- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലുകൾ അടക്കമുള്ളവ രാത്രി 9 വരെ പ്രവർത്തിക്കാമെന്ന് 19ന് ഇറങ്ങിയ ഉത്തരവ്; മാളും തിയറ്ററും രാത്രി 7.30ന് അടയ്ക്കണമെന്നും നിർദ്ദേശിക്കുന്നു; രാത്രി 9നു കർഫ്യൂ തുടങ്ങുന്നതിനാൽ ഏഴരയ്ക്കു കടകൾ അടയ്ക്കണമെന്ന് ഉപദേശിച്ച് മുഖ്യമന്ത്രിയും; വാരാന്ത്യ നിയന്ത്രണങ്ങളിലും സംശയങ്ങൾ; കോവിഡ് പ്രതിരോധത്തിൽ എങ്ങും ആശയക്കുഴപ്പം
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തു കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിൽ അനിശ്ചിതത്വം മാറുന്നില്ല. അന്ന് കടകളും മറ്റും അടച്ചിടേണ്ടതുണ്ടോ എന്നതിൽ ഇനിയും വ്യക്തതയില്ല. ആളുകൾക്ക് പുറത്തിറങ്ങുന്നതിൽ നിയന്ത്രണമുണ്ടോ എന്നും വിശദീകരിക്കുന്നില്ല. ലോക്ഡൗണിന് സമാനമാകും വാരാന്ത്യ നിയന്ത്രണമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപം.
24, 25 തീയതികളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ എന്നാണ് പ്രഖ്യാപനം. 24നു സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് അവധി നൽകി. അന്നത്തെ പ്ലസ്ടു പരീക്ഷയ്ക്കു മാറ്റമില്ല. മുൻകൂട്ടി നിശ്ചയിച്ച വിവാഹ, ഗൃഹപ്രവേശ ചടങ്ങുകൾ ഈ ദിവസങ്ങളിൽ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. ലോക്ഡൗണിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ അവശ്യ സേവനങ്ങൾ മാത്രം അനുവദിക്കുന്നതല്ലേ ലോക്ഡൗൺ എന്ന സംശയമാണ് സജീവമാകുന്നത്.
കോവിഡ് ഭീതിയിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. സർക്കാർ ഓഫിസുകളിൽ ഒരു സമയം 50 % ജീവനക്കാർ മാത്രം മതിയെന്നതാണ് നിർദ്ദേശം. ശേഷിക്കുന്ന 50 % പേരെ കലക്ടർമാർക്കു കോവിഡ് നിയന്ത്രണത്തിനു നിയോഗിക്കാം. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പാക്കാൻ ശ്രമിക്കണം. ഭക്ഷണ സാധനങ്ങൾ, പച്ചക്കറി, പഴം, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾക്ക് 24നും 25നും തുറക്കാം. റസ്റ്ററന്റുകളിൽ പാഴ്‌സലും ഹോം ഡെലിവറിയും മാത്രം എന്നും പറയുന്നു. പൊതു ജനങ്ങളെ അന്ന് പുറത്തിറങ്ങുന്നതിൽ വിലക്കുണ്ടെങ്കിൽ എല്ലാ കടയും തുറക്കേണ്ടതുണ്ടോ എന്ന ചോദ്യവും സജീവം.
യാത്ര: ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസുകൾ 24നും 25നും തടസ്സപ്പെടില്ല. പൊതു ഗതാഗതവും ചരക്കു ഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിൻ, വിമാന യാത്രക്കാരുമായി പോകുന്ന സ്വകാര്യ, ടാക്‌സി വാഹനങ്ങൾ തടയില്ല. രേഖ കാണിക്കണം.രാത്രി നിയന്ത്രണം കർശനമായി തുടരുമെങ്കിലും നോമ്പുകാർക്കു ഭക്ഷണ ലഭ്യതയ്ക്കുള്ള ക്രമീകരണം ജില്ലാ തലത്തിൽ ഏർപ്പെടുത്തും. പ്രാർത്ഥനയും ചടങ്ങും രാത്രി 9 കഴിഞ്ഞു പ്രോട്ടോക്കോൾ പാലിച്ചു നടത്താം.
കട അടയ്ക്കുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവിനു വിരുദ്ധമായി മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതോടെ സർവത്ര ആശയക്കുഴപ്പമായി. ഹോട്ടലുകൾ അടക്കമുള്ളവ രാത്രി 9 വരെ പ്രവർത്തിക്കാമെന്നാണു 19ന് ഇറങ്ങിയ ഉത്തരവിൽ പറയുന്നത്. മാളും തിയറ്ററും രാത്രി 7.30ന് അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. കണ്ടെയ്ന്മെന്റ് സോണുകളിൽ മാത്രമാണു കടകൾ 7.30ന് അടയ്‌ക്കേണ്ടത്. എന്നാൽ, രാത്രി 9നു കർഫ്യൂ തുടങ്ങുന്ന സാഹചര്യത്തിൽ ഏഴരയ്ക്കു കടകൾ അടയ്ക്കുന്നതുകൊണ്ട് ഒരു പ്രയാസവും വരാനില്ലെന്നും അതാണു നല്ലതെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
ഇതോടെ സർക്കാർ ഉത്തരവാണോ മുഖ്യമന്ത്രിയുടെ വാക്കുകളാണോ പാലിക്കപ്പെടേണ്ടതെന്ന ആശയക്കുഴപ്പമായി. ഉത്തരവിനു വിരുദ്ധമായി കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് 7നു നിർബന്ധിച്ചു കടകൾ അടപ്പിച്ചത് പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇതു തന്നെയാണ് വാരാന്ത്യ നിയന്ത്രണങ്ങളിലെ വ്യക്തത കുറവിലും നിഴലിക്കുന്നത്. കോവിഡ് ചികിത്സ കഴിഞ്ഞു ഡിസ്ചാർജ് ചെയ്ത ശേഷം 7 ദിവസം വരെ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കണമെന്നു സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു.
പുതുക്കിയ ക്വാറന്റൈൻ, ഐസലേഷൻ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ക്വാറന്റീനിൽ കഴിയുമ്പോൾ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ദിശയിലോ (നമ്പർ:1056) തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ