തിരുവനന്തപുരം: കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട താൽകാലിക ജൂനിയർ ഡോക്ടർമാരിൽ നിന്നും സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം പിടിച്ചത് ചർച്ചയാക്കുന്നത് പുതിയ വിവാദം. ഇതേ തുടർന്ന് 868 പേർ 10നു രാജിവയ്ക്കുമെന്ന് സർക്കാരിനെ അറിയിച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിൽ നിന്ന് 20% തുക പിടിച്ചതിൽ പ്രതിഷേധിച്ചാണു രാജി.

ഇവർ താൽകാലിക ജീവനക്കാരാണ്. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം പിടിച്ചു വയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇങ്ങനെ പിടിച്ചു വച്ചാൽ താൽകാലികകാരായതു കൊണ്ട് തന്നെ പിന്നീട് നൽകേണ്ടി വരില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. സിഎഫ്എൽടിസിയിൽ താൽക്കാലികാടിസ്ഥാനത്തിൽ 3 മാസത്തെ ജോലിക്കു ചേർന്ന ഡോക്ടർമാർക്കു 42,000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, കൃത്യസമയത്തു ശമ്പളം നൽകിയില്ല. ഇതും വിവാദമായിരുന്നു. ഇതിന് ശേഷമാണ് പുതിയ തട്ടിപ്പ്. ഫലത്തിൽ ഇവരുടെ ശമ്പളം 33,800 രൂപയായി. അതിൽ നിന്ന് നികുതിയും പിടിച്ചു.

പ്രതിഷേധങ്ങൾക്കൊടുവിൽ ശമ്പളം നൽകിയെങ്കിലും 8200 രൂപ സാലറി ചാലഞ്ചിന്റെ ഭാഗമായി പിടിച്ചു. നികുതി ഉൾപ്പെടെ കിഴിവു ചെയ്ത് 27,000 രൂപ മാത്രമാണു ശമ്പളമായി ലഭിച്ചതെന്നാണു ഡോക്ടർമാരുടെ പരാതി. അതേസമയം, നാഷനൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർമാർക്ക് മുഴുവൻ ശമ്പളവും നൽകുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ചാണു കേരള ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാരിനു രാജിക്കത്ത് നൽകിയത്. സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാരമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. അതുകൊണ്ട് തന്നെ ഈ ഡോക്ടർമാരുടെ പ്രതിഷേധം പ്രതിരോധത്തെ തന്നെ തകിടം മറിക്കും.

ശമ്പളം പിടിക്കലിൽ വ്യക്തത വരുത്തിയില്ലെങ്കിൽ സെപ്റ്റംബർ 10ന് ശേഷം സർക്കാർ താത്ക്കാലികമായി നിയമിച്ച ഡോക്ടർമാർ ആരും ജോലി ചെയ്യില്ല എന്നാണ് ജൂനിയർ ഡോക്ടർമാരുടെ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക താൽക്കാലിക നിയമനമായിരുന്നു ജൂനിയർ ഡോക്ടർമാരുടേത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് ഹൗസ് സർജൻസി പൂർത്തീകരിച്ച ഡോക്ടർമാരെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നിയമിക്കുകയായിരുന്നു. എന്നാൽ ഇവരുടെ തസ്തികയും ശമ്പളവും സംബന്ധിച്ച വ്യക്തത ആരോഗ്യവകുപ്പോ സർക്കാരോ വരുത്തിയിരുന്നില്ല. ഇതിനെതിരെ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കോടതി ഇടപെടലുണ്ടായി. അതിനിടെയാണ് പ്രതിമാസ ശമ്പളത്തിൽ നിന്ന് ശമ്പളം വെട്ടിക്കുറച്ചത്.

മൂന്ന് മാസത്തേക്ക് താൽക്കാലികമായി നിയമിച്ച തങ്ങളുടെ ശമ്പളത്തിൽ നിന്നും 20 ശതമാനം ശമ്പളം വെട്ടിക്കുറക്കുന്നത് അനീതിയാണെന്ന് ഡോക്ടർമാർ പറയുന്നു. കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ കെ പി ഔസം ഹുസൈൻ പറയുന്നു, കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് സർക്കാർ ജൂനിയർ ഡോക്ടർമാരെ നിയമിച്ചത്. കഴിഞ്ഞ ജൂൺ മാസം മുതൽ പലരും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മറ്റ്് ആരോഗ്യ കേന്ദ്രങ്ങളിലുമായി ജോലി ചെയ്യുന്നു. അവധിയില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതായും പരാതിയുണ്ട്. രാവിലെ മുതൽ കോവിഡ് ട്രീറ്റമെന്റ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുകയും ഒപി കളിൽ ചികിത്സ നൽകുകയും ചെയ്യുന്നു.

അതിന് പുറമെ രാത്രികളിൽ കോവിഡ് രോഗികളുടെ വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതുൾപ്പെടെയുള്ള ജോലികളും പല കേന്ദ്രങ്ങളിലും മെഡിക്കൽ ഓഫീസർമാർ നൽകുന്നുണ്ട്. എൻഎച്ച്എം തസ്തികയ്ക്ക് സമാനമായ സേവന വ്യവസ്ഥകൾ, ജോലി സമയം, അവധികൾ എന്നിവ സംബന്ധിച്ച് വ്യക്തതയും വരുത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ജോലി ഭാരം കുറയ്ക്കാൻ എൻഎച്ച്എം, എൻആർഎച്ച്എം ഡോക്ടർമാർ, ദന്തൽ ഡോക്ടർമാർ, സ്വകാര്യ കോളേജുകളിൽ നിന്നും മറ്ര് സംസ്ഥാനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയവർ, സന്നദ്ധരായ മറ്റ് ഡോക്ടർമാർ എന്നിവരെ താൽക്കാലികമായി നിയമിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.