ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം ഒക്ടോബർ - നവംബർ മാസങ്ങളിൽ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ. കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങൾ പുറത്തുവന്നിരുന്നു.

കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് മുന്നറിയിപ്പ്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേർ വാക്സിനേഷൻ സ്വീകരിച്ചതിനാൽ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് കണക്കുകൂട്ടൽ.'

വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങൾ നിർണായകമാണ്. ഏതെങ്കിലും രീതിയിൽ എവിടെയെങ്കിലും മറ്റൊരു തരംഗത്തിന് സാദ്ധ്യത കാണുകയാണെങ്കിൽ ഉടൻ തന്നെ അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി. കെ. പോൾ പറഞ്ഞു.' മൂന്നാം തരംഗം സംബന്ധിച്ച് ഒരുപാട് വിവരങ്ങൾ ലഭ്യമാണ്.

ആഘോഷങ്ങളുടെയും പകർച്ചവ്യാധികളുടെയും സമയമാണ് ഈ മാസങ്ങൾ. അതുകൊണ്ട് നമ്മൾ ആഘോഷങ്ങൾ പരിമിതപ്പെടുത്തുകയും വേണം,' അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ കോവിഡ് നിരക്ക് കുറഞ്ഞ് വരുന്നതിനെപ്പറ്റിയും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് വാക്സിൻ സ്വീകരിച്ച് നാലുമാസത്തിനുള്ളിൽ ശരീരത്തിൽ ആന്റിബോഡി സാന്നിദ്ധ്യം കുറയുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. . രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച 614 ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തൽ.

നേരത്തേ, രാജ്യം മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) സീറോ സർവേ പ്രകാരം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. ഇത് കുട്ടികളിൽ കാര്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് പഠനം സൂചിപ്പിച്ചിരുന്നത്.

അതേ സമയം കേരളത്തിൽ രോഗവ്യാപനം ഏറി നിൽക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് 22,182 പേർക്കാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്.
1,86,190 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,54,807 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

അതേ സമയം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി രാജ്യത്തെ കോവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി ഐസിഎംആർ രംഗത്തെത്തി. കോവിഡ് നിയന്ത്രണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ പ്രതികരിച്ചു. സംഭവത്തിൽ കോൺഗ്രസ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

കൊവിഡിൽ തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാർ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസർക്കാരിന്റെ രണ്ട് അജണ്ടകൾ നടപ്പിലാക്കാൻ ഐസിഎംആർ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവെച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യത്തെ കോവിഡ് കണക്ക് പരമാവധിയിലെത്തുമെന്നും 2021 ഫെബ്രുവരി ആകുമ്പോഴേക്കും സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ഐസിഎംആർ പ്രഖ്യാപിച്ചു. പിന്നാലെ . രാജ്യം കൊവിഡിനെ അതിജീവിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

എന്നാൽ രണ്ട് മാസത്തിന് ശേഷം മാർച്ചോടെ ഇന്ത്യയിലെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെകൂടി നിരവധി പേരുടെ മരണത്തിനിടയാക്കി. മുന്നറിയിപ്പുകളിലെ പിഴവ് ചൂണ്ടികാണിച്ച ശാസ്ത്രജ്ഞനായ അനുപ് അഗർവാളിന് ഐസിഎംആറിൽ നിന്ന് രാജി വയ്‌ക്കേണ്ടി വന്നെന്നും, രണ്ടാംതരംഗത്തിന്റെ ഭീഷണി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ വെബ്‌സൈറ്റിൽ നിന്ന് പിൻവലിപ്പിച്ചെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനോടാണ് ഐസിഎംആർ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

പ്രകോപനങ്ങളോട് പ്രതികരിക്കാൻ തയ്യാറല്ല. ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പൂർണ ശ്രദ്ധ നൽകുന്നത് കോവിഡ് നിയന്ത്രണത്തിനാണ്. റിപ്പോർട്ട് അപലപനീയമാണെന്നും ഐസിഎംആർ മേധാവി പറഞ്ഞു. റിപ്പോർട്ടുകൾ അപലപനീയമാണെന്നും, അനാവശ്യ പ്രകോപനത്തോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യ മന്ത്രാലയവും നിലപാടെടുത്തു.