തിരുവനന്തപുരം: കോവിഡിൽ പ്രതിരോധം പാളാതിരിക്കാൻ ശാസ്ത്രീയ നീക്കവുമായി സർക്കാർ. കണ്ടെയ്ന്മെന്റ് സോണുകളിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചുത് ഇതിന്റെ ഭാഗമാണ്. വാക്‌സിൻ സുരക്ഷയിൽ രോഗത്തെ അതിജീവിക്കാമെന്ന പ്രതീക്ഷയാണ് ഇത് മുമ്പോട്ട് വയ്ക്കുന്നത്. സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.

കണ്ടെയ്ന്മെന്റ് സോണുകളിലെ എല്ലാവരെയും പരിശോധിച്ച് കോവിഡ് നെഗറ്റീവ് ആയ മുഴുവൻ പേർക്കും വാക്സീൻ നൽകും. ഇതിന്റെ ചുമതല കലക്ടർമാർക്കാണ്. സ്‌പോട്ട് റജിസ്‌ട്രേഷനോ മറ്റു സംവിധാനമോ ഉപയോഗിച്ച് ഇതു നടപ്പാക്കണം. ദിവസം 5 ലക്ഷം വാക്‌സീൻ വിതരണം ചെയ്യും. 4 ചെറിയ ജില്ലകളിൽ ദിവസം 25,000 വീതവും മറ്റു 10 ജില്ലകളിൽ ദിവസം 40,000 വീതവും വാക്‌സീൻ നൽകും. കേന്ദ്രവും മതിയായ വാക്‌സിൻ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവ് വിജയമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ കോവിഡ് രോഗികളിൽ പകുതിയിൽ അധികവും കേരളത്തിലാണ്. ഇതാണ് അടിയന്തര ഇടപെടലിന് കാരണം.

കേന്ദ്രവും കേരളത്തിന്റെ അവസ്ഥ തിരിച്ചറിയുന്നു. കേന്ദ്രമന്ത്രിയും കേരള സന്ദർശനത്തിന് എത്തും. അതുകൊണ്ട് തന്നെ കൂടുതൽ സഹായം പ്രതീക്ഷിക്കുകയും ചെയ്യുന്നു കേരളം. കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ 2 ദിവസങ്ങളിലായി 13 ലക്ഷം ഡോസ് വാക്‌സീൻ ലഭിച്ചു. കോവിഡ് വ്യാപനം വിലയിരുത്തുന്നതിനു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. അന്ന് ഉച്ചയ്ക്കു രണ്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ കോവിഡ് അവലോകന യോഗം ചേരും.

കേന്ദ്ര മന്ത്രിക്കൊപ്പം കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ശിശു ആരോഗ്യ വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ഡോ.പ്രദീപ് ഹൽദാർ, എൻസിഡിസി ഡയറക്ടർ സുജിത് സിങ് എന്നിവരുമുണ്ടാകും. ഈ അവലോകന യോഗത്തിലെ തീരുമാനം കേരളത്തിന് നിർണ്ണായകമാകും. മഹാരാഷ്ട്രയിൽ പോലും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തിൽ. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സങ്കീർണ്ണത തിരിച്ചറിഞ്ഞ് കേന്ദ്രമന്ത്രിയുടെ വരവ്.

യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 5,35,074 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 4,64,849 പേർക്ക് ഒന്നാം ഡോസ് വാക്സിനും 70,225 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. സംസ്ഥാനത്തെ ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയ ദിനമായിരുന്നു ഇന്നലെ. ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ 5.15 ലക്ഷമായിരുന്നു. വാക്സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതൽ പേർക്ക് ഒരേസമയം വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്.

60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ഓഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകാനാണ് വാക്സിനേഷൻ യജ്ഞത്തിലൂടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇന്നലെ മാത്രം 1.2 ലക്ഷം മുതിർന്ന പൗരന്മാർക്കാണ് വാക്സിൻ നൽകിയത്. വാക്സിനേഷൻ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. സംസ്ഥാനത്തിന് 4,02,400 ഡോസ് വാക്സിൻ കൂടി ഇന്ന് ലഭ്യമായിട്ടുണ്ട്. 3,02,400 ഡോസ് കോവിഷീൽഡ് വാക്സിനും ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,02,390, എറണാകുളം 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് ഒരു ലക്ഷം ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.

1,465 സർക്കാർ കേന്ദ്രങ്ങളിലും 339 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1804 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,33,88,216 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,68,03,422 പേർക്ക് ഒന്നാം ഡോസ് വാക്സിനും 65,84,794 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 47.87 ശതമാനം പേർക്ക് ഒന്നാം ഡോസും 18.76 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 58.55 ശതമാനം പേർക്ക് ഒന്നാം ഡോസും 22.94 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.