- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16 ദിവസത്തിനിടെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് നേരത്തെ ഒഴിവാക്കിയ 5479 മരണങ്ങൾ; കോവിഡ് മരണ നിരക്ക് 0.66 ശതമാനമായി ഉയർന്നു; കോവിഡിലെ 'തള്ളുകൾ' ഒരോന്നായി പൊളിയുമ്പോൾ
തിരുവനന്തപുരം: കോവിഡിലെ 'തള്ളു'കൾ പൊളിയുകയാണ്. മരണ നിരക്കിലെ മേനി പറച്ചിലും കളവായിരുന്നുവെന്ന് വ്യക്തമാകുകയാണ് ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ. ആരോഗ്യവകുപ്പ് 16 ദിവസത്തിനിടെ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത് നേരത്തെ ഒഴിവാക്കിയ 5479 മരണങ്ങളാണ്.
ഇതിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ചു മരിച്ചെന്ന രേഖകളുണ്ടായിട്ടും പട്ടികയിൽനിന്ന് ഒഴിവാക്കിയവയാണ്. ഇതോടെ ആകെ മരണം 33716 ആയി ഉയർന്നു. പഴയ മരണങ്ങൾ ഉൾപ്പെടുത്തിയതോടെ മരണനിരക്കിലും വൻ വർധനയുണ്ടായി. 0.52 ശതമാനത്തിൽനിന്ന് 0.66 % ആയാണ് മരണനിരക്ക് കൂടിയത്. ഇനിയും കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ മരണ നിരക്ക് ഇനിയും കൂടും. കോവിഡ് മരണങ്ങൾ കുറച്ചു കാണിച്ച് പേരുണ്ടാക്കാൻ കേരളം ശ്രമിച്ചുവെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഇപ്പോഴത്തെ നടപടികൾ.
കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കാനായി ജില്ലകളിൽ നിന്നുള്ള മരണങ്ങൾ സംസ്ഥാന തലത്തിൽ ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന ആറോപണം ശക്തമായിരുന്നു. പല തെളിവുകളും പുറത്തു വന്നു. ഇതിനിടെ കോവിഡിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീംകോടതി നിർദ്ദേശം എത്തി. ഇതിനിടെ മരണ കണക്കിലെ അട്ടിമറി വിവരം തെളിവുകൾ സഹിതം പുറത്തു വന്നു. ഇത് വിവാദമായതോടെ സർക്കാർ പഴയ മരണങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ 22 മുതലാണ് പഴയ മരണങ്ങൾ ദിവസേനയുള്ള കണക്കുകൾക്കൊപ്പം ഉൾപ്പെടുത്തിത്തുടങ്ങിയത്. നേരത്തെ ഒഴിവാക്കിയ 3779 മരണങ്ങളാണ് ഇതുവരെ ഉൾപ്പെടുത്തിയത്. ഇതോടൊപ്പം സുപ്രീം കോടതി നിർദ്ദേശപ്രകാരം ബന്ധുക്കളുടെ അപ്പീൽ പരിഗണിച്ച് 1700 മരണങ്ങളും ഇതുവരെ ഉൾപ്പെടുത്തി. ഏഴായിരത്തിലേറെ മരണങ്ങൾ ജില്ലകളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയതായി ഡിഎംഒമാർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇവ ഒരുമിച്ച് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു പകരമാണ് ദിവസേനയുള്ള കൂട്ടിച്ചേർക്കലുകൾ.
സുപ്രീംകോടതി നിർദ്ദേശ പ്രകാരം കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപയാണ് സർക്കാർ ധനസഹായമായി നൽകുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരിൽ ബിപിഎൽ വിഭാഗത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്കു പ്രതിമാസം 5000 രൂപ വീതം 3 വർഷവും മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കു മാസം 2000 രൂപയും 3 ലക്ഷം രൂപ സ്ഥിരനിക്ഷേപമായും നൽകുന്നുണ്ട്. മാതാപിതാക്കളിൽ ഒരാൾ നേരത്തേ മരിക്കുകയും മറ്റൊരാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്താലും കുട്ടികൾക്കു സാമ്പത്തിക സഹായം ലഭിക്കും.
നിലവിൽ ലഭിക്കുന്ന മറ്റു പെൻഷനുകൾ അയോഗ്യതയാകില്ല. മരിച്ചയാൾ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്താണെങ്കിലും കുടുംബം കേരളത്തിൽ സ്ഥിരതാമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ വരുമാനം നിശ്ചയിക്കുമ്പോൾ മരിച്ചയാളിന്റെ വരുമാനം പരിഗണിക്കരുത്. 50000 രൂപയുടെ ധനസഹായത്തിനായി ഇതുവരെ ലഭിച്ചത് 1655 അപേക്ഷകളാണ്. ബിപിഎൽ കുടുംബസഹായത്തിനായി ഇതുവരെ 267 അപേക്ഷകൾ ലഭിച്ചു.
കോവിഡ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ