- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി കാറ്റഗറിയിൽ സമ്പൂർണ്ണ അടച്ചിടൽ; രോഗ വ്യാപന സ്ഥലത്ത് നിന്ന് ആളുകളെത്തി തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്ന് സാധനം വാങ്ങും; രോഗ വ്യാപനത്തിന് കാരണം ആശാസ്ത്രിയ ലോക്ഡൗണോ? ഇനി ജില്ലാ തല കർഫ്യൂ വന്നേക്കും; വാക്സിനേഷനും വേഗം കൂടും; ബദൽ ചിന്തകളുമായി പിണറായി
തിരുവനന്തപുരം: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കേസുകളിൽ 50 ശതമാനത്തോളം കേരളത്തിൽ. അശാസ്ത്രീയമായ ലോക്ഡൗൺ ഇളവുകളാണ് രോഗവ്യാപനത്തിന് കാരണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതോടെ സംസ്ഥാന സർക്കാരും പുനരാലോചനയിലേക്ക് കടക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും തുടർന്നിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തിൽ ബദൽ മാർഗം തേടുകയാണ് മുഖ്യമന്ത്രി പിണറായി. അടച്ചിടുന്നതിന് പകരം മറ്റ് മാർഗങ്ങൾ തേടാനാണ് സർക്കാർ ആലോചിക്കുന്നത്. ടി.പി.ആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരേണ്ടതുണ്ടോ എന്ന് വെള്ളിയാഴ്ചത്തെ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ആർക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല.
ശാസ്ത്രീയമായ മറ്റ് മാർഗങ്ങൾ ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. വിവിധ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ പരിഹാരമാർഗം നിർദ്ദേശിക്കാനും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. ലോക്ഡൗണിലൂടെ മാത്രമേ കോവിഡ് വ്യാപനം ചെറുക്കാൻ കഴിയൂവെന്നതാണ് പൊതു വിലയിരുത്തൽ. പഞ്ചായത്ത് തല നിയന്ത്രണങ്ങൾ ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു.
കോവിഡ് അതിവ്യാപനമുള്ള പഞ്ചായത്തിലെ കടകളെല്ലാം അടച്ചിടും. ഇപ്പോൾ രോഗ വ്യാപനം ഉള്ളിടത്തെ ആളുകൾ തൊട്ടടുത്തുള്ള കടയിൽ എത്തി സാധനം വാങ്ങി മടങ്ങും. ഇത് അടുത്ത പഞ്ചായത്തിലും രോഗം എത്തിക്കും. കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ കേരളത്തിന് കോവിഡിനെ മറികടക്കാൻ കഴിയൂവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ കച്ചവടക്കാർ ഇതിനെ എതിർക്കുകയും ചെയ്യുന്നു. എല്ലാ കടയും എന്നും എപ്പോഴും തുറന്ന് കോവിഡിനെ നേരിടണമെന്നാണ് ഇവരുടെ നിർദ്ദേശം.
അതു കൊണ്ട് തന്നെ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. ഒന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചപ്പോൾ നടപ്പിലാക്കിയ മൈക്രോ കണ്ടൈന്മെന്റ് രീതി പ്രാബല്യത്തിൽ കൊണ്ടുവരാനും പ്രാദേശിക തലത്തിൽ നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം പിടിച്ചുനിർത്താനുമാണ് ആലോചന. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും രോഗവ്യാപനം നിയന്ത്രണത്തിലായിട്ടും കേരളത്തിൽ വ്യാപന തോത് കുറഞ്ഞിട്ടില്ല. ഇത് നാണക്കേടാണെന്ന് സംസ്ഥാന സർക്കാരും തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രണത്തിലാക്കാൻ പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് പരിഗണിച്ച് സംസ്ഥാനത്തിന് കൂടുതൽ ഡോസ് വാക്സിൻ ആവശ്യപ്പെടാനും കേരളം ഒരുങ്ങുകയാണ്. ആഴ്ചയിൽ 25 ലക്ഷം എന്ന കണക്കിൽ സംസ്ഥാനത്ത് ഒരു മാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാണ് ആലോചന. വാക്‌സിൻ എടുത്തവർക്കും രോഗം വരുന്നുണ്ട്. എന്നാൽ ഇവർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കോവിഡ് ഉണ്ടാക്കുന്നില്ല.
സംസ്ഥാനത്ത് ഇന്നലെ 5,04,755 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 3,41,753 പേർക്ക് ഒന്നാം ഡോസും 1,63,002 പേർക്ക് രണ്ടാം ഡോസും നൽകി. ഏറ്റവും അധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകിയ ദിവസമായി ഇന്നലെ മാറി. ഈ മാസം 24ന് 4.91 ലക്ഷം പേർക്ക് വാക്സിൻ നൽകിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ വാക്സിൻ ലഭ്യമായാൽ ഇതുപോലെ ഉയർന്ന തോതിൽ വാക്സിനേഷൻ നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. സുഗമമായ വാക്സിനേഷന് എത്രയും വേഗം കൂടുതൽ വാക്സിൻ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണ്. ഇന്നലെ 1,753 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 99,802 പേർക്ക് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുമ്പിൽ. തൃശൂർ ജില്ലയിൽ 52,123 പേർക്ക് വാക്സിൻ നൽകി. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 40,000ലധികം പേർക്ക് വാക്സിൻ നൽകി.
സംസ്ഥാനത്ത് 1,38,07,878 പേർക്ക് ഒന്നാം ഡോസും 59,68,549 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,97,76,427 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേർക്ക് ഒന്നാം ഡോസും 17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
മറുനാടന് മലയാളി ബ്യൂറോ