- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം ഗൗരവത്തോടെ കാണണം; പ്രതിരോധ മാർഗ്ഗങ്ങൾ മറക്കരുത്; എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ; കോവിഡ് മുക്തരുടെ ആകെ എണ്ണം ഒരു കോടി കടന്നതോടെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജ്യം
ന്യൂഡൽഹി: കേരളം, അടക്കം മൂന്നുസംസ്ഥാനങ്ങളിൽ സമീപദിവസങ്ങളിലുണ്ടായ കോവിഡ് വ്യാപനം ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ പറഞ്ഞു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകളിൽ വലിയ വർധനയുണ്ടായി. പ്രതിരോധ മാർഗങ്ങൾ മറക്കരുതെന്നതിന്റെ സൂചനയാണിത്.
കോവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായി സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ ഓൺലൈൻ യോഗത്തിലാണ് ഹർഷവർധൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നേരത്തെ നടത്തിയ ഡ്രൈറൺ അവലോകനം ചെയ്ത് കോവിഡ് വാക്‌സിനേഷന്റെ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഹർഷവർധൻ അറിയിച്ചു. ഡ്രൈറണിന്റെ അനുഭവം അവലോകനം ചെയ്തുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിൻ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും - കേന്ദ്ര ആരോഗ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. രാജ്യത്തെ 700-ലധികം ജില്ലകളിലാണ് നാളെ കോവിഡ് പ്രതിരോധ വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റൺ നടക്കുന്നത്.
അതേസമയം കൊവിഷിൽഡ് വാക്‌സിൻ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. വാക്‌സിൻ ഉത്പാദനത്തിന് അനുമതി നല്കി പത്ത് ദിവസത്തിനകം വിതരണം നടത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്. വിതരണത്തിനുള്ള നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ച്ര്ച്ചയായി. നാളെ നടക്കുന്ന ഡ്രൈറണ്ണിൽ കൊവിൻ ആപ്പ് ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ ക്ഷമത പരിശോധിക്കും.
ആധാറുമായി ബന്ധപ്പെടുത്തിയുള്ള കൊവിൻ ആപ്പിൽ 12 ലധികം ഭാഷകളിൽ സന്ദേശങ്ങൾ അയക്കാനുള്ള സൗകര്യം ഉണ്ട്. വാക്‌സിൻ നൽകേണ്ടവരുടെ മുൻഗണന പട്ടിക തയ്യാറായതായി ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ വികസിപ്പിചച്ച രണ്ട് വാക്‌സിനുകളും ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള കാർഗോ വിഭാഗത്തിനാവും മരുന്ന് എല്ലായിടത്തും എത്തിക്കാനുള്ള ചുമതല. 41 സ്ഥലങ്ങളിലേക്ക് ഇത് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. ലഡാക്ക് നാഗാലാൻഡ് തുടങ്ങിയ ഇടങ്ങളിലും സംഭരണശാലകൾ അടുത്തയാഴ്ച തയ്യാറാകും. എല്ലാ ജില്ലയിലും വാക്‌സിൻ ഡിപ്പോകൾ തയ്യാറാക്കും എന്നാണ് സർക്കാർ നല്കുന്ന സൂചന.
സുപ്രധാന നാഴികക്കല്ലു പിന്നിട്ട് ഇന്ത്യ; കോവിഡ് മുക്തരുടെ ആകെ എണ്ണം ഒരു കോടി കടന്നു
അതേസമയം, കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് ഒരു കോടി പിന്നിട്ടു (10,016,859). ഇതു ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,587 പേരാണ് രോഗമുക്തരായത്. ദേശീയ രോഗമുക്തി നിരക്ക് 96.36 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരും രോഗമുക്തരും തമ്മിലുള്ള അന്തരം തുടർച്ചയായി വർധിക്കുകയാണ് (97,88,776).രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ 44 ഇരട്ടിയാണ്.നിലവിൽ രാജ്യത്താകെ ചികിത്സയിലുള്ളത് 2,28,083 പേരാണ്. ഇത് ആകെ രോഗബാധിതരുടെ 2.19% മാത്രമാണ്.ആകെ രോഗമുക്തരുടെ 51 ശതമാനവും മഹാരാഷ്ട്ര, കർണാടകം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. ദേശീയ രോഗമുക്തി നിരക്ക് 96.36% ആണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗമുക്തി നിരക്ക് 90 ശതമാനത്തിലധികമാണ്.
ഇന്ത്യയുടെ രോഗമുക്തി നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കൂടുതൽ പേർ രോഗബാധിതരായ രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ കുറഞ്ഞ നിരക്കിലാണ് രോഗമുക്തി.പരിശോധനാ സംവിധാനങ്ങൾ വർധിപ്പിച്ചതോടെ രോഗ സ്ഥിരീകരണ നിരക്കും കുറഞ്ഞു. പ്രതിദിനരോഗ സ്ഥിരീകരണ നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.
17 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്.പുതുതായി രോഗമുക്തരായവരുടെ 79.08% 10 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. 5,110 പേരാണ് കേരളത്തിൽ രോഗമുക്തരായത്. മഹാരാഷ്ട്രയിൽ 2,570 പേരും സുഖംപ്രാപിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 83.88% 10 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,394 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 4,382 പേർക്കും ഛത്തീസ്‌ഗഢിൽ 1,050 പേർക്കും രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 222 മരണമാണ് കോവിഡ് ബാധിച്ചാണെന്നു തിരിച്ചറിഞ്ഞത്. ഇതിൽ 67.57% ആറ് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിലാണ് കൂടുതൽ (66 മരണം). കേരളത്തിൽ 25 പേരും പശ്ചിമ ബംഗാളിൽ 22 പേരും മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ