- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന ജംഗ്ഷനുകളിൽ എല്ലാം ബാരിക്കേഡുകൾ; ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചു; ഇളവുകൾ അടിയന്തര സാഹചര്യത്തിൽ മാത്രം; സാധനം വാങ്ങാനും കൂട്ടത്തോടെ റോഡിൽ ഇറങ്ങിയാൽ പണി കിട്ടും; നാളെ മുതൽ അവശ്യ സർവ്വീസ് വിഭാഗത്തിൽ പെടാത്ത ജോലിക്കാർക്ക് എല്ലാം പൊലീസ് പാസ് നിർബന്ധം; സമ്പൂർണ്ണ ലോക്ഡൗൺ തുടങ്ങി; കേരളം വീണ്ടും നിശ്ചലം
തിരുവനന്തപുരം: ഒൻപത് ദിവസത്തെ ലോക്ഡൗണിന് തുടക്കം. ഇനി അനാവശ്യമായി പുറത്തിറങ്ങിയാൽ പിടി വീഴും. രാവിലെ ആറു മണി മുതൽ തന്നെ പൊലീസ് പരിശോധനകൾ തുടങ്ങി. പ്രധാന ജംഗ്ഷനിൽ എല്ലാം പൊലീസ് ബാരിക്കേഡുകൾ ഉയർന്നിട്ടുണ്ട്. സാധനം വാങ്ങാൻ അല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല. അതും കൂട്ടമായി റോഡിലെത്തിയാൽ പൊലീസ് പിഴ ഈടാക്കും. അതിശക്തമായ പരിശോധനയാണ് എങ്ങും. ജില്ലാ അതിർത്തികളും അടച്ചു. അടിയന്തര സാഹചര്യത്തിൽ മാത്രമേ ജില്ലകളിലെ അതിർത്തികളിലൂടെ ആളുകളെ അപ്പുറത്തേക്ക് കടത്തി വിടൂ. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇത്.
അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാമെന്ന് പൊലീസ് അറിയിച്ചു. ഇവർക്ക് പ്രത്യേകം പൊലീസ് പാസ് ആവശ്യമില്ല. വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും ശനിയാഴ്ച സ്വയം തയാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം.
പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ശനിയാഴ്ച വൈകിട്ടോടെ നിലവിൽ വരും. അതിനുശേഷം മേൽപറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ നേരിട്ടോ അവരുടെ തൊഴിൽദാതാക്കൾ മുഖേനയോ പാസ്സിന് അപേക്ഷിക്കണം. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫിസർ തന്നെ നൽകും.
വീട്ടിനുള്ളിൽ പോലും നിയന്ത്രണങ്ങൾ വേണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുള്ളത്. അത്രയും ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീട്ടിനകത്തു രോഗപ്പകർച്ചയ്ക്കു സാധ്യത കൂടുതലാണെന്നും പുറത്തു പോയി വരുന്നവരിൽ നിന്നും അയൽപക്കക്കാരിൽ നിന്നും കോവിഡ് പകരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. വീടിനുള്ളിൽ പൊതു ഇടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ, ടിവി കാണൽ, പ്രാർത്ഥന എന്നിവ ഒറ്റയ്‌ക്കോ പ്രത്യേക മുറിയിലോ ആകുന്നതാണു നല്ലത്.
അയൽ വീട്ടുകാരുമായി ഇടപെടുമ്പോൾ ഡബിൾ മാസ്‌ക് നിർബന്ധം. അവരിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചാൽ കൈ സോപ്പിട്ടു കഴുകണം. പുറത്തു പോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ നിർബന്ധമായും സോപ്പിട്ടു കഴുകണംമുഖ്യമന്ത്രി പറഞ്ഞു.
ഏർപ്പെടുത്തുന്നത് കർശന നിയന്ത്രണങ്ങൾ
ലോക്ഡൗൺ കാലയളവിൽ മറ്റു ജില്ലകളിലേക്കുള്ള യാത്രയ്ക്കു കർശന വ്യവസ്ഥകൾ. വിവാഹം, മരണാനന്തര ചടങ്ങ്, ഏറ്റവും അടുത്ത രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ മറ്റൊരിടത്തേക്കു കൊണ്ടു പോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കു മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. സത്യപ്രസ്താവന കരുതണം. വിവാഹ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കയ്യിൽ കരുതണം. മരണാനന്തര ചടങ്ങുകൾ, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്കു കാർമികത്വം വഹിക്കേണ്ട പുരോഹിതർക്കു ജില്ല വിട്ടു യാത്ര ചെയ്യാനും മടങ്ങിവരാനും നിയന്ത്രണമില്ല. സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.
പെട്രോൾ പമ്പുകൾ, പാചകവാതക ഏജൻസികൾ, പെട്രോളിയം, കേബിൾ സർവീസ്, ഡിടിഎച്ച്, കോൾഡ് സ്റ്റോറേജുകൾ, വെയർഹൗസിങ് സുരക്ഷാ ഏജൻസികൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാം. ഇവയുടെ ചില്ലറ വിൽപനശാലകളും ശേഖരണ കേന്ദ്രങ്ങളും തുറക്കാം. ആരാധനാലയങ്ങൾ പൂർണമായി അടച്ചിടണം. ഇവിടേക്കു പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. എല്ലാവിധ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടച്ചിടും. നിർമ്മാണ മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജോലി തുടരാം. തൊഴിലുറപ്പു ജോലിക്കു പരമാവധി 5 പേർ മാത്രം. തുറമുഖങ്ങളിൽ ലേല നടപടി പാടില്ല. കൃഷി, മത്സ്യബന്ധനം, തോട്ടങ്ങൾ: തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചു ജോലിയാകാം.
അതിഥിത്തൊഴിലാളികൾ: കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി നിർമ്മാണസ്ഥലത്തു തന്നെ താമസവും ഭക്ഷണവും ഉറപ്പാക്കണം. ഇതിനു സാധിക്കാത്ത കരാറുകാർ അവർക്കു യാത്രാസൗകര്യം ഒരുക്കണം. ബാർ, കള്ളുഷാപ്പ്: കള്ളുഷാപ്പുകൾ, ബാറുകൾ, മദ്യവിൽപന ശാലകൾ എന്നിവ തുറക്കില്ല.
റസ്റ്ററന്റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം
റസ്റ്ററന്റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന സ്ഥാപനങ്ങൾ, കാപിറ്റൽ ആൻഡ് ഡെബ്റ്റ് മാർക്കറ്റ് സർവീസുകൾക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.
അഭിഭാഷകർക്കും ക്ലാർക്കുമാർക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കൽ വസ്തുക്കൾ പാക്കു ചെയ്യുന്ന വ്യവസായ യൂണിറ്റുകൾക്കും വിദേശത്തേക്കു സാധനങ്ങൾ അയയ്ക്കുന്ന യൂണിറ്റുകൾക്കും പ്രവർത്തിക്കാം. ട്രാൻസ്‌പോർട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്‌മെന്റ് വകുപ്പ്, നോർക്ക എന്നീ വകുപ്പുകളെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എൽഎൻജി സപ്ലൈ, വിസ കോൺസുലർ സർവീസ്ഏജൻസികൾ, റീജനൽ പാസ്‌പോർട്ട് ഓഫിസ്, കസ്റ്റംസ് സർവീസ്, ഇഎസ്‌ഐ തുടങ്ങിയ കേന്ദ്രസർക്കാർ വകുപ്പുകളെയും ലോക്ഡൗണിൽനിന്ന് ഒഴിവാക്കി.
മറുനാടന് മലയാളി ബ്യൂറോ