തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനം. രാത്രകാല കർഫ്യൂ അടക്കം നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ദേശീയ തലത്തിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളം സ്വന്തം നിലയിൽ വ്യാപനം തടയാനുള്ള നീക്കങ്ങൾ തുടങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെക്കാണു നിയന്ത്രണങ്ങളുടെ മേൽനോട്ട ചുമതല.

കേരളത്തിൽ ഇന്നലെ 4353 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂർ 393, മലപ്പുറം 359, കണ്ണൂർ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസർഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 111 പേർക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരിൽ 106 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4728 ആയി.

കോവിഡ് കേസുകൾ ഉയരുന്ന സാഹച്യത്തിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. രാജ്യത്തും അതിവേഗം കോവിഡ് കൂടുകയാണ്. രണ്ടാ തരംഗമാണ് ഇപ്പോഴുണ്ടാകുന്നത്. വാക്‌സിൻ എടുത്തിട്ടും ഉണ്ടാകുന്ന ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ലോക്ഡൗൺ പോലും ചർച്ചകളിൽ എത്തുന്നത്. എന്നാൽ സമ്പൂർണ്ണ ലോക്ഡൗൺ ഒരു സംസ്ഥാനത്തും ഉണ്ടാകില്ലെന്നാണ് സൂചന. സമ്പദ് വ്യവസ്ഥയെ തകർക്കാതിരിക്കാനാണ് അത്.

രാത്രി ഏഴ് മണിക്ക് ശേഷം കർഫ്യൂ എന്ന ആലോചനയാണുള്ളത്. ആൾക്കൂട്ടങ്ങൾ കുറയ്ക്കാൻ പരമാവധി ഇടപെടലുണ്ടാകും. ഉത്സവങ്ങളിലും മറ്റും കർശന നിയന്ത്രണത്തിന് സാധ്യതയുണ്ട്. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശനനടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം. സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരൽ അനുവദിക്കില്ല. കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശനനടപടിയുണ്ടാകും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച 236 കേസെടുത്തു. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. മുഖാവരണം ധരിക്കാത്തതിന് 862 പേർക്ക് പിഴചുമത്തി.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റീനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.

പ്രതിദിന കോവിഡ് പരിശോധന വർധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആർ.ടി.പി.സി.ആർ. പരിശോധനയുൾപ്പെടെ 60,554 പരിശോധന നടത്തി. സംസ്ഥാനത്ത് 10.76 ശതമാനം പേർക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂവെന്നാണ് കണക്കാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം.

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൾ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് രോഗബാധ വ്യക്തമായത്. മാർച്ച് മൂന്നിന് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച മുഖ്യമന്ത്രിക്ക് രണ്ടാമത്തെ ഡോസിനുള്ള ദിവസമാകുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി അടുത്തസമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.