തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വരും. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണമായി അടച്ചിടുന്നതിനാണു മുഖ്യ പരിഗണന. എന്നാൽ ജില്ലാ തല നിയന്ത്രണത്തിലൂടെ മാത്രമേ രോഗ വ്യാപനം തടയാനാകൂവെന്ന വിലയിരുത്തൽ സജീവമാണ്. ആൾക്കൂട്ടം ഒഴിവാക്കി അടച്ചിടൽ വേണ്ടെന്ന് വയ്ക്കാനാണ് നീക്കം.

സംസ്ഥാനത്ത് അഞ്ചു ദിവസത്തിനിടെ ഒരു ലക്ഷം കടന്ന് കോവിഡ് രോഗികൾ. തുടർച്ചയായ ദിവസങ്ങളിൽ ഇരുപതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗബാധ. മലപ്പുറം, കോഴിക്കോട് , തൃശൂർ, പാലക്കാട്, എറണാകുളം ജില്ല കളിൽ രോഗ വ്യാപനം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ കർണാടത്തിലേയ്ക്ക് പോകുന്ന യാത്രക്കാർ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണകേന്ദ്രത്തിലാക്കി ചികിത്സിക്കും. സമ്പർക്കപ്പട്ടികയും തയ്യറാക്കി. രോഗം കണ്ടെത്തുന്ന സ്ഥലത്ത് ടെസറ്റ് കൂടുതൽ കാര്യക്ഷമമാക്കും. യുപിയിലും മറ്റും ഇത്തരത്തിലാണ് രോഗത്തെ പിടിച്ചു കെട്ടിയത്. ഈ മോഡൽ കേരളത്തിലും നടപ്പിലാക്കേണ്ടി വരും.

ടിപിആർ പത്തിന് മുകളിലുള്ളിടത്ത് കൂട്ട പരിശോധനകൾ നടത്തി പരമാവധി വൈറസ് വാഹകരെ കണ്ടെത്തണം. ഇതിലൂടെ രോഗ വ്യാപനം കുറയ്ക്കാം. മൂന്നാം തരംഗം ഉണ്ടായാൽ എല്ലാം കൈവിട്ടു പോകുമെന്ന ഭയം കേന്ദ്ര സർക്കാരിനുണ്ട്. മഹാരാഷ്ട്രയും കേരളവും തമിഴ്‌നാടും ആന്ധ്രയും കർണ്ണാടകയും കോവിഡ് വെല്ലുവിളികളെ നേരിടുന്നതിന് വേണ്ടത്ര കരുതൽ എടുക്കുന്നില്ലെന്ന നിലപാട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ഉണ്ട്.

ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾക്ക് കേരളത്തോടെ കേന്ദ്രം നിർദ്ദേശിക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും. കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കും. സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കും. കോവിഡ് പരിശോധന ദിവസം 2 ലക്ഷമായി കൂട്ടും. വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളോടെ വിനോദ മേഖലയുടെ പ്രവർത്തനം അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്.

എല്ലാ നിർദ്ദേശങ്ങളും ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. ചൊവ്വാഴ്ച അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകും വിധം കോവിഡ് നിയന്ത്രിക്കാനാണു ശ്രമം. ആദ്യ തരംഗത്തിന്റെ സമയത്തു താഴേത്തട്ടിൽ നിയന്ത്രണം ഫലപ്രദമായിരുന്നു. ഇപ്പോൾ ഇത് പാളുകയാണ്.

പൊലീസ് നടപടികളിൽ ഏകോപനമില്ല. കടയുടമകളിൽനിന്നും വാഹന യാത്രക്കാരിൽനിന്നും പിഴ ഈടാക്കുന്നതിൽ മാത്രമാണു ശ്രദ്ധയെന്നു പരാതിയുണ്ട്.