- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കണക്ക് റിപ്പോർട്ടു ചെയ്യുന്നതിൽ വീഴ്ച; പ്രതിദിന കണക്കുകൾ പുതുക്കുന്നില്ല; കേരളത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: പ്രതിദിന കോവിഡ് കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളത്തിനു വീഴ്ച സംഭവിച്ചെന്നു കേന്ദ്രസർക്കാർ. സംസ്ഥാന ആരോഗ്യവകുപ്പിനു കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഏപ്രിൽ 13നു ശേഷം അഞ്ച് ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം കണക്കുകൾ സമർപ്പിച്ചതെന്നു കത്തിൽ പറയുന്നു.
ഇതു കേന്ദ്രത്തിന്റെ കോവിഡ് അവലോകനത്തെ ബാധിച്ചു. കണക്കുകൾ സമർപ്പിക്കുന്നതിൽ ഇടവേള വന്നതിനാൽ ഒറ്റദിവസം 90% കൂടുതൽ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 165% കൂടി. തിങ്കളാഴ്ച, 2183 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 940 കേസുകളും കേരളത്തിലാണ്.
കേരളത്തിൽനിന്നുള്ള പഴയ കണക്കുകൾ കൂടി ചേർത്താണ് രാജ്യമാകെയുള്ള കോവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധന കാണിച്ചത്. ഇക്കാര്യം അറിയിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗർവാൾ കേരളത്തിന് കത്തയച്ചു.
കേരളത്തിന്റെ കോവിഡ് കണക്കുകൾ അപ്ഡേറ്റ് ചെയ്യുന്നില്ല എന്ന കാര്യമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഏപ്രിൽ 13-നു ശേഷം കഴിഞ്ഞ അഞ്ചുദിവസം കണക്കുകൾ പുതുക്കിയിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് നൽകിയ കത്തിൽ പറയുന്നത്.
ഏപ്രിൽ 13-നു ശേഷം ഇന്നാണ് കേരളം കണക്കുകൾ പുതുക്കിയത്. ഈ കണക്കുകൾ കൂടി ചേർത്തുകൊണ്ടാണ് രാജ്യത്തെ കോവിഡ് കണക്കുകൾ ഇന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിൽനിന്നുള്ള ഈ കണക്കുകൾ കൂടി ചേർന്നു വരുമ്പോഴാണ് രാജ്യത്ത് കോവിഡ് കേസുകളിൽ ഇന്ന് 90 ശതമാനം വർധന ഉണ്ടായിരിക്കുന്നത്.
കേരളത്തിന്റെ അഞ്ചുദിവസത്തെ കണക്ക് ഇന്ന് പുതുക്കിയതാണ് ഈ പ്രശ്നമുണ്ടാകാൻ കാരണമായതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാദിവസവും കോവിഡ് കണക്കുകൾ പുതുക്കണമെന്ന ആവശ്യകതയാണ് കേന്ദ്രസർക്കാർ കേരള സർക്കാരിനെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
അഞ്ചുദിവസത്തെ കണക്ക് ഒറ്റയടിക്ക് ഒരുദിവസം പുതുക്കി അറിയിക്കുമ്പോൾ അത് ഒരു ദിവസത്തെ വർധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുക. ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കേരളത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനം വിലയിരുത്താനും പുതിയ വകഭേദഗങ്ങൾ സമയബന്ധിതമായി കണ്ടെത്താനും ദിവസേനയുള്ള കണക്കുകൾ അത്യാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനു മാത്രമല്ല, പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതിനും ഇത് ആവശ്യമാണ്. ഇക്കാരണങ്ങളാൽ ദിവസേനയുള്ള കണക്കുകൾ നൽകണമെന്നു കത്തിൽ നിർദേശിക്കുന്നു. കോവിഡ് കേസുകൾ കുറഞ്ഞതിനാൽ മാധ്യമങ്ങൾക്കു കോവിഡ് കണക്കുകൾ നൽകുന്നതു സർക്കാർ അവസാനിപ്പിച്ചിരുന്നു.
ന്യൂസ് ഡെസ്ക്