ബംഗളൂരു: രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും കർണാടകത്തിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ്. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് സംഭവം. എസ്.ഡി.എം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കോളജിൽ നടന്ന ഒരു പരിപാടിക്ക് ശേഷം കോവിഡ് പരിശോധന നടത്തിയപ്പോഴാണ് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് കോളജിലെ രണ്ട് ഹോസ്റ്റലുകൾ മുൻകരുതലിന്റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കോളജിലെ ക്ലാസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥികൾക്കെല്ലാം വാക്‌സിന്റെ രണ്ട് ഡോസ് നൽകിയിരുന്നു. രോഗം ബാധിച്ച കുട്ടികളെ ക്വാറന്റീനിലാക്കി. മറ്റ് കുട്ടികളെ കോവിഡ് പരിശോധന ഫലം വരുന്നത് വരെ പുറത്ത് പോകാൻ അനുവദിക്കില്ലെന്നും കോളജ് അധികൃതർ അറിയിച്ചു. രോഗം ബാധിച്ച ചിലർക്ക് പനിയും ചുമയുമുണ്ട്. മറ്റുള്ളവർക്ക് രോഗലക്ഷണങ്ങളില്ലെന്നും കോളജ് അധികൃതർ വ്യക്തമാക്കി.