയ്ത് ലോകത്തിന്റെ കൈയടി നേടിയ രാജ്യമാണ് ഇന്ത്യ. ആ രാജ്യമാണ് ഇന്ന് വാക്സിൻ പദ്ധതിയിൽ എങ്ങുമെത്താതെ ഉഴലുന്നത്. കൂടാതെ നിദാന്തം വേട്ടയാടുന്ന വാക്സിൻ ക്ഷാമവും.

ലോകത്തിലെ, കോവിഡ് വാക്സിന്റെ പവർ ഹൗസ് എന്നറിയപ്പെട്ടിരുന്ന, വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ റഷ്യയുടെ സ്പുട്നിക് ഉൾപ്പടെയുള്ള മറ്റ് വാക്സിനുകൾ കൂടി ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്ക് അടിയന്തരമായി ഇന്ത്യയിലും അനുമതി നൽകുവാനുള്ള നയമാറ്റം ഇതിന്റെ തുടക്കമാണ്.

തിരിച്ചടിച്ചത് അമിതമായ ആത്മവിശ്വാസമോ?

ഒന്നാം വരവിനെ കരുതലോടെ തടഞ്ഞ ഇന്ത്യയുടെ നടപടികൾ ലോക പ്രശംസയാർജ്ജിച്ചു. ഇത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു എന്നു മാത്രമല്ല, അമിതമായ ആത്മവിശ്വാസത്തിനും കാരണമായി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരോന്നായി നീക്കം ചെയ്ത ഇന്ത്യയിൽ പിന്നെ തികച്ചും സാധാരണ രീതിയിലുള്ള ഒരു ജീവിതമായിരുന്നു കണ്ടത്. കൊറോണ എന്നൊരു യാഥാർത്ഥ്യം നമുക്ക് ചുറ്റുമുണ്ടെന്നകാര്യം ഇന്ത്യാക്കാർ അംഗീകരിക്കാൻ തയ്യാറായില്ല എന്നതാണ് സത്യം.

പരമ്പരാഗത രീതിയിൽ ആൾകൂട്ടത്തോടെ വിവാഹങ്ങളും മറ്റു കുടുംബചടങ്ങുകളും നടന്നപ്പോൾ, മതപരമായ ചടങ്ങുകൾക്കും അനുമതി നൽകി. ഇതിനൊപ്പമായിരുന്നു ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ വന്നത്. ആൾക്കൂട്ടം ഒരു നിത്യസംഭവമാകുന്ന തരത്തിലായിരുന്നു, ആത്മവിശ്വാസം അധികമായ ഇന്ത്യയുടെ പോക്ക്. കാര്യങ്ങൾ നിയന്ത്രിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും കടുത്ത നടപടികളിലേക്ക് നീങ്ങിയില്ല. പൊതുവായി ഇതുതന്നെയാണ് രണ്ടാം വരവിനെ അതിരൂക്ഷമാക്കിയത് എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

സഹായ ഹസ്തവുമായി ലോകരാഷ്ട്രങ്ങൾ

ഒരിക്കൽ, കൊറോണയെ തുരത്തി നെഞ്ചുവിരിച്ചുനിന്ന ഇന്ത്യ ഇപ്പോൾ കൊറോണയുടെ മുന്നിൽ ഭയന്നുവിറച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. സഹതാപ പൂർവ്വം ഇന്ത്യയെ നോക്കുന്ന ലോകരാജ്യങ്ങൾ പലവിധത്തിലും ഇന്ത്യയെ സഹായിക്കാനും എത്തുന്നുണ്ട്. ഒരൊറ്റ ദിവസം മാതൃം 3 ലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യയെ എങ്ങനെ സഹായിക്കാനാകും എന്നകാര്യം ബ്രിട്ടൻ ഗൗരവമായി ചിന്തിക്കുകയാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മൊബൈൽ ഓക്സിജൻ യൂണിറ്റുകൾ ഇന്ത്യയ്ക്ക് നൽകാൻ തയ്യാറായി ജർമ്മനി മുന്നോട്ട് വന്നതുപോലെ ഇന്ന് ഇന്ത്യയിൽ കഠിന ക്ഷാമം നേരിടുന്ന വെന്റിലേറ്ററുകൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന കാര്യം വിവിധ ബ്രിട്ടീഷ് വെന്റിലേറ്റർ നിർമ്മാതാക്കളുമായി സർക്കാർ ചർച്ച ച്യുതു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് ഉൾപ്പടെയുള്ള മറ്റിനങ്ങളും ഇന്ത്യയ്ക്ക് നൽകാൻ ബ്രിട്ടൻ പദ്ധതിയിടുന്നുണ്ട്.