തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുമ്പോൾ തന്നെ ആവർത്തിച്ചു കോവിഡ് വരുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുന്നു. സംസ്ഥാനത്ത് ഒന്നിലേറെ തവണ കോവിഡ് ബാധിക്കുന്നവരുടെ തോത് ആറു മടങ്ങ് കുറഞ്ഞതായി ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതുവരെ 4631 പേർക്കാണ് ഒന്നിലേറെ പ്രാവശ്യം കോവിഡ് ബാധിച്ചത്. ഇതിൽ 2097 പേർ ആദ്യം പോസിറ്റീവ് ആയതു കഴിഞ്ഞവർഷമാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2534 പേർ രണ്ടു തവണ പോസിറ്റീവ് ആയതും ഈ വർഷമാണ്. കോവിഡ് ബാധിതരുടെ എണ്ണം 5.38 ലക്ഷത്തിൽനിന്ന് 40.33 ലക്ഷമായി വർധിച്ചെങ്കിലും വീണ്ടും പോസിറ്റീവ് ആകുന്നവരുടെ എണ്ണം ആനുപാതികമായി വർധിക്കുകയല്ല, കുറയുകയാണു ചെയ്തത്. വീണ്ടും പോസിറ്റീവായവർ കൂടുതലുള്ളതു മലപ്പുറം, കാസർകോട്, പത്തനംതിട്ട ജില്ലകളിലാണ്. കൂടുതലും 20 മുതൽ 30 വരെ പ്രായമുള്ളവരാണെന്നും വ്യക്തമാക്കുന്നു.

വാക്‌സിനേഷനിലെ കാലതാമസവും വർധിച്ച സമ്പർക്കവുമാണു കാരണങ്ങളായി കരുതുന്നത്. ആദ്യം വൈറസ് ബാധിച്ച് 100 150 ദിവസത്തിനുള്ളിലാണു കൂടുതൽപേരും വീണ്ടും പോസിറ്റീവായതെന്നും മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗത്തിൽ ആരോഗ്യ വകുപ്പ് അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നു.

ഒരാളിൽനിന്ന് എത്ര പേരിലേക്കു വൈറസ് ബാധിക്കുന്നുവെന്നതിന്റെ സൂചകമായ റീപ്രൊഡക്ഷൻ ഫാക്ടർ (ആർ ഘടകം) 0.94 ആയി കുറഞ്ഞിട്ടുണ്ട്. ആർ ഘടകം ഒന്നിനു താഴെയാകുന്നതു കോവിഡ് കുറയുന്നതിന്റെ സൂചനയാണ്. ഇപ്പോൾ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ആർ ഘടകം ഒന്നിനു മുകളിലുള്ളത്.

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 52.7% പേരും വാക്‌സീൻ സ്വീകരിക്കാത്തവരാണ്. 27.6% പേർ ഒരു ഡോസ് എടുത്തവരാണ്. 13.1% മാത്രമാണു 2 ഡോസും സ്വീകരിച്ചവരുമാണ്. കോവിഡ് ബാധിച്ചുമരിച്ചവരിൽ 57.6 % പേരും വാക്‌സീൻ എടുക്കാത്തവരാണ്. ഒരു ഡോസ് എടുത്തവർ 26.3 %; രണ്ടു ഡോസും എടുത്തവർ 7.9 ശതമാനമാണ്.

കേരളത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 99% പേർക്കും ആദ്യ ഡോസ് ലഭിച്ചു. ഈ വിഭാഗത്തിലെ 58.54 ലക്ഷം പേരിൽ 58.07 ലക്ഷം പേർക്കും ആദ്യ ഡോസ് നൽകി. ഏകദേശം 47,000 പേരാണു ശേഷിക്കുന്നത്. രണ്ടാം ഡോസ് ലഭിച്ചവർ 39.08 ലക്ഷം 67 %. 45 വയസ്സിനു മുകളിൽ പ്രായമുള്ള 1.29 കോടി പേരിൽ 1.24 കോടി പേർക്കും (96%) ആദ്യ ഡോസ് ലഭിച്ചു. 74.41 ലക്ഷം പേർക്ക് (58 %) രണ്ടാം ഡോസും ലഭിച്ചുകഴിഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകളിൽ 2.08 കോടിയും റാപ്പിഡ് ആന്റിജൻ പരിശോധനയാണ്. 1.29 കോടി മാത്രമാണ് ആർടിപിസിആർ. ഇതുവരെ റിപ്പോർട്ട് ചെയ്ത 45.97 ലക്ഷം കോവിഡ് കേസുകളിൽ 27.49 ലക്ഷവും ആന്റിജൻ പരിശോധനയിലൂടെയാണു കണ്ടെത്തിയത്.