- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗയുടെ തീരത്ത് ആയിരക്കണക്കിന് മൃതദേഹങ്ങൾ കുന്നുകൂടുന്നു; കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; ഒരു ദിവസത്തെ ഔദ്യോഗിക മരണം പോലും 4200 ന് മുകളിൽ; ഇന്ത്യയുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് നിരന്തരം വാർത്തകളുമായി വിദേശ മാധ്യമങ്ങൾ
ലക്‌നൗ: ഗംഗാനദിയുടെ തീരത്ത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങൾ ഇന്ത്യയുടെ പുതിയ പ്രതീകമായിമാറ്റുകയാണ് പല വിദേശ മാധ്യമങ്ങളും. കോവിഡ് ബാധിച്ചു മരിച്ചവരെ കുഴിച്ചിട്ടിരുന്ന ഇടങ്ങളിൽ നിന്നും കഴിഞ്ഞദിവസത്തെ മഴയിൽ പുറത്തെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളും അവർ പ്രചരിപ്പിക്കുകയാണ്. പ്രയാഗ്രാജിൽനിന്നും 40 കിലോമീറ്റർ അകലെയുള്ള ശ്രിങ്വേർപൂർ എന്ന ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്.
കാവിപുതച്ച ശ്മശാനഭൂമിയിൽ പെയ്ത കനത്ത മഴയാണ് ഏ അവസ്ഥ സംജാതമാക്കിയത്. മൃതദേഹാവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തുന്ന നായ്ക്കളെ ഓടിക്കൻ മുൻസിപ്പൽ അധികൃതർ കഷ്ടപ്പെടുകയാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം വരവ് ശക്തമായതോടെ മരണനിരക്കും നിയന്ത്രണാതീതമായി ഉയർന്നിരിക്കുകയാണ്. ഇന്നലെയും ഇവിടത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന പ്രക്രിയ തുടർന്നിരുന്നു.
2,59,551 പേർക്ക് ഇന്നലെ ഇന്ത്യയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ 4,209 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് ഔദ്യോഗിക കണക്കാണ്. യഥാർത്ഥ സംഖ്യകൾ ഇതിന്റെ പതിന്മടങ്ങായിരിക്കുമെന്നാണ് ചില മാധ്യമങ്ങൾ സൂചിപ്പിച്ചത്. ആശുപത്രികളും മോർച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ദയനീയ ചിത്രമാണ് വിദേശമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡിനൊപ്പം അതിഭീകരമായ ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയെ കടന്നാക്രമിക്കുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബിഹാറിലെ പറാസിൽ ഒരു സ്വകാര്യ ആശുപത്രിയിൽ45 കാരിയായ ഒരു കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ വാർത്ത മിക്ക വിദേശ മാധ്യമങ്ങളുടെയും തലക്കെട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് 16 നായിരുന്നു സംഭവം നടന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ആശുപത്രിയിലെ മൂന്നു ജീവനക്കാർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
രോഗം അതീവ ഗുരുതരമായതിനാൽ ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന് ഇവരുടെ മകൾ പറയുന്നു. ബലാത്സംഗം ചെയ്തതിനു ശേഷം വിവരം പുറത്ത് പറയാതിരിക്കാൻ ഡോക്ടർമാർ വെന്റിലേറ്ററിന്റെ കണക്ഷൻ വിഘടിപ്പിച്ച് ഇവരെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു എന്ന് മകൾ ആരോപിക്കുന്നു. ഇക്കാര്യം ബീഹാറിലെ ഒരു പ്രാദേശിക രാഷ്ട്രീയപാർട്ടിയെ അറിയിച്ചിട്ടുണ്ട് എന്നും നിയമനടപടികളുമായി മുന്നോട്ടുപോവുകയാണെന്നും മരണമടഞ്ഞ സ്ത്രീയുടെ മകൾ പറഞ്ഞു.
മറുനാടന് ഡെസ്ക്