- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ ഇന്നലെ നടത്തിയത് 2.6ലക്ഷം പരിശോധന; രോഗികൾ വെറും 313ഉം; ഡൽഹിയിൽ 59000 ടെസ്റ്റ് നടത്തിയപ്പോൾ തിരിച്ചറിഞ്ഞത് 131 വൈറസ് ബാധിതരെ; ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ ഏറ്റവും മുന്നിലുള്ളത് കേരളം; രണ്ടാം തരംഗത്തെ പതിയെ മറികടന്ന് രാജ്യം; ഉത്തരേന്ത്യയിൽ യാത്രാ നിയന്ത്രണങ്ങൾ ഒഴിവാകുമ്പോൾ
ന്യൂഡൽഹി: ഇന്നലെ ഡൽഹിയിൽ നടത്തിയത് അമ്പത്തിയൊൻപതിനായിരം കോവിഡ് ടെസ്റ്റുകൾ. ഇതിൽ പോസിറ്റീവായത് 131 പേർ മാത്രം. ഉത്തർപ്രദേശിൽ നടത്തിയത് 2.6ലക്ഷം കോവിഡ് പരിശോധന. പോസിറ്റീവ് കേസുകൾ വെറും 313ഉം. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉത്തരേന്ത്യയെ രണ്ടാം തരംഗത്തിൽ നിന്ന് രക്ഷിക്കുകയാണ്. രാജസ്ഥാനിൽ ഇന്നലെ പുതുതായി കണ്ടെത്തിയത 277 രോഗികളെ. ഗുജറാത്തിൽ 405ഉം ഹരിയാനയിൽ 268ഉം ബീഹാറിൽ 324ഉം. അങ്ങനെ കോവിഡിൽ ഉത്തരേന്ത്യയിൽ നിന്ന് വരുന്നത് ആശ്വാസക്കണക്കുകളാണ്.
ടിപിആർ നിരക്കും ഏറെ കുറഞ്ഞു. ഡൽഹിയിലും യുപിയിലും ഗുജറാത്തിലും ബീഹാറിലും രാജസ്ഥാനിലും ഒരു ശതമാനത്തിൽ താഴെയാണ്. ഇന്നലെ രാജ്യത്ത് 59,958 പുതിയ കോവിഡ് രോഗികളെയാണ് തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിൽ 8129ഉം കർണ്ണാടകയിൽ 6,835ഉം കേരളത്തിൽ 7719ഉം തമിഴ്‌നാട്ടിൽ 12,772ഉം ആന്ധ്രാപ്രദേശിൽ 4549ഉം രോഗികൾ. ബംഗാളിലും വ്യാപന തോത് കുറയുകയാണ്. 3519 ആണ് ഇന്നലത്തെ പുതിയ രോഗികൾ. ഒഡീഷയിൽ 4339ഉം അസമിൽ 3678ഉം രോഗികൾ.
കോവിഡ് വ്യാപനം കുറയുമ്പോഴും മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഡെൽറ്റാ വകഭേദം അതിവേഗം പടർന്നു പിടിക്കും. അതുകൊണ്ട് തന്നെ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ രാജ്യത്തുടനീളം ഉണ്ടാകും. ഇതിലൂടെ മാത്രമേ കോവിഡിനെ പിടിച്ചു കെട്ടാൻ കഴിയൂവെന്നതാണ് വിലയിരുത്തൽ. 25 കോടി പേരിലാണ് ഇതുവരെ വാക്‌സിനേഷൻ നടത്താൻ രാജ്യത്ത് കഴിഞ്ഞിട്ടുള്ളത്.
അതായത് എട്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് അതിവ്യാപന സാധ്യത പോലും ഇപ്പോഴുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇപ്പോൾ മുൻപിൽ കേരളമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ഉയരത്തിലാണ് ഇത്. ഇന്നലെ രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ ടെസ്റ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. കേരളത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടി.പി.ആർ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ അത് 10 ശതമാനത്തിലും താഴെയായിരിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചയിൽ പത്തു ശതമാനം കുറവ് ടി.പി.ആറിൽ ഉണ്ടായതായി കാണാൻ സാധിച്ചു. കേസുകളുടെ എണ്ണത്തിൽ 20 ശതമാനവും കുറവുണ്ടായിരിക്കുന്നു. ഇത് കേരളത്തിനും ആശ്വാസമാണ്.
രാജ്യത്തു കോവിഡ് കേസുകൾ കുറയുകയും രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്തതോടെ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവുകൾ. ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചിട്ടുണ്ട്. 95.43% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മാർച്ചിനു ശേഷമുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. പൊതുവേ കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഭാഗിക ലോക്ഡൗണുകളുണ്ട്.
ഡൽഹി, ഹിമാചൽ, രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വാരാന്ത്യ കർഫ്യൂ കർശനമാണ്. എല്ലായിടത്തും രാത്രി കർഫ്യൂ ഉണ്ട്. വിനോദോപാധികളും ജിമ്മുകളും മറ്റും മിക്കയിടത്തും അടഞ്ഞു തന്നെ. ഡൽഹി കഴിഞ്ഞയാഴ്ച തന്നെ ഇളവുകൾ നൽകിത്തുടങ്ങി. ഇന്നലെ മുതൽ കടകളെല്ലാം തുറന്നു. റസ്റ്ററന്റുകളിൽ 50% ഉപഭോക്താക്കളെ അനുവദിച്ചു. അടുത്തയാഴ്ച മുതൽ 50% സർക്കാർ ജീവനക്കാർ ഓഫിസിലെത്തണം. അസമിൽ 2 ഡോസ് വാക്‌സീൻ എടുത്ത സർക്കാർ ജീവനക്കാരോട് ഓഫിസിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഭാഗിക ലോക്ഡൗൺ തുടരും.
പോസിറ്റീവ് കേസുകൾ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മരണമുണ്ടായ മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഡൽഹി, യുപി എന്നിവിടങ്ങളിൽ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മരണനിരക്ക് ഇരട്ടിയായി. എല്ലായിടത്തും വാക്‌സീൻ വിതരണം ഊർജിതമാണ്. ഇതും രോഗ വ്യാപനം കുറയ്ക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ