- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്; ക്വാറന്റൈൻ ലംഘനവും കണ്ടെത്തും; രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ; ലോക്ഡൗൺ ഒഴിവാക്കുന്നത് ഉത്പാദനമേഖലയും നിർമ്മാണ മേഖലയും സ്തംഭിക്കാതിരിക്കാൻ; കോവിഡിൽ കേരളവും കരുതലെടുക്കുമ്പോൾ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും നടപടി സ്വീകരിക്കാനും അഡീഷണൽ എസ്‌പി.മാരുടെ നേതൃത്വത്തിൽ ഇനി എല്ലായിടത്തും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്. വാക്‌സിൻ കേന്ദ്രങ്ങൾ, മാളുകൾ, സൂപ്പർ മാർക്കറ്റ്, ചന്ത എന്നിവിടങ്ങളിൽ സംഘം മിന്നൽപരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. ഇതിലൂടെ നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കാനാണ് തീരുമാനം.
കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവർത്തനക്ഷമതയും ഈ സംഘം നിരീക്ഷിക്കും. കോവിഡ് രോഗികൾ കോവിഡ് സേഫ്റ്റി എന്ന മൊബൈൽ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം. ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ആപ്പ് പൊലീസിന് സഹായകമാകും. പഞ്ചായത്ത് തലത്തിൽ നിലവിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കും. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ തുടരും. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ നിയന്ത്രണം കർശനമാക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ ആൾക്കൂട്ടങ്ങളും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കും.
രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കണമെന്ന് ജില്ലാഭരണകൂടം തീരുമാനിക്കും. ആദിവാസി മേഖലയിൽ കോവിഡ് പരിശോധന കർശനമാക്കും. ആരാധനാലയങ്ങളുടെ വലുപ്പമനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. ഇതിനായി കളക്ടർമാർ സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കും. ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കു മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകൂ. ഇവർ രണ്ടുഡോസ് വാക്‌സിൻ എടുത്തവരോ, ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണം.
നിയന്ത്രണങ്ങൾ കർക്കശമാക്കുന്നുണ്ടെങ്കിലും ഉത്പാദനമേഖലയും നിർമ്മാണ മേഖലയും സ്തംഭിക്കാതിരിക്കാനാണ് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, മത്സ്യബന്ധനം, പാൽ ഉത്പാദനം, തൊഴിലുറപ്പ് പദ്ധതി, കുടിൽ വ്യവസായം, നിർമ്മാണപ്രവർത്തനം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം
രക്തദാനം ചർച്ചയാക്കി പ്രതിപക്ഷം
സർവ്വ കക്ഷിയോഗത്തിൽ പ്രതിപക്ഷവും ക്രിയാത്മക നിർദ്ദേശങ്ങൾ വച്ചു. രക്ത ബാങ്കുകളിൽ ദൗർലഭ്യത്തിനു സാധ്യതയുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. കോവിഡ് വ്യാപനം മൂലം രക്തദാനത്തിന് ആളുകൾ തയാറാകുന്നില്ല. വാക്‌സീൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്കു രക്തം കൊടുക്കാൻ പാടില്ല. 18 - 45 പ്രായപരിധിയിലുള്ളവർ വാക്‌സീൻ സ്വീകരിക്കുന്നതിനു മുൻപ് രക്തദാനത്തിനു തയാറാകണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കോവിഡ് ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികളിൽ വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി സർക്കാർ പരിശോധിക്കും. ജയിലുകളിൽ കോവിഡ് പടരുന്നത് കണക്കിലെടുത്തു പരോൾ നൽകണമെന്ന ആവശ്യവും പരിശോധിക്കും. ആർടിപിസിആർ ഫലം വൈകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പരിഭ്രാന്തരായി ആളുകൾ യാത്ര ചെയ്യുന്നത് ഒഴിവാക്കണം. ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു തുടരണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ബാറുകളും അടഞ്ഞു കിടക്കും
സർവകക്ഷി യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയുള്ള കർശന നിയന്ത്രണങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ബാറുകൾ, വിദേശമദ്യ വിൽപനകേന്ദ്രങ്ങൾ, തിയറ്റർ, മാൾ, ജിം, ക്ലബ്, സ്പോർട്സ് കോംപ്ലക്‌സ്, നീന്തൽക്കുളം, വിനോദ പാർക്ക് എന്നിവ അടച്ചു. വിവാഹ ചടങ്ങിൽ 50 പേർ മാത്രം (2 മണിക്കൂർ); സംസ്‌കാര ചടങ്ങിൽ 20 പേർ. കടകളും റസ്റ്ററന്റുകളും രാത്രി 7.30 വരെ മാത്രം. റസ്റ്ററന്റുകളിൽ രാത്രി 9 വരെ പാഴ്‌സൽ നൽകാം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷൻ കട സമയം ചുരുക്കുന്നതു പരിഗണിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മാർക്കറ്റുകളും കടകളും 2 ദിവസം അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ചു അടച്ചിടൽ നീളും.
യോഗങ്ങൾ ഓൺലൈനിൽ മാത്രം. സർക്കാർ ഓഫിസുകളിൽ പകുതി ഹാജർ. ആരോഗ്യം, റവന്യു, പൊലീസ് വകുപ്പുകളും ദുരന്തനിവാരണ ഓഫിസുകളും എല്ലാ ദിവസവും പ്രവർത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. അതിഥിത്തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂം. ഷാപ്പുകളിൽ നിന്നു കള്ള് പാഴ്‌സലായി നൽകും. വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ അടച്ചതായി മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും ഉത്തരവിൽ ബാർ അടച്ചതായി മാത്രമേ വ്യക്തമാക്കിയിട്ടുള്ളൂ. എന്നാൽ, വിൽപന കേന്ദ്രങ്ങളും പ്രവർത്തിക്കില്ലെന്ന് അധികൃതർ പിന്നീട് അറിയിച്ചു.
മരക്കാർ റിലീസ് മാറ്റി
സിനിമാ മേഖലയും വലിയ പ്രതിസന്ധിയിലാണ്. പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് മാറ്റി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബർ 24 നു തിയറ്ററിലെത്തും. 2 സിനിമകളും ഒടിടിക്കു കൈമാറിയെന്നു സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കെയാണു മരക്കാർ ഓഗസ്റ്റ് 12നു തിയറ്ററിൽ റിലീസ് ചെയ്യുമെന്നു നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്. മെയ് 13നു റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്.
എസ് എസ് എൽ സി പരീക്ഷയ്ക്ക് മാറ്റമില്ല.
നാളെ തുടങ്ങാനിരുന്ന പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പുതിയ തീയതികൾ പിന്നീട്. 29 വരെയുള്ള എസ്എസ്എൽസി പരീക്ഷകൾക്കു മാറ്റമില്ല. മെയ് 5 മുതലുള്ള എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിയിട്ടില്ല. പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണമെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോടു വിശദീകരണം തേടിയിരുന്നു.
പിഎസ്‌സി മേയിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. അതിനിടെ ആരോഗ്യ സർവകലാശാലയിലെ നഴ്‌സിങ് പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകളും പരീക്ഷയും നടത്തണമെന്നാണു സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗികളെ ചികിത്സിക്കുന്നവരാണ് അവർ. ഈ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കണമെങ്കിൽ പരീക്ഷകൾ ക്രമമായി നടത്തണം. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ചില കുട്ടികളുടെ മാർക്ക് ലിസ്റ്റും ടിസിയും തടഞ്ഞു വയ്ക്കുന്നതു സംബന്ധിച്ച പരാതി പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിനോടു നിർദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ