ലണ്ടൻ: ഇന്ത്യൻ വകഭേദം പടർന്നുപിടിക്കുന്നതിന്റെ ആശങ്ക ഉയരുമ്പോഴും രാജ്യവ്യാപകമായി പ്രതിദിന രോഗവ്യാപനതോതിൽ 1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ 2027 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനേക്കാൾ 1 ശതമാനം കുറവാണിത്. അതേസമയം കഴിഞ്ഞ ശനിയാഴ്‌ച്ച രേഖപ്പെടുത്തിയതിനേക്കാൾ രണ്ട് മരണങ്ങൾ കൂടുതലായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തന്നതിൽ ബോറിസ് ജോൺസൻ വരുത്തിയ കാലതാമസമാണ് ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ പടരാൻ കാരണമായതെന്ന ആരോപണത്തിന് കരുത്താർജ്ജിക്കുകയാണ്. ഈ കാലയളവിനുള്ളിൽ ഏകദേശം 20,000 യാത്രക്കാരോളം ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്തുകയുണ്ടായി എന്ന വിവരവും ഇന്നലെ പുറത്തുവന്നു. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി വീണ്ടും രണ്ടാഴ്‌ച്ച കഴിഞ്ഞാണ് ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്.

ഇന്ത്യൻ വകഭേദത്തെ വാക്സിൻ കൊണ്ട് നേരിടാനൊരുങ്ങി ബ്രിട്ടൻ

കോവിഡിനെതിരെയുള്ള യുദ്ധത്തിൽ കുറ്റമറ്റ തന്ത്രങ്ങളൊരുക്കി മേൽക്കൈ നേടിയ ബ്രിട്ടൻ ഇന്ത്യൻ വകഭേദം ഉയർത്തുന്ന ഭീഷണിയേയും നേരിടാൻ പുതിയ തന്ത്രങ്ങൾ ഒരുക്കുകയാണ്. ഈ ഇനം വൈറസ് വ്യാപകമായുള്ള ഇടങ്ങളിൽ എല്ലാ മുതിർന്നവർക്കും വാക്സിൻ നൽകുവാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി 50 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ നൽകും.

ഒമ്പത് മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെട്ട, 50 വയസ്സിനു മുകളിൽ പ്രായമുള്ള, ഇനിയും വാക്സിൻ എടുക്കാത്തവർക്കായിരിക്കും ആദ്യംവാക്സിൻ നൽകുക. ഇതിനായി പ്രത്യേക സംഘങ്ങളും രൂപീകരിക്കും. സൈന്യത്തിന്റെ സേവനവും ഉപയോഗിക്കും. 50 വയസ്സിനു മുകളിലുള്ളവർക്ക് അസ്ട്രസെനെക വാക്സിനും 40 വയസ്സിനു മുകളിലുള്ളവർക്ക് മൊഡേണയോ ഫൈസറോ ആയിരിക്കും നൽകുക.

ഇന്ത്യൻ വകഭേദം അപകടകാരിയോ ?

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുവാനുള്ള ബോറിസ് ജോൺസന്റെ പദ്ധതികൾക്ക് കടുത്ത വിഘാതം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വകഭേദം. ബ്രിട്ടീഷ് പ്രധാനമന്ത്രിയും തന്റെ ആശങ്ക മറച്ചുവയ്ക്കുന്നില്ല. ഇത് ഒരു മൂന്നാം വരവായി മാറുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നിലവിൽ ബ്രിട്ടനിൽ വ്യാപകമായുള്ള കെന്റ് വകഭേദത്തേക്കാൾ 50 ശതമാനം അധിക വ്യാപനശേഷിയുള്ളതാണ് ഇന്ത്യൻ വകഭേദമെന്ന് ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരിക്കുകയാണ്.,

പ്രായമുള്ളവർക്കും അപകട സാധ്യത കൂടിയ വിഭാഗത്തിൽ പെട്ടവർക്കും നിർബന്ധമായും വാക്സിൻ നൽകണമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നാൽ, രോഗവ്യാപനത്തിലുണ്ടാവുന്ന അമിത വർദ്ധനവ് ഒരുപക്ഷെ വാക്സിനെ നിഷ്പ്രഭമാക്കുന്ന അതീവ വിരളമായ ഒരു സാഹചര്യം കൂടി സൃഷ്ടിച്ചേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരിലൂടെയാണ് ഇത് ബ്രിട്ടനിൽ എത്തുന്നത്. കൂട്ടുകുടുംബങ്ങൾ ധാരാളമായി താമസിക്കുന്ന ബോൾട്ടൻ, ഗ്രെയ്റ്റർ മാഞ്ചസ്റ്റർ, ബ്ലാക്ക്‌ബേൺ എന്നിവിടങ്ങളിലാണ് ഇത് അധികമായി പടരുന്നത്. ഈ കുടുംബങ്ങളിലെ മിക്കവരും വ്യവസായ ശാലകളിലെ തൊഴിലാളികളാണ്,. പലയിടങ്ങളിലും സാമൂഹിക അകലം പാലിക്കാൻ ആകാറില്ല. ഇത്തരത്തിൽ തൊഴിലിടങ്ങളീലുംവീടുകളിലും ആളുകൾ വളരെ അടുത്തിടപഴകുന്നതാണ് ഈ ഭാഗങ്ങളിൽ രോഗവ്യാപനം ശക്തി പ്രാപിക്കാൻ കാരണമെന്നുള്ള വാദവും ശക്തമാകുന്നുണ്ട്.

ഈ ഒരു സമൂഹത്തിനു പുറത്ത് ഇന്ത്യ വകഭേദം അധികം വ്യാപിക്കുകയില്ല എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലസ്റ്ററിലെ വൈറോളജിസ്റ്റ് പ്രൊഫ. ജൂലിയൻ ടംഗ് പറയുന്നത്. ഇതിന് വ്യാപനശേഷി കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, വാക്സിനെ അതിജീവിക്കാനാവുമെന്ന് തെളിഞ്ഞിട്ടില്ല. ഇത് ആശ്വാസദായകമായ കാര്യമാണ്. അതുപോലെ പ്രഹരശേഷിയും കൂടുതലാണെന്ന് തെളിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കൻ ഇനത്തേ പോലെ അത്ര അപകടകാരിയല്ല ഇന്ത്യൻ വകഭേദമെന്നും ശാസ്ത്ര ലോകം വിലയിരുത്തുന്നു.