- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പലകുറി വിഭജിച്ച് കരുത്തുപ്രാപിക്കുന്ന പുതിയ ഇന്ത്യൻ വകഭേദം യോർക്ക്ഷയറിൽ കണ്ടെത്തി; കോവിഡിനെ തളയ്ക്കാനുള്ള ശ്രമത്തിന് വൻ തിരിച്ചടി; കോവിഡ് വ്യാപനം തടഞ്ഞുനിർത്തുമ്പോഴും രൂപം മാറുന്ന ഇന്ത്യൻ വകഭേദം ഭീഷണി
ലണ്ടൻ: അക്ഷരാർത്ഥത്തിൽ തന്നെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഒരു പുതിയ ഇന്ത്യൻ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നു. ഇതുവരെയുള്ള വകഭേദങ്ങൾ ഇരട്ട ജനിതകമാറ്റങ്ങൾ സംഭവിച്ചവയായിരുന്നെങ്കിൽ, ഏറ്റവും പുതിയതായി കണ്ടെത്തിയ ഇനത്തിന് മൂന്നു തവണയാണ് ജനിതകമാറ്റം സംഭവിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിലെ ആർ നിരക്ക് 0.9 ലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്.
യോർക്ക്ഷയറിലും ഹാമ്പറിലുമായി 49 പേരിലാണ് ഈ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇവയ്ക്ക് അതിവ്യാപനശേഷി ഉണ്ടെന്നോ അല്ലെങ്കിൽ ഇവയ്ക്ക് വാക്സീ പ്രതിരോധിക്കാൻ ആവുമെന്നോ ഇതുവരെ തെളിഞ്ഞട്ടില്ല. നിലവിൽ, പഠന വിധേയമായ വകഭേദം എന്ന പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ച 0.8 ഉണ്ടായിരുന്ന ആർ നിരക്ക് 0.9 നും 1.1 നും ഇടയിലായി ഉയർന്നു എന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഈ പുതിയ വകഭേദത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്.
മൂന്നു തവണ ജനിതകമാറ്റം സംഭവിച്ച പുതിയവകഭേദത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെയുള്ള വിവരങ്ങൾ അടിസ്ഥാനമാകി ഇത് അത്രയധികം ഭയപ്പെടേണ്ട ഒരു വകഭേദമല്ലെന്നുമാണ് ഷെഫീൽഡിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഗ്രെഗ് ഫെൽ പറയുന്നത്. അതേസമയം, ഈ പുതിയ വകഭേദത്തെ പിടിച്ചുകെട്ടാൻ ആവശ്യമായ ഏത് നടപടിക്കും സർക്കാർ തയ്യാറാകുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
അതേസമയം, ബ്രിട്ടനിലെ കോവിഡ് വ്യാപനം കഴിഞ്ഞ ഒരാഴ്‌ച്ചയിൽ മൂന്നിലൊന്ന് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്നലെ 2,829 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അപ്പോഴും മരണനിരക്ക് കുറയുന്നുണ്ട് എന്നത് ഒരു ആശ്വാസമാണ്. ഇന്നലെ ഒമ്പത് കോവിഡ് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച 2,193 പുതിയ കേസുകളും 17 മരണങ്ങളുമായിരുന്നു രേഖപ്പെടുത്തിയത്.
ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ 2,68,251 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. 4,20,312 രണ്ടാം ഡോസുകളും നൽകിക്കഴിഞ്ഞു. ഇതോടെ 37.5 മില്ല്യൺ ആളുകൾ കോവിഡിനെതിരെ പ്രതിരോധം നേടിക്കഴിഞ്ഞു. ഇന്ത്യൻ വകഭേദത്തിന്റെ മറ്റൊരിനം കൂടി കണ്ടെത്തിയതോടെ ബ്രിട്ടനിൽ രോഗവ്യാപനം ശക്തിപ്രാപിക്കും എന്നൊരു ആശങ്ക ഉണ്ടായിട്ടുണ്ട്. ഇതിനെ ശരിവയ്ക്കും വിധമാണ്, ആർ നിരക്കിൽ വർദ്ധനവുണ്ടായിട്ടുണ്ട് എന്ന ശാസ്ത്രലോകത്തിന്റെ കണ്ടെത്തലും.
അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയെ ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം വിപരീതമായി ബാധിക്കും എന്ന റിപ്പോർട്ടുകളെ ബോറിസ് ജോൺസൺ തള്ളിക്കളഞ്ഞു. നേരത്തേ പ്രഖ്യാപിച്ച രൂപരേഖയിൽ നിന്നും മാറേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. അതേസമയം, രോഗവ്യാപനം, വീണ്ടും വർദ്ധിക്കുക തന്നെയാണെങ്കിൽ, ജൂൺ 21 ന് സമ്പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകാൻ ഇടയില്ലെന്നാണ് ചില ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചത്.
മറുനാടന് ഡെസ്ക്