തിരുവനന്തപുരം: ആശ്വാസങ്ങൾക്കിടയിലും കോവിഡിൽ രോഗമുക്തിയിൽ കേരളത്തിന് ഇനിയും മുന്നേറാൻ കഴിയുന്നില്ല. മരണ നിരക്കിലും ജനസാന്ദ്രതാ കണക്കിലും കേരളം ഏറെ മുന്നിലാണ്. എന്നാൽ സജീവ രോഗികളുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നുമില്ല. എന്നാൽ കോവിഡ് മരണനിരക്കിന്റെ കാര്യത്തിൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ സ്ഥിതി ആശ്വാസജനകമാണെന്നത് യാഥാർഥ്യം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സജീവ രോഗികളുടെ എണ്ണത്തിൽ കേരളമാണു മുന്നിലെന്നതാണ് വസ്തുത. സംസ്ഥാനത്ത് രോഗം ബാധിച്ച 100 പേരിൽ 34 പേരും എന്ന കണക്കിന് ഇപ്പോഴും ചികിത്സയിലാണ്. കർണാടകയിൽ അത് 100ൽ 27 പേരാണ്. തെലങ്കാനയിലും ആന്ധ്രയിലും 24 വീതവും തമിഴ്‌നാട്ടിൽ പതിമൂന്നുമാണ് കണക്ക്. ഇന്ത്യയിൽ രോഗം ബാധിച്ച നൂറു പേരെയെടുത്താൽ 22 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. കേരളത്തിലാണ്.

65.54 ശതമാനമാണ് സംസ്ഥാനത്തിന്റെ കോവിഡ് മുക്തിനിരക്ക്. രോഗബാധിതരായ 100ൽ 65 പേരും രോഗമുക്തി നേടി. എന്നാൽ തമിഴ്‌നാട്ടിൽ ഇത് 85 ശതമാനമാണ്. തെലങ്കാനയിൽ 75.2%, ആന്ധ്രയിൽ 74.97%, കർണാടകയിൽ 70.47% എന്നിങ്ങനെയാണു കണക്ക്. ഇന്ത്യയിൽ 76.16 ശതമാനവും. ഒരാഴ്ചയ്ക്കിടെയുണ്ടായ പുതിയ രോഗികളുടെ കണക്കെടുത്താലും കേരളത്തിന്റെ വളർച്ചാനിരക്ക് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ് 3%. തമിഴ്‌നാട്ടിൽ ഒരാഴ്ചയ്ക്കിടെ പുതിയ രോഗികളിൽ ഒരു ശതമാനം മാത്രമാണു വർധന. തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായേക്കാവുന്ന ഏറ്റവും ഉയർന്നനില സംസ്ഥാനം പിന്നിട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് ടെസ്റ്റുകളുടെ എണ്ണത്തിൽ കേരളം മുന്നേറുന്നുണ്ട്. 10 ലക്ഷം പേരിൽ 43,026 പേർക്കും ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തി. ദക്ഷിണേന്ത്യയിൽ ആന്ധ്രയിലാണ് ഏറ്റവുമധികം പേർക്ക് ടെസ്റ്റ് നടത്തിയിട്ടുള്ളത് 10 ലക്ഷത്തിൽ 64,031 പേർക്ക്. രണ്ടാം സ്ഥാനത്ത് തമിഴ്‌നാടാണ് 10 ലക്ഷത്തിൽ 57,301 പേർക്ക്. കർണാടകയിൽ 10 ലക്ഷത്തിൽ 38,612 പേരെയും തെലങ്കാനയിൽ 29,355 പേരെയും എന്ന കണക്കിന് കോവിഡ് പരിശോധനയ്ക്ക് ഇതിനോടകം വിധേയരാക്കിക്കഴിഞ്ഞു.

സംസ്ഥാനത്തെ ആകെ കോവിഡ്ബാധിതരിൽ 0.4% മാത്രമേ ഇതുവരെ മരണത്തിനു കീഴടങ്ങിയിട്ടുള്ളൂ. തമിഴ്‌നാട്ടിൽ ഇത് 1.72 ശതമാനമാണ്. കർണാടകയിൽ 1.69%, ആന്ധ്രയിൽ 0.93%, തെലങ്കാനയിൽ 0.69% എന്നിങ്ങനെയാണു കണക്കുകൾ. അഞ്ചു സംസ്ഥാനങ്ങളിലും പക്ഷേ ദേശീയ ശരാശരിയേക്കാൾ (1.83%) താഴെയാണ് കോവിഡ് മരണനിരക്ക്. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്‌നാട്ടിൽ 10 ലക്ഷത്തിൽ 88 പേർ എന്ന കണക്കിന് കോവിഡ് മരണമുണ്ടായി. കർണാടകയിൽ 10 ലക്ഷത്തിൽ 76 പേർ കോവിഡ് ബാധിച്ചു മരിച്ചു. ആന്ധ്രയിൽ അത് 66 പേരാണ്. തെലങ്കാനയിൽ 10 ലക്ഷത്തിൽ 20 പേർ കോവിഡ് ബാധിച്ചു മരിച്ചു. കേരളത്തിൽ പക്ഷേ 10 ലക്ഷത്തിൽ കോവിഡ് ബാധിച്ചു മരിച്ചത് 7 പേർ എന്ന കണക്കിനു മാത്രം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയെടുത്താൽ ആദ്യ പത്തിൽ കേരളമൊഴികെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമുണ്ട്. ഇതുവരെ ആകെ കോവിഡ് ബാധിതരിൽ മഹാരാഷ്ട്രയാണു മുന്നിൽ. തമിഴ്‌നാട്2, ആന്ധ്ര പ്രദേശ് 3, കർണാടക4, തെലങ്കാന9 എന്നിങ്ങനെയാണു സ്ഥാനം. ജനുവരി 30 മുതൽ ഓഗസ്റ്റ് 27 വരെയുള്ള മൊത്തം കോവിഡ് കേസുകളിൽ 38 ശതമാനവും അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ്.