- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിൽ രോഗബാധിതരായ 100 പേർ 111 പേരിലേക്ക് രോഗം പകരുന്നു; ആർ വാല്യൂവിലെ വിശകലനങ്ങൾ എത്തുന്നത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാകാനുള്ള സാധ്യത; കണക്കുകളെല്ലാം പ്രതികൂലമാകുമ്പോൾ മൂന്നാഴ്ച അതിനിർണ്ണായകം; ആരോഗ്യ രംഗത്തെ കേരളാ മോഡൽ തലകുനിക്കുമ്പോൾ

തിരുവനന്തപുരം: കോവിഡിൽ കേരളത്തെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകൾ. ലോക് ഡൗൺ ഇളവുകളിലൂടെ സർക്കാർ തന്നെ പൊതു ഇടങ്ങളിൽ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതിനിടെ പുറത്തു വരുന്ന റിപ്പോർട്ടുകൾ ഭീതിജനകമാണ്. ഉത്തരേന്ത്യ രോഗത്തെ ഏതാണ്ട് പിടിച്ചു കെട്ടി. മഹാരാഷ്ട്രയിലെ കണക്കുകളും സൂചിപ്പിക്കുന്നത് രോഗ വ്യാപനം കുറയുന്നതിന്റെ ഗ്രാഫാണ്. എന്നാൽ കേരളത്തിൽ എത്തും പിടിയുമില്ല. ഇതിനിടെയാണ് പുതിയ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ കേരളത്തിൽ 22064 പ്രതിദിന രോഗികളാണുള്ളത്. രാജ്യത്ത് 44667 പേരും. ഇതിൽ മഹാരാഷ്ട്രയിൽ 7242 രോഗികളുണ്ട്. കർണ്ണാടകയിൽ 2052ഉം തമിഴ്‌നാട്ടിൽ 1859ഉം ആന്ധ്രയിൽ 2107 പേരും. ഉത്തർപ്രദേശിൽ 60ഉം ഡൽഹിയിൽ 51ഉം രാജസ്ഥാനിൽ 17ഉം മധ്യപ്രദേശിൽ 18ഉം ഗുജറാത്തിൽ 27 ഉം രോഗികൾ. ബംഗാളിൽ 766 പേരും. അങ്ങനെ രോഗ വ്യാപനത്തെ ഉത്തരേന്ത്യ ഒരർത്ഥത്തിൽ പിടിച്ചു കെട്ടി കഴിഞ്ഞു. കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ രാജ്യത്തുള്ളത് കേരളത്തിലാണ്. ഇതിനൊപ്പമാണ് ആർ വാല്യു(റിപ്രൊഡക്ടീവ് ഫാക്ടർ)വിലും മുന്നിലെന്ന് പഠനം.
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സ്റ്റഡീസിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പുതിയ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ദേശീയ ചാനലുകളിൽ അടക്കം ഇന്നലെ കേരളത്തിലെ കോവിഡ് വ്യാപനമായിരുന്നു ചർച്ച. ആർക്കും കേരളത്തിന് ഈ ഗതി വന്നതിനെ കുറിച്ച് വ്യക്തമായ ഉത്തരമില്ല. കേരളാ മോഡലിനെ പുകഴ്‌ത്തിയവർ പോലും അത്ഭുതത്തോടെ കാണുകയാണ് ഇപ്പോഴത്തെ രോഗവ്യാപനത്തെ,
വൈറസ് വ്യാപനം എത്ര വേഗത്തിലാണെന്ന് ആർ വാല്യുവിലൂടെ മനസ്സിലാക്കാം. ഒരു കോവിഡ് രോഗിയിൽനിന്ന് എത്ര പേർക്ക് രോഗം പകരുമെന്നു കണക്കാക്കുന്നതാണ് ആർ വാല്യു. കേരളത്തിലെ ആർ വാല്യു 1.11 ശതമാനമാണ്. അതായത് രോഗബാധിതരായ 100 പേർ 111 പേരിലേക്ക് രോഗം പകരുന്നു. ആർ വാല്യു ഒന്നിൽ കുറവാണെങ്കിൽ, 0.95 ആണെങ്കിൽ, രോഗം ബാധിച്ച നൂറു പേർ മറ്റ് 95 പേരിലേക്ക് അണുബാധ വ്യാപിപ്പിക്കും എന്നാണ്. ജൂലൈ അവസാനവാരം രാജ്യത്തെ ആർ വാല്യു 0.95 ആയിരുന്നു.
ആർ വാല്യു 1നു മുകളിലാകുന്നത് കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിന്റെ ആർ വാല്യു രാജ്യത്തിന്റെ പൊതു സ്ഥിതിയേക്കാൾ കൂടുതലാണ്. രാജ്യത്ത് മാർച്ച് 9 മുതൽ ഏപ്രിൽ 21 വരെ ആർ വാല്യു 1.37 ഉം, ഏപ്രിൽ 24 മുതൽ മെയ് ഒന്നുവരെ 1.18 ഉം ആയിരുന്നു. അതിനിടയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെങ്കിലും നിലവിൽ 0.95ൽ എത്തിനിൽക്കുകയാണ്.
രാജ്യത്തെ ഏറ്റവും ഉയർന്ന ആർ വാല്യു കേരളത്തിലാണ്. പുണെ, ഡൽഹി എന്നിവിടങ്ങളിൽ ആർ വാല്യു ഒന്നിന് അടുത്താണ്. എന്നാൽ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇത് ഒന്നിനു മുകളിലാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിനു പിന്നാലെ കുറഞ്ഞ ആർ വാല്യു ഇപ്പോൾ വീണ്ടും കൂടുകയാണ്. രോഗവ്യാപന തോത് ഉയരുമെന്നാണ് കേരളത്തിലെ ആർ വാല്യു സൂചിപിപ്പിക്കുന്നത്. ഇത് ഭീതിയുണ്ടാക്കുന്ന സാഹചര്യമുണ്ടാക്കും.
സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളിൽ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവർക്ക് ചികിത്സ നൽകുകയും ചെയ്യുന്നു.
ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്നലെ 1,63,098 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്.
ദേശീയ തലത്തിൽ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെൽറ്റാ വൈറസാണ്. രണ്ടാം തരംഗത്തിൽ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തിൽ തന്നെ നിർത്തിയിരുന്നു. ഇപ്പോൾ ടി.പി. ആർ ചെറുതായി ഉയർന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തിൽ ഏപ്രിൽ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്.
മെയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സർവയലൻസ് സർവേയിൽ കേരളത്തിൽ 42 ശതമാനം പേർക്കാണ് ആന്റിബോഡി കണ്ടെത്തിയത്. ഇനിയും 50 ശതമാനത്തിലധികം പേർക്ക് രോഗം വരാൻ സാധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാൻ പരമാവധി പേർക്ക് വാക്സിൻ നൽകാൻ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തിൽ ജനസംഖ്യയുടെ 10 ലക്ഷമെടുത്താൽ ഏറ്റവുമധികം വാക്സിൻ നൽകുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം-ഇതാണ് മന്ത്രിയുടെ വിശദീകരണം.


