ന്യൂഡൽഹി: കോവിഡിലെ കേരളത്തിലെ രോഗ വ്യാപനത്തിൽ കേന്ദ്ര സംഘതതിന് ആശങ്കകൾ ഏറെ. കേരളത്തിൽ നിന്നുള്ള കോവിഡ് സാംപിളുകളിൽ 90.17 ശതമാനത്തിലും തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസ് ഇങ്ങനെ പടർന്നാൽ വീണ്ടും ജനിതകമാറ്റം ഉണ്ടാകും. ഇത് വാക്‌സിനേഷനെ പോലും ബാധിക്കും.

മെയ്‌ ജൂലൈ കാലയളവിൽ പഠനത്തിനായി ശേഖരിച്ച 835 സാംപിളുകളിൽ 753 എണ്ണത്തിലും ഡെൽറ്റ വൈറസിനെ കണ്ടെത്തി. ഡെൽറ്റാ വൈറസിനെ പോലും ശക്തമായി പ്രതിരോധിക്കാൻ വാക്‌സിന് കഴിയുന്നില്ല. രോഗികൾക്ക് അതിഗുരുതരാവസ്ഥ ഉണ്ടാക്കുന്നില്ലെന്ന് മാത്രം. അതുകൊണ്ട് തന്നെ ഇനി ജനിതകമാറ്റം ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിനാൽ സാമൂഹ്യ ഇടപെടലിലൂടെ വൈറസ് വ്യാപനം പിടിച്ചു നിർത്തണമെന്നാണ് ആവശ്യം.

കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും സാംപിൾ ശേഖരിച്ചു.മാർച്ചിൽ ആൽഫ വകഭേദമായിരുന്നു കേരളത്തിൽ കൂടുതലെങ്കിൽ പിന്നീട് ഡെൽറ്റയുടെ സാന്നിധ്യം വർധിച്ചു. ജനിതക മാറ്റം ഉണ്ടായാൽ അത് അതിവേഗം തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കും പടരും. ഇത് രാജ്യത്തെ ആകെ ആശങ്കയിലാക്കും. ഉത്തരേന്ത്യയിൽ വൈറസിനെ ഏതാണ്ട് പിടിച്ചു കെട്ടിയിട്ടുണ്ട്. അതുകൊണ്ട് കേരളത്തിൽ അതിശക്തമായ നടപടികൾ വേണമെന്നാണ് വിദഗ്ധരുടെ നിലപാട്.

ഏപ്രിൽ, മെയ്‌ മാസങ്ങളിൽ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കാപ്പ വകഭേദവും പിന്നീടു കുറഞ്ഞു. ജൂണിൽ വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഡെൽറ്റയുടെ സാന്നിധ്യം ആശങ്കാജനകമായിരുന്നു. ജൂലൈയിൽ എറണാകുളം, കാസർകോട്, ഇടുക്കി ജില്ലകളിലാണ് ഡെൽറ്റ വകഭേദത്തെ കൂടുതലായി കണ്ടെത്തിയത്.കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്.

എല്ലാ ജില്ലകളിലും ഡെൽറ്റ തന്നെയാണു പ്രശ്‌നം. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന എല്ലാ വാക്‌സീനുകളും ഡെൽറ്റയ്‌ക്കെതിരെ ഫലപ്രദമാണെന്നതിനാൽ വാക്‌സിനേഷൻ വേഗത്തിലാക്കുകയാണു വേണ്ടതെന്നും പഠനം നടത്തുന്ന വിദഗ്ദ്ധർ പറയുന്നു.