കായംകുളം: കുടുംബക്ഷേത്രത്തിൽ രഹസ്യമായി നടത്തിയ പൂജയിൽ പങ്കെടുത്തവർക്ക് കോവിഡ്. കായംകുളം നഗരസഭ 41 -ാം വാർഡിലെ സ്വകാര്യ കുടുംബക്ഷേത്രത്തിൽ കഴിഞ്ഞ 13 ന് ആയിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർക്കെതിരെയും തന്ത്രിക്കെതിരെയും കായംകുളം പൊലീസ് കേസെടുത്തു.

പൂജയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അറുപതോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുറോളം പേർ സ്വയംനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. നിയമ വിരുദ്ധമായി പൂജയ്ക്ക് നേതൃത്യം നൽകിയ ക്ഷേത്ര സെക്രട്ടറി അടക്കം 27 കുടുംബാഗങ്ങൾക്കെതിരെയും പൂജ നടത്തിയ തന്ത്രിക്കും സഹായികൾക്കുമെതിരേയുമാണ് കായംകുളം പൊലീസ് കേസ് എടുത്തത്.

സംഭവത്തെ തുടർന്ന് കായംകുളം നഗരസഭ 41-ാം വാർഡ് പൂർണ്ണമായും അടച്ചിടുകയും ശക്തമായ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടവും പൊലീസും ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.