- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികൾ മൂന്നര ലക്ഷം എത്തിയാൽ കിടക്കകളുടെ ലഭ്യതയും മറ്റു രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സയും വെല്ലുവിളിയാകും; നാലു ലക്ഷം കഴിഞ്ഞാൽ ഓക്‌സിജൻ ക്ഷാമത്തിനും സാധ്യത; പരിശോധന കൂടുമ്പോൾ ടിപിആർ കുറയുന്ന പതിവും തെറ്റുന്നു; കേരളവും കോവിഡിൽ നീങ്ങുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളിലേക്ക്
തിരുവനന്തപുരം: കോവിഡ് കേരളത്തിൽ വ്യാപിക്കില്ലെന്ന് വീമ്പു പറഞ്ഞവരാണ് മലയാളികൾ. എന്നാൽ അതിവേഗം കേരളത്തെ വൈറസ് കീഴടക്കി. രണ്ടാം തരംഗവും എത്തി. മുൻകരുതലുകൾ ഒന്നും ഫലം കണ്ടില്ലെന്ന് വ്യക്തം. മരണക്കണക്ക് പിടിച്ചു നിർത്താനായത് മാത്രമാണ് ആശ്വാസം. പ്രാഥമിക സുരക്ഷാ കേന്ദ്രങ്ങളുടെ സജീവതയായിരുന്നു ഇതിന് കാരണം. എന്നാൽ കാര്യങ്ങൾ ഇനി കൈവിട്ടു പോകാനാണ് സാധ്യത. പ്രതിദിന കോവിഡ് വ്യാപനം ഇരുപതിനായിരം കടന്നിരിക്കുന്നു. സംസ്ഥാനത്തു കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞാൽ ആശുപത്രിയിലെ പരിചരണം ഉൾപ്പെടെ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുമെന്നു വിലയിരുത്തൽ.
പരിശോധന വർധിപ്പിക്കുന്നതനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറയുന്നതാണു പതിവ്. ഇപ്പോൾ പക്ഷേ കൂടുകയാണ്. ജനകീയ ജാഗ്രതയിലൂടെ വ്യാപനം കുറച്ചാൽ 2 ആഴ്ചയ്ക്കകം പ്രതിദിന കേസുകൾ കുറഞ്ഞു തുടങ്ങുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. ഇതുണ്ടായില്ലെങ്കിൽ വമ്പൻ പ്രതിസന്ധിയാകും മുമ്പിലെത്തുക. അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് ഫലം എത്തും. അതിന് ശേഷം വരുന്ന സർക്കാർ അതിശക്തമായ നടപടികൾ എടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. വാക്‌സിനേഷൻ വേഗത്തിലാക്കിയാൽ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയ്ക്കാനാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. മുതിർന്നവരുടെയും ഇതര രോഗങ്ങൾ ഉള്ളവരുടെയും വാക്‌സിനേഷൻ വേഗത്തിലാക്കാനാണ് നീക്കം.
കേസുകൾ മൂന്നര ലക്ഷം എത്തിയാൽ കിടക്കകളുടെ ലഭ്യതയും മറ്റു രോഗങ്ങൾ ബാധിച്ചവർക്കുള്ള ചികിത്സയും വെല്ലുവിളിയാകും. സ്ഥിതി മോശമാകാനുള്ള സാധ്യത വർധിക്കുകയാണെന്നു കോവിഡ് വിദഗ്ധസമിതി അംഗങ്ങളും ആരോഗ്യ വകുപ്പിലെ ഉന്നതരും സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ആവശ്യം വന്നാൽ എല്ലാ ദിവസവും ലോക്ഡൗൺ എന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. ഇങ്ങനെ കാര്യങ്ങൾ പോയാൽ രോഗികൾ ഇനിയും കുതിച്ചുയരും. ഇത് തടയാനാണ് വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഇതുണ്ടായാൽ മരണ നിരക്കും കൂടാൻ ഇടയുണ്ട്.
കർശന ജാഗ്രത പാലിച്ചില്ലെങ്കിൽ ചികിത്സയിലുള്ളവർ 5 ലക്ഷം വരെ എത്താൻ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം 4 ലക്ഷം കടക്കുമ്പോൾ ചികിത്സയ്ക്കുള്ള ഓക്‌സിജന്റെ ലഭ്യതയെ ബാധിച്ചേക്കും. അതിനാൽ നിലവിലെ ഓക്‌സിജൻ പരമാവധി എത്ര പേർക്കു നൽകാനാകുമെന്നതിന്റെ കണക്കെടുക്കാനും തീരുമാനിച്ചു. ഉത്തരേന്ത്യയിലും മറ്റും ഓക്‌സിജൻ കിട്ടാക്കനിയാണ്. ഡൽഹിയിൽ പ്രതിസന്ധി അതിരൂക്ഷം. ഈ സാഹചര്യത്തിലാണ് ഓക്‌സിജനിൽ കരുതലെടുക്കുന്നത്. കൂട്ട മരണങ്ങൾ കേരളത്തിൽ ഉണ്ടാവില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തൽ.
നിലവിൽ 1.78 ലക്ഷം പേരാണു ചികിത്സയിലുള്ളത്. കോവിഡ് നെഗറ്റീവ് ആകുന്നവരുടെ പ്രതിദിന കണക്ക് 6000 ൽ താഴെ നിൽക്കുന്നതാണു മറ്റൊരു വെല്ലുവിളി. ആദ്യഘട്ട കോവിഡ് വ്യാപനത്തിൽ ഒക്ടോബർ 24 നാണു കൂടുതൽ പേർ ചികിത്സയിൽ കഴിഞ്ഞിരുന്നത് 97,417 പേർ. ഇതു ക്രമേണ കുറഞ്ഞു മാർച്ച് 30 ന് 24,650 ൽ എത്തി. ഏപ്രിൽ ഒന്നു മുതലാണു വീണ്ടും ഉയരാൻ തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ മരണനിരക്കു കുറവാണെങ്കിലും ചികിത്സയിലുള്ളവരുടെ നിരക്ക് ഉയരുന്നതു ഭീഷണിയാകും. ഇതിനകം 5055 പേർ മരിച്ചു.
12 നു പ്രതിദിന മരണം 11 ആയിരുന്നു. ഇതു ക്രമേണ വർധിച്ച് ഇന്നലെ വരെ 272 പേരാണു മരിച്ചത്. ഐസിയുവിൽ കഴിയുന്നവരുടെ എണ്ണം ആദ്യമായി വ്യാഴാഴ്ച 1000 കടന്നു1064 പേർ. ഒരേസമയം വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം 150 കടക്കുന്നതും ഈ മാസമാണ്. ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നതു 320 പേരാണ്.
മറുനാടന് മലയാളി ബ്യൂറോ