തിരുവനന്തപുരം: ഓണത്തെത്തുടർന്നുണ്ടായ കോവിഡ് തീവ്രവ്യാപനഘട്ടം കേരളം പിന്നിട്ടുവെന്ന് സർക്കാരിന്റെ വിലയിരുത്തൽ. 10ാം തീയതിക്കു ശേഷം കോവിഡ് വ്യാപനം കുറയുമെന്ന പ്രൊജക്ഷൻ റിപ്പോർട്ട് കൃത്യമായി എന്നാണ് വിലയിരുത്തൽ. ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു താഴെയെത്തുമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു താഴെയെത്തുമെന്നാണ് നിഗമനം. പക്ഷേ കേരളത്തിൽ ടെസ്റ്റുകളുടെ എണ്ണം തുലോം കുറവാണ്. ഇങ്ങനെ ടെസ്റ്റുകൾ കുറച്ചാൽ രോഗ വ്യാപനം കൂടുമെന്ന ആശങ്കയും സജീവമാണ്. രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനവും ഇന്ന് കേരളത്തിലാണ്.

ഇന്നലെ 30,346 രോഗികളാണ് രാജ്യത്ത് പുതുതായി കോവിഡിൽ തിരിച്ചറിഞ്ഞത്. ഇതിൽ 17,681 രോഗികളും കേരളത്തിലാണ്. വെറും 98,000ത്തിന് അടുത്ത് ടെസ്റ്റുകൾ മാത്രമാണ് നടത്തിയത്. 18 രോഗികളെ കണ്ടെത്തിയ ഉത്തർപ്രദേശിൽ ഇന്നലെ 2.2 ലക്ഷം ടെസ്റ്റുകൾ നടന്നു. കർണ്ണാടകവും തമിഴ്‌നാടും എല്ലാം ടെസ്റ്റിന്റെ കാര്യത്തിൽ കേരളത്തിനേക്കാൾ മുന്നിലാണ്. ഇവിടെ എല്ലാം 1500ൽ താഴെ പ്രതിദിന രോഗികളേ ഉള്ളൂ. ടെസ്റ്റ് പരമാവധി നടത്തി രോഗ വ്യാപനത്തെ ചെറുക്കുകയാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ. എന്നാൽ കോവിഡ് കണക്ക് കുറയ്ക്കാൻ കേരളം ടെസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന ആക്ഷേപം കേന്ദ്ര സർക്കാരനുമുണ്ട്.

എന്നാൽ പ്രതീക്ഷയാണ് കേരളത്തിനുള്ളത്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണം 14% കുറഞ്ഞു. ഒരാളിൽനിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നതു സൂചിപ്പിക്കുന്ന ആർ റേറ്റ് 1.2 ൽ നിന്ന് 0.86 ആയി കുറഞ്ഞു. ഇത് ഒന്നിൽ താഴെയെത്തുന്നത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നുവെന്നതിന്റെ സൂചനയാണ്. കേരളത്തിലെ കോവിഡ് കേസുകളിൽ രണ്ടാഴ്ചയ്ക്കകം കുറവ് വന്നു തുടങ്ങുമെന്ന് കേന്ദ്രവും നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽ മരണങ്ങളുടെ എണ്ണം ഉയർന്നുതന്നെയാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരിൽ ഭൂരിഭാഗവും വാക്‌സീൻ സ്വീകരിക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.

ഇന്നലെ 208 പേരാണ് മരിച്ചത്. മഹാരാഷ്ട്രയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇവിടെ 56 മരണം. തമിഴ്‌നാട്ടിൽ 29ഉം ആന്ധ്രയിൽ 11പേരും കോവിഡ് കാരണം ഇന്നലെ മരിച്ചു. ബാക്കി എല്ലാ സംസ്ഥാനങ്ങളിലും ഒരുക്ക സംഖ്യയിൽ മരണം എത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയരുന്ന കേരളത്തിന് വലിയ വെല്ലുവിളിയാണ്. അതിനിടെ കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും സർക്കാർ അവസാനിപ്പിച്ചു.

ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഡബ്ല്യുഐപിആർ) മാത്രമാണ് ഇനി പരിഗണിക്കുക. കോവിഡ് പ്രതിദിന റിപ്പോർട്ടിങ്ങിൽ നിന്നു ടിപിആർ ഒഴിവാക്കി. അതായത് കോവിഡ് വ്യാപന കണക്കുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനി പ്രഖ്യാപിക്കില്ല. രോഗ വ്യാപനത്തിന്റെ നാണക്കേട് ഇതിലൂടെ ഒഴിവാക്കാനാകും ശ്രമം. സംസ്ഥാനത്ത് 678 തദേശ സ്ഥാപനങ്ങളിലെ 2507 വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) 8നു മുകളിലുള്ള പ്രദേശങ്ങളാണിത്. എറണാകുളം ജില്ലയിൽ 90 തദ്ദേശ സ്ഥാപനങ്ങളിലെ 418 വാർഡുകളിലാണു നിയന്ത്രണങ്ങൾ. തൃശൂരിൽ 389 വാർഡുകളിലും കോഴിക്കോട് 263 വാർഡുകളിലും നിയന്ത്രണങ്ങളുണ്ട്.

സംസ്ഥാനത്തു വാക്‌സീൻ എടുക്കേണ്ടവരിൽ 80.17% പേർക്ക് (2,30,09,295) ഒരു ഡോസ് നൽകിക്കഴിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 32.17% പേർക്ക് (92,31,936) 2 ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3.22 കോടി ഡോസ് വാക്‌സീനാണു വിതരണം ചെയ്തത്. കോവിഡ് കേസുകൾ കേരളത്തിൽ പരമാവധിയിൽ (പീക്ക്) എത്തിക്കഴിഞ്ഞതായി എയിംസിലെ പ്രഫസർ ഡോ.സഞ്ജയ് റായി പറയുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതുപോലെ തന്നെ കോവിഡ് കേസുകളിൽ ഒക്ടോബർ തുടക്കത്തോടെ കുറവ് പ്രതീക്ഷിക്കാം.

മുൻപുള്ള സിറോ സർവേ അനുസരിച്ച് ഭൂരിഭാഗം പേർക്കും കോവിഡ് വരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് കണ്ടത്. എന്നാൽ, പുതിയ സർവേയിൽ 48% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.