ന്യൂഡൽഹി: ഒടുവിൽ കേരളത്തിനും സ്വന്തമായി കോവിഡ് വകഭേദമോ? കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വൈറസ് സ്വഭാവം പഠിച്ചുള്ള പൊതു വിലയിരുത്തലിലാണ് ഈ സംശയവും ഉയരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ കേസും ഗവേഷകർ പ്രത്യേകം പരിശോധിക്കുകയാണ്. കഴിഞ്ഞ മാസം രണ്ടാം ആഴ്ച മുതൽ കേരളത്തിൽനിന്നു ലഭിച്ചിട്ടുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ ഫലം ലഭ്യമാകും. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികളുടെ ഫലം ദൃശ്യമാകാൻ 10 ദിവസമെങ്കിലുമെടുക്കും.

അതായത് പത്ത് ദിവസം കൊണ്ട് കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കിൽ കടുത്ത നടപടികൾ കേരളത്തിന് എടുക്കേണ്ടി വരും. ലോക് ഡൗണിൽ നിന്ന് പോലും ഒഴിയാനാകില്ല. ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടുന്നതും ആശങ്കയാണ്. കാസർകോട്, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിൽനിന്നു കഴിഞ്ഞ മാസം ആദ്യവാരം വരെ ശേഖരിച്ച സാംപിളുകളിൽ കൊറോണ വൈറസിന്റെ യുകെ വകഭേദം നാമമാത്രമായ തോതിൽ ദൃശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെ (ഐജിഐബി) പഠനങ്ങൾ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നതിലെ പിഴവാണ് വൈറസ് വ്യാപനത്തിനു പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ (ഇമ്യൂൺ എസ്‌കേപ്) ശേഷിയുള്ള 'എൻ440കെ' വകഭേദം കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന് അപ്പുറം കേരളത്തിന് മാത്രമായി വകഭേദങ്ങൾ രൂപപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. 68 മാസംകൊണ്ട് വ്യക്തികളുടെ കോവിഡ് പ്രതിരോധശേഷി കുറയുന്നു. സമൂഹത്തിനു പൊതുവിൽ പ്രതിരോധശേഷി (ഹേഡ് ഇമ്യൂണിറ്റി) കൈവന്നുവെന്നു വിലയിരുത്തപ്പെട്ട ഡൽഹിയിലും മറ്റും രണ്ടാം തരംഗം തീവ്രമായത് ഇതിന്റെ സൂചന.

ഇപ്പോൾ കോവിഡിനെ ഇനി എട്ടാം മാസമാകുമ്പോൾ പുതിയ തരംഗം എന്ന സ്ഥിതി വീണ്ടുമുണ്ടാവാം. പല തരംഗങ്ങൾ ആഞ്ഞു വീശുമ്പോൾ എല്ലാത്തരം വകഭേദങ്ങൾക്കുമെതിരെ പ്രതിരോധശേഷി കൈവരിക്കും. കൂടുതൽ മരണങ്ങൾക്കു കാരണം വൈറസിന്റെ തീവ്രതയെക്കാൾ വൈദ്യസഹായത്തിലെ കുറവുകളാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ മരണനിരക്ക് 0.5%, ഡൽഹിയിൽ 1.5%. ഡൽഹിയിൽ 10 ലക്ഷം പേർക്ക് 1500 കിടക്ക എന്നതാണ് ആശുപത്രി സൗകര്യം, കേരളത്തിൽ 10 ലക്ഷത്തിന് 5000 കിടക്ക. കേരളത്തിലെ ആശുപത്രിശേഷിയുടെ 50% പോലും ഉപയോഗിക്കേണ്ട സ്ഥിതി വന്നിട്ടില്ല.

കേരളത്തിൽ 10% പേർ പോലും കോവിഡ് പ്രതിരോധശേഷി നേടിയിട്ടില്ല. വാക്‌സീനുകൾ വൈറസ് വ്യാപനം വലിയ തോതിൽ കുറയ്ക്കുന്നില്ലെങ്കിലും മരണനിരക്കു കുറയുന്നതിൽ വലിയ പങ്കുണ്ട്. യുഎസിൽ വാക്‌സീൻ സ്വീകരിച്ചവരിൽ വൈറസ് ബാധിതരായ വയോജനങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ തുടങ്ങി 10 സംസ്ഥാനങ്ങളിൽ ഇരട്ട വ്യതിയാനം സംഭവിച്ച ബി.1.617 വകഭേദമാണ് പ്രതിസന്ധിക്കു കാരണമായത്. വൈറസിന്റെ ഇരട്ട വ്യതിയാനം ഇന്ത്യയിൽതന്നെ സംഭവിച്ചതാണ്. യുകെ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വകഭേദം എത്തിയത് ഇന്ത്യയിൽനിന്നാണെന്നാണ് ഗവേഷകർ പറയുന്നത്.

യഥാർഥ കോവിഡ് വൈറസിനേക്കാൾ ഭയപ്പാടോടെയാണ് ലോകം കൊറോണ വൈറസിന്റെ വകഭേദങ്ങളെ കാണുന്നത്. ഇവയിൽ തന്നെ പ്രധാനപ്പെട്ടത് യുകെയിൽ ആദ്യം കണ്ടെത്തിയ B.1.1.7 വകഭേദമാണ്. എന്നാൽ സാർസ് കോവ്-2 വൈറസിന്റെ യുകെ വകഭേദം രോഗതീവ്രതയോ മരണനിരക്കോ വർധിപ്പിക്കുന്നില്ലെന്ന് ലണ്ടനിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. എന്നാൽ രോഗികളിൽ ഉയർന്ന വൈറസ് ലോഡ് സൃഷ്ടിക്കുന്ന ഈ വകഭേദം കൂടുതൽ പേരിലേക്ക് രോഗം വ്യാപിപ്പിക്കും. ഇത് പ്രതിരോധ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ആരോഗ്യ സംവിധാനങ്ങൾ അപര്യാപ്തതയിലെത്തും. ഇത് വലിയ പ്രതിസന്ധിയാകും.

യുകെ വകഭേദം രോഗലക്ഷണങ്ങൾ വഷളാക്കുകയോ, ദീർഘകാല കോവിഡ് വരാനുള്ള സാധ്യത വർധിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഒരു രോഗി എത്ര പേരിലേക്ക് രോഗം പരത്തുമെന്ന് സൂചിപ്പിക്കുന്ന R നമ്പർ വർധിപ്പിക്കാൻ ഈ വകഭേദത്തിന് സാധിക്കും. രോഗബാധിതർക്ക് കൈവരുന്ന പ്രതിരോധ ശേഷിയെ മറികടക്കാൻ B.1.1.7 വകഭേദത്തിന് സാധിക്കില്ലെന്നത് ആശ്വാസമാണ്. ലോക്ഡൗണിലൂടെ ഇതിന്റെ വ്യാപനം തടയാമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.