- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തോട് 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും ആവശ്യപ്പെട്ട് കേരളം; ക്ഷാമം കാരണം വാക്‌സീൻ ഡ്രൈവ് ചുരുക്കി
തിരുവനന്തപുരം: പ്രതിരോധ മരുന്നിന്റെ ക്ഷാമം കാരണം സംസ്ഥാനത്ത് വാക്‌സീൻ ഡ്രൈവ് വെട്ടിക്കുറച്ചെന്നും 50 ലക്ഷം കോവിഷീൽഡും 25 ലക്ഷം കോവാക്‌സിനും ഉടൻ നൽകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. കേരള ചീഫ് സെക്രട്ടറി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ആവശ്യം ഉന്നയിച്ച് കത്തയച്ചു.
അതേസമയം, ക്ഷാമത്തെ തുടർന്നു രണ്ടു ദിവസം നിർത്തിവച്ച വാക്‌സീൻ വിതരണം എറണാകുളത്ത് പുനഃരാരംഭിച്ചു. രണ്ടാം ഡോസ് എടുക്കാൻ സ്‌പോട്ട് റജിസ്‌ട്രേഷനായി കൂടുതൽ പേർ എത്തിയത് പലയിടങ്ങളിലും തിരക്കിനിടയാക്കി. സ്‌പോട്ട് റജിസ്‌ട്രേഷൻ വഴി ആദ്യ ഡോസ് ലഭിക്കുമെന്ന് കരുതി വന്നവരെ എല്ലായിടത്തും വസ്തുത പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു.
രണ്ടാം ഡോസ് വാക്‌സീന് ആശ വർക്കർമാർ വഴി സമയം നിശ്ചയിച്ച് സ്‌പോട്ട് റജിസ്‌ട്രേഷന് എത്താനായിരുന്നു അറിയിപ്പെങ്കിലും ജനങ്ങൾ നേരിട്ടുതന്നെ മിക്കയിടത്തും എത്തിയത് നീണ്ട ക്യൂവിന് ഇടയാക്കി. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ ക്യൂ പ്രധാന റോഡ് വരെ നീണ്ടു. ആദ്യമാദ്യം വന്നവരെ ടോക്കൺ നൽകി വാക്‌സീൻ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചു.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് ആദ്യ ഡോസ് എടുക്കാൻ വന്നവർക്കും സ്‌പോട്ട് റജിസ്‌ട്രേഷൻ വഴി രണ്ടാം ഡോസ് എടുക്കാൻ വന്നവർക്കും നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ടോക്കൺ ലഭിച്ചിട്ടും വാക്‌സീൻ ലഭിക്കാത്തവർക്ക് അടുത്ത ദിവസം ലഭ്യമാക്കാനുള്ള ക്രമീകരണവും ചെയ്തു.
63 സർക്കാർ കേന്ദ്രങ്ങൾ വഴിയാണു വാക്‌സിനേഷൻ എറണാകുളത്ത് പുനഃരാരംഭിച്ചത് . സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണം എറണാകുളം ജില്ലയിൽ താൽക്കാലികമായി നിർത്തി. ശനിയാഴ്ച 10,000 ഡോസ് വാക്‌സീൻ കൂടി ജില്ലയിൽ എത്തുമെന്നാണു പ്രതീക്ഷ.
ന്യൂസ് ഡെസ്ക്